ദക്ഷിണ കന്നഡ- ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹമ്പനക്കട്ട യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് മുസ്ലിം വിദ്യാര്‍ഥിനികള്‍ കോളേജ് അഡ്മിനിസ്‌ട്രേഷനോട് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.
അഞ്ച് വിദ്യാര്‍ത്ഥികള്‍ മറ്റ് കോളേജുകളില്‍ ചേരുന്നതിന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അനുസൂയ റായി സ്ഥിരീകരിച്ചു. ചില തിരുത്തലുകള്‍ വരുത്തിക്കൊണ്ട് മറ്റൊരു അപേക്ഷ സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കയാണ്. പെണ്‍കുട്ടികള്‍ പുതിയ കത്ത് നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം കോളേജ് മാനേജ്‌മെന്റ് പരിഗണിക്കും.
മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ ബിരുദ കോഴ്‌സുകളുടെ അധ്യാപനം ഓണ്‍ലൈനായി മാറ്റി. ഏതാനും വിദ്യാര്‍ത്ഥികള്‍ ഒഴികെ, കോളേജില്‍ പഠിക്കുന്ന 44 മുസ്ലിം വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.
പി.യു.സി ഫലം പ്രഖ്യാപിച്ചതിനുശേഷം യുജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ ആഴ്ച മുതല്‍ ആരംഭിക്കും. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് മറ്റ് കോളേജുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മംഗളൂരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എസ്. യദപതിതയ നേരത്തെ അറിയിച്ചിരുന്നു.
മുസ്ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മംഗളൂരു നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മെയ് 26 ന് ക്ലാസുകള്‍ ബഹിഷ്‌കരിച്ചിരുന്നു.
ക്ലാസുകളില്‍ ഹിജാബ് ധരിക്കുന്നത് കോളേജ് മാനേജ്‌മെന്റ് നിരോധിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ കോടതിയും സര്‍ക്കാരും ഉത്തരവിട്ടിട്ടും ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിച്ചതില്‍ കോളേജ് മാനേജ്‌മെന്റിനെതിരെ അവര്‍ രോഷം പ്രകടിപ്പിച്ചു.
ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി ഗേള്‍സ് കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധത്തോടെ ആരംഭിച്ച ഹിജാബ് പ്രക്ഷോഭം കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വിഷയം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചതിനു പിന്നാലെ തുടര്‍ന്ന് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ ആചാരമല്ലെന്ന് നിരീക്ഷിച്ച കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജി തള്ളി.
ഇതിനു പിന്നാലെ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി സ്‌കൂളുകള്‍ക്കും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.