തൃശൂര്‍- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ചത്. തൃശൂര്‍ സി.ആര്‍.പി സെക്ഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിനു ഉള്‍പ്പെടെയുള്ള പത്ത് പേരുടെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്. നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കിയിരുന്നു.
ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് അന്വേഷണത്തിനു ശേഷമാണ്. എട്ട് പേര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതുപോലെ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഏഴ് പേര്‍ക്ക് തൃശൂര്‍ ജില്ലക്ക് പുറത്ത് വ്യവസ്ഥകളോടെ നിയമനം നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍വീസില്‍നിന്ന് വിരമിച്ചയാള്‍ക്കെതിരെ നടപടി തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബാങ്കില്‍നിന്ന് നൂറു കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ഒന്നാം പ്രതി ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി. ആര്‍. സുനില്‍ കുമാര്‍, രണ്ടാം പ്രതിയായ മുന്‍ മാനേജര്‍ ബിജു കരീം, മൂന്നാം പ്രതി മുന്‍ അക്കൗണ്ടന്റ് സി.കെ ജില്‍സ്, നാലാം പ്രതി ഇടനിലക്കാരന്‍ കിരണ്‍, അഞ്ചാം പ്രതി കമ്മീഷന്‍ ഏജന്റ് എ.കെ ബിജോയ് ആറാം പ്രതി ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റായിരുന്ന റെജി എം. അനില്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.