മൈതാനത്ത് കളി നടക്കുമ്പോൾ കളിക്കാർ മാത്രമല്ല അതിന്റെ ഭാഗമാവുന്നത്. അത് കാണുന്ന കാണികളും കൂടിയാണ്. കളിക്കാർ അനുഭവിക്കുന്ന തീവ്രമായ ഉൾവേവും, സങ്കടവും, ആഹ്ലാദവും കളി കാണുന്ന കാണികളിലേക്കും പകരുന്ന മനോഹരമായ ആ മാന്ത്രികവിദ്യയാണ് ഫുട്‌ബോളിന്റെ ജീവസ്പന്ദനം
കാൽപന്ത് കളിയെ പോലെ മനുഷ്യഹൃദയങ്ങളെ കീഴടക്കിയ മറ്റെന്ത് കായികവിനോദമുണ്ട് ഈ ലോകത്ത്? ലോകത്തിലെ ഏത് മനുഷ്യനോടും വളരെ ലളിതമായി ഇടപെടാൻ കഴിയുന്നത് കൊണ്ട് തന്നെയാണ് ഫുട്‌ബോൾ എന്ന കളി ഏറ്റവും കൂടുതൽ ആസ്വാദകരുള്ള കായികവിനോദമായി മാറിയത്. ഒരു പക്ഷെ മനുഷ്യനൊപ്പം തന്നെ പിറവി കൊണ്ടത് കൂടിയാവണം ഇത്രയേറെ ആഴത്തിൽ അവന്റെ ചേതനയിൽ അത് കുടി കൊള്ളുന്നതും. മറ്റേതൊരു കായിക ഇനത്തിനും ഫുട്‌ബോൾ പോലെ മനുഷ്യരിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയം, വംശീയത, കണ്ണുനീർ, ആഹ്ലാദം, ദാരിദ്ര്യം, സമ്പത്ത് എന്തിനേറെ വർഗ്ഗവർണ്ണങ്ങളിലെ വേർതിരിവുകൾ ഇതെല്ലാം കാൽക്കീഴിൽ ഉരുളുന്ന പന്തിനൊപ്പം ചലിച്ചിരിക്കുന്നത് ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കാണാനാവും. അത് കൊണ്ട് തന്നെ ഫുട്‌ബോൾ മനുഷ്യന്റെ ജീവിതത്തോട് വളരെ അടുത്ത് നിൽക്കുന്ന തീവ്രമായ ഒരു വികാരം തന്നെയാണ്.
മൈതാനത്ത് കളി നടക്കുമ്പോൾ കളിക്കാർ മാത്രമല്ല അതിന്റെ ഭാഗമാവുന്നത്. അത് കാണുന്ന കാണികളും കൂടിയാണ്. കളിക്കാർ അനുഭവിക്കുന്ന തീവ്രമായ ഉൾവേവും, സങ്കടവും, ആഹ്ലാദവും കളി കാണുന്ന കാണികളിലേക്കും പകരുന്ന മനോഹരമായ ആ മാന്ത്രികവിദ്യയാണ് ഫുട്‌ബോളിന്റെ ജീവസ്പന്ദനം. ഫുട്‌ബോൾ പലപ്പോഴും വിമോചനത്തിന്റെ പാതകളിലൂടെയും ഉരുണ്ടിട്ടുണ്ട്. വെളുത്തവന്റെ ധാർഷ്ട്യത്തിനും മേൽകോയ്മക്കും മേൽ കറുത്തവനും സങ്കരവർഗ്ഗക്കാരനും തങ്ങളുടെ സ്വത്വത്തിന്റെ ചൂടും ചൂരും കൊണ്ട് ആഴത്തിൽ പ്രഹരിച്ച് ആഹ്ലാദിച്ചിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു ഫുട്‌ബോൾ ലോകം തങ്ങളുടെ കാൽക്കീഴിലാക്കിയ സാക്ഷാൽ പെലെയും മറഡോണയുമൊക്കെ. ഫുട്‌ബോളിന് എല്ലാ കാലത്തും സുന്ദരമായ രാഷ്ട്രീയവും സാമൂഹികവുമായ ഒരു മാനമുണ്ട്. അത് കൊണ്ടാണ് ഇതിഹാസതാരം മറഡോണക്ക് ക്യൂബൻ പ്രസിഡന്റായിരുന്ന സാക്ഷാൽ ഫിദൽ കാസ്‌ട്രോയോടുള്ള സൗഹൃദവും മറഡോണയുടെ ഹവാന ചുരുട്ടിനോടുള്ള ഇഷ്ടവും മലബാറിലെ അങ്ങാടികളിൽ വരെ ചർച്ചയായിരുന്നതും. കുറച്ചു കാലങ്ങൾക്ക് മുമ്പ് പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഐവറികോസ്റ്റിലെ ആഭ്യന്തരകലാപങ്ങളും, രാഷ്ട്രീയ അസ്ഥിരതയും ദിദിയർ ദ്രോഗ്ബ എന്ന ലോകമറിഞ്ഞ കളിക്കാരനിലൂടെ കുറച്ചു കാലത്തേക്കെങ്കിലും സമാധാനത്തിന്റെ പാതയിലെത്തിയത് ആ കാലത്ത് അന്തർദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. ഐവറികോസ്റ്റിലെ അന്നത്തെ രാഷ്ട്രീയം എന്തുമാവട്ടെ, പക്ഷെ അതിലെ ഇരു കൂട്ടരെയും കുറച്ചു കാലത്തേക്കെങ്കിലും സമാധാനത്തിന്റെ വഴികളിൽ എത്തിച്ചത് ഫുട്‌ബോളിന്റെ സൗന്ദര്യമായിരുന്നു. ദൂരദിക്കിലുള്ള ഒരു നാട്ടിലെ രാഷ്ട്രീയം കൊച്ചു കേരളത്തിൽ വരെ ചർച്ച ചെയ്യുന്നതിൽ നിന്നും ഫുട്‌ബോൾ മനുഷ്യനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. കരിയറിലെ സുവർണകാലത്ത് വംശീയ അധിക്ഷേപങ്ങളിൽ മനംനൊന്ത് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് പടിയിറങ്ങിയ ജർമൻ മദ്ധ്യനിരയിലെ ഇതിഹാസമായിരുന്ന മെസുത് ഓസിലിനെ വിസ്മരിക്കുന്നില്ല.
എല്ലിൽ പടരുന്ന വൈകാരികത സമ്മാനിക്കുന്ന ഫുട്‌ബോളിന് കുടിയേറ്റങ്ങളുടെയും പലായനങ്ങളുടെയും കഥകളും ഒരുപാട് പറയാനുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയിലെ ലെസാത്തോ പട്ടണത്തിൽ നിന്നും, അക്കാലത്ത് അടിമ കച്ചവടത്തിന്റെ കേന്ദ്രമായിരുന്ന ഉറുഗ്വായ് തലസ്ഥാനമായ മോണ്ടിവീഡിയോയിൽ എത്തിപ്പെട്ട് പിന്നീട് ഒരു അടിമയുടെ മകൻ എന്ന ലേബലിൽനിന്ന് ഉറുഗ്വായ് ദേശീയടീമിന്റെ നെടുംതൂണായി മാറിയ ഇസബെലീനോ ഗ്രാഡിൻ തൊട്ട്, 1998ൽ ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച അൾജീരിയൻ പാരമ്പര്യം പേറുന്ന സാക്ഷാൽ സിനദിൻ സിദാനും, കഴിഞ്ഞ റഷ്യൻ ലോക കപ്പിൽ ചാമ്പ്യന്മാരായ അതേ ഫ്രാൻസിന്റെ മദ്ധ്യനിര ഭരിച്ച മാലി വംശജനായ എൻഗോളോ കാണ്ടെയടക്കം എത്രയോ നിരവധി സാക്ഷ്യങ്ങൾ. അത് പോലെ വംശവർഗങ്ങളുടെ അതിരുകൾ മായിച്ച് മാനവികതയുടെയും മനുഷ്യത്വത്തിന്റെയും കുലീനമായ പല അടയാളങ്ങളും ഫുട്‌ബോൾ മാനവരാശിക്ക് സമ്മാനിച്ചിട്ടുണ്ട്.
പക്ഷെ മനുഷ്യൻ ഇത്ര അഭിനിവേശത്തോടെ ഇടപെടുന്ന കാൽപന്ത് കളിയിലും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭക്കൊതിയുടെ കച്ചവടതാല്പര്യങ്ങൾ കടന്ന് കൂടിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്. കളിക്കാരുടെ മികവിനൊപ്പം അവരുടെ പ്രശസ്തിക്കുമനുസരിച്ച് അവർക്ക് ലഭിക്കുന്ന പ്രതിഫലം ഡോളറിൽ നിന്നും യൂറോയിൽ നിന്നും പൗണ്ടിൽ നിന്നുമൊക്കെ നമ്മുടെ രൂപയിലേക്ക് ചിന്തിക്കുമ്പോഴാണ് അതിന്റെ വലിപ്പം കണ്ട് നമ്മൾ അത്ഭുതം കൂറുന്നത്. ലാഭക്കൊതി, വാണിജ്യവൽക്കരണം എന്നൊക്കെ പറഞ്ഞ് വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും ഫുട്‌ബോൾ അടക്കമുള്ള പല കായിക വിനോദങ്ങളുടെയും നിലനിൽപ്പിന്റെ ആധാരം തന്നെ അതേ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ആണെന്ന യാഥാർത്ഥ്യം മറന്നുകൂടാ. ലോകകപ്പായാലും വൻകരാ ചാമ്പ്യൻഷിപ്പുകളായാലും അതെല്ലാം വിജയകരമായി നടത്തണമെങ്കിൽ ഫിഫയും യുവേഫയുമൊക്കെ ആശ്രയിക്കുന്നത് കോർപ്പറേറ്റ് സ്ഥാപനങ്ങളെ തന്നെയാണ്.
അറബിക്കഥകളുടെ വിസ്മയങ്ങളിലേക്ക്
ഈ വർഷാവസാനത്തോടെ ലോകത്തിലെ ഫുട്‌ബോൾ കമ്പക്കാരുടെ മനസ്സിലേക്ക് ഊദ് പുകച്ച് സുഗന്ധം പരത്താൻ ഒരുങ്ങുകയാണ് ഖത്തർ എന്ന ചെറുരാജ്യം. 21 ലോകകപ്പുകൾക്കിടെ ഒരു തവണ മാത്രമാണ് ഏഷ്യൻ വൻകരക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത്. 2002ലെ ആ ലോകകപ്പിന് ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായിട്ടായിരുന്നു ആതിഥേയത്വം വഹിച്ചത്. പക്ഷേ 20 കൊല്ലങ്ങൾക്ക് ശേഷമുള്ള ലോക മാമാങ്കത്തിന് അമേരിക്കയടക്കമുള്ള വൻ അപേക്ഷകരുടെ കടുത്ത വെല്ലുവിളികൾ മറികടന്നു കൊണ്ടാണ് ഖത്തർ ലോകത്തെ വിസ്മയിപ്പിച്ചത്. ലോകോത്തര നിലവാരമുള്ള 8 മൈതാനങ്ങൾ 100 കിലോമീറ്റർ ദൂരത്തിനുള്ളിൽ നിർമിച്ച് ലോകത്തിന് മുന്നിൽ തുറന്നിട്ടിരിക്കുകയാണ് ഖത്തർ. ലോകകപ്പിനായി തങ്ങളുടെ രാജ്യത്തേക്ക് വരുന്ന ടീമുകൾക്കും വിവിധദേശക്കാരായ
കളിപ്രേമികൾക്കും കടലിലും മരുഭൂമിയിലുമായി അത്ഭുതങ്ങളുടെ പറുദീസയാണ് ഖത്തർ ഒരുക്കി വച്ചിട്ടുള്ളത്. ഇടയ്ക്ക് ഫൗൾപ്ലേയുമായി കോവിഡ് മഹാമാരി വന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് കാണാൻ ലോകത്തെ സ്വാഗതം ചെയ്യുകയാണ് ഖത്തർ. ലോകകപ്പിനായി ഇത്ര നേരത്തെ തയ്യാറായ ഒരു രാജ്യവും ലോകകപ്പിനെ ചരിത്രത്തിൽ ഇല്ലെന്ന് ഫിഫയുടെ പ്രസിഡന്റ് തന്നെ പറയുമ്പോൾ ഒന്നുറപ്പാണ്. അത് അറബിക്കഥയിലെ ആയിരത്തിയൊന്ന് രാവുകൾ പോലെ ഹൃദ്യവും സുന്ദരവുമായിരിക്കും.