റയൽ ജഴ്‌സിയിൽ മറ്റൊരു കളിക്കാരനും ഇത്രയധികം ട്രോഫികൾ സ്വന്തമാക്കിയിട്ടില്ല. 16 സീസണുകളിലായി റയലിന്റെ ഇടതു വിംഗ് ബാക്കിൽ ഈ ബ്രസീലുകാരനുണ്ടായിരുന്നു. വിടവാങ്ങൽ ചടങ്ങിൽ ആ ഓർമകളെല്ലാം ഇരമ്പിയെത്തിയിട്ടുണ്ടാവും. മാഴ്‌സെലോക്ക് സംസാരിക്കാനായില്ല. ഇടക്കിടെ വാക്കുകൾ മുറിഞ്ഞു
കഴിഞ്ഞ തിങ്കളാഴ്ചയാണ് മാഴ്‌സെലൊ വിട ചോദിച്ചത്. വിടവാങ്ങൽ പത്രസമ്മേളനത്തിന് പ്രത്യേകമായ വലിയ മുറി തന്നെ ഒരുക്കേണ്ടി വന്നു റയൽ മഡ്രീഡിന്. 25 ട്രോഫികൾ അണിനിരത്തേണ്ടിയിരുന്നു. റയൽ ജഴ്‌സിയിൽ മറ്റൊരു കളിക്കാരനും ഇത്രയധികം ട്രോഫികൾ സ്വന്തമാക്കിയിട്ടില്ല. 16 സീസണുകളിലായി റയലിന്റെ ഇടതു വിംഗ് ബാക്കിൽ ഈ ബ്രസീലുകാരനുണ്ടായിരുന്നു. വിടവാങ്ങൽ ചടങ്ങിൽ ആ ഓർമകളെല്ലാം ഇരമ്പിയെത്തിയിട്ടുണ്ടാവും. മാഴ്‌സെലോക്ക് സംസാരിക്കാനായില്ല. ഇടക്കിടെ വാക്കുകൾ മുറിഞ്ഞു.
കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തനിക്ക് മാതൃകയായ സ്‌ട്രൈക്കർ റൗൾ ഗോൺസാലസിനെക്കുറിച്ച് പറഞ്ഞപ്പോൾ പലപ്പോഴും മൗനത്തിന്റെ ഇടവേള നീണ്ടു. റൗൾ ഉൾപ്പെടെ പഴയകാലത്തെയും ഇപ്പോഴത്തെയും നിരവധി കളിക്കാർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ആദ്യമായി ഇവിടെയെത്തിയപ്പോൾ താങ്കൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മകൻ എൻസൊ ജനിച്ചപ്പോൾ താങ്കൾ സമ്മാനിച്ച പാരിതോഷികവും ഉപദേശവും ഞാൻ മറക്കില്ല. താങ്കൾ മാത്രമല്ല, താങ്കളുടെ കുടുംബവും എപ്പോഴും സ്‌നേഹം വർഷിച്ചു. താങ്കളുടെ പാത പിന്തുടരാനാണ് ഞാൻ എന്നും ശ്രമിച്ചത്' -മാഴ്‌സെലൊ പറഞ്ഞൊപ്പിച്ചു.
അഞ്ചാമത്തെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയാണ് മുപ്പത്തിനാലുകാരൻ റയലിനോട് വിടപറഞ്ഞത്. ആറ് സ്പാനിഷ് ലീഗ് കിരീടങ്ങൾ നേടിയ ടീമിലുണ്ടായിരുന്നു. നാലു തവണ ക്ലബ് ലോകകപ്പ് സ്വന്തമാക്കി. മൂന്നു തവണ യുവേഫ സൂപ്പർ കപ്പും. രണ്ട് തവണ കോപ ഡെൽറേ ചാമ്പ്യനായി. അഞ്ചു തവണ സ്പാനിഷ് സൂപ്പർ കപ്പുകൾ ഉയർത്തി. ഒപ്പം ബ്രസീൽ ജഴ്‌സിയിൽ കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യനായി. രണ്ട് ഒളിംപിക് മെഡലും നേടി.
'പതിനെട്ടാം വയസ്സിലാണ് ഞാൻ ഇവിടെയെത്തിയത്, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന് കളിക്കുകയെന്ന സ്വപ്‌നവുമായി. അതൊരു സാഹസം തന്നെയായിരുന്നു. ഇന്ന് ഈ ലോകോത്തര ക്ലബ്ബിൽ ഏറ്റവുമധികം ട്രോഫി നേടിയ കളിക്കാരനെന്ന നിലയിലാണ് വിടപറയുന്നത്'.
റയൽ മഡ്രീഡ് എന്നും മാഴ്‌സെലോക്ക് സ്വന്തം വീടാണെന്ന് ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരേസ് പറഞ്ഞു. റയൽ മഡ്രീഡ് ഗോൾഡും ഡയമണ്ട് ലോഗോയും അദ്ദേഹം സമ്മാനിച്ചു. 'ഓരോ കളിയിലും മനസ്സും ആത്മാവും ആത്മാർപ്പണം ചെയ്ത താങ്കളോട് മഡ്രീഡുകാർ കടപ്പെട്ടിരിക്കുന്നു. ബ്രസീലിയൻ പ്രതിഭയും ഗുണവുമാണ് താങ്കളെ വേറിട്ട കളിക്കാരനാക്കിയത്' -അദ്ദേഹം പറഞ്ഞു.
കാർലൊ ആഞ്ചലോട്ടി കോച്ചായി വന്ന ശേഷം മാഴ്‌സെലോക്ക് പ്ലേയിംഗ് ഇലവനിൽ അധികം അവസരമൊന്നും ലഭിച്ചിരുന്നില്ല. രണ്ടു വർഷം കൂടി കളിച്ച ശേഷം വിരമിക്കുകയും റയലിൽ ഏതെങ്കിലും രീതിയിൽ പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് മാഴ്‌സെലോയുടെ ആഗ്രഹം.
ഈ ദിനം സന്തോഷത്തിന്റേതാണ്, സങ്കടത്തിന്റേതല്ല. ബാലനായാണ് ഞാൻ വന്നത്, ആണായാണ് തിരിച്ചുപോവുന്നത് -മാഴ്‌സെലൊ പറഞ്ഞു.