ആളിക്കത്തുന്ന അഗ്നിപഥ്

തൊഴിൽ മേഖലയെ പൂർണമായും കരാർവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സൈന്യത്തിലേക്ക് വരെ എത്തിയിരിക്കുന്നു. സൈനിക സേവനം പോലും വെറുമൊരു കരാർ ജോലിയായി മാറ്റുമ്പോൾ രാജ്യത്തോട് കൂറുപുലർത്തുന്ന മികച്ച സൈനികരെ കണ്ടെത്തുകയെന്നത് പ്രയാസമാകും എന്നതാണ് ആദ്യത്തെ പ്രശ്‌നം. കഠിനമായ പരിശീലനം ആവശ്യമുള്ള ജോലിയിലേക്ക് ഹ്രസ്വകാലത്തേക്ക് എത്തിച്ചേരാൻ, കഴിവുള്ള യുവാക്കൾ താൽപര്യം പ്രകടിപ്പിക്കണമെന്നില്ല.

ഇന്ത്യൻ സൈന്യത്തെ കരാർവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്തെ വലിയ തോതിലുള്ള അക്രമ സംഭവങ്ങളിലേക്ക് നയിക്കുന്നുണ്ട്. ട്രെയിനുകൾ കത്തിക്കലും വെടിവെപ്പും ഉൾപ്പെടെയുള്ള അക്രമ പരമ്പരകളാണ് രാജ്യമാകെ നടന്നുകൊണ്ടിരിക്കുന്നത്. സൈന്യത്തിലേക്ക് ഹ്രസ്വ കാലത്തേക്ക് കരാർ വ്യവസ്ഥയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാനും അതുവഴി പ്രതിരോധ മേഖലയിലെ സാമ്പത്തിക ചെലവ് കുറയ്ക്കാനുമാണ് അഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 
പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയിലുള്ള യുവാക്കളെ നാല്  വർഷത്തേക്ക് കര, നാവിക. വ്യോമ സേനകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനും ഇക്കാലയളവിൽ മികവ് കാട്ടുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്താനുമാണ് സർക്കാർ തീരുമാനം. എതിർപ്പുകളെ തുടർന്ന് ഉയർന്ന പ്രായപരിധി 23 ആയി കഴിഞ്ഞ ദിവസം ഉയർത്തിയിട്ടുണ്ട്. എന്നാൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സേനകളുടെ പോരാട്ട വീര്യത്തെ തകർക്കുമെന്നും സേനകളിലെ ഉള്ളറകൾ അറിയുകയെന്ന ലക്ഷ്യത്തോടെ പലരും ഇതിൽ കയറിപ്പറ്റുമെന്നും അവർ നാലു വർഷത്തിനു ശേഷം ആയുധ പരിശീലനമടക്കം നേടി തിരിച്ചെത്തി രാജ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. 
സേനകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് അവർക്ക് ഇനി മുതൽ സ്ഥിരനിയമനം ഇല്ലാതാകുമെന്നതും തിരിച്ചുവന്നാൽ പോലും മികച്ച ജോലി ലഭിക്കണമെന്നില്ലെന്നതുമാണ് പ്രശ്‌നം. ഇത്തരത്തിലുള്ള നിരവധി വിഷയങ്ങളാണ് സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ ഉയർന്നു വരുന്നത്. പ്രതിരോധ മേഖലയിലെ വിദഗ്ധരും മുൻ സൈനിക ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമടക്കമുള്ളവർ ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്.
തൊഴിൽ മേഖലയെ പൂർണമായും കരാർവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സൈന്യത്തിലേക്ക് വരെ എത്തിയിരിക്കുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. സൈനിക സേവനം പോലും വെറുമൊരു കരാർ ജോലിയായി മാറ്റുമ്പോൾ രാജ്യത്തോട് കൂറുപുലർത്തുന്ന മികച്ച സൈനികരെ കണ്ടെത്തുകയെന്നത് പ്രയാസമാകും എന്നതാണ് ആദ്യത്തെ പ്രശ്‌നം. വളരെ കഠിനമായ പരിശീലനം ആവശ്യമുള്ള ജോലിയിലേക്ക് ഹ്രസ്വകാലത്തേക്ക് എത്തിച്ചേരാൻ കഴിവുള്ള യുവാക്കൾ താൽപര്യം പ്രകടിപ്പിക്കണമെന്നില്ല. പരിശീലനം കഴിയുമ്പോഴേക്കും അവരുടെ കരാർ കാലാവധി കഴിഞ്ഞിരിക്കും.
രാജ്യത്തിനുള്ളിൽ തന്നെ നിരവധി രാജ്യവിരുദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര തീവ്രവാദമാണ് രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി. ഇത്തരം ശക്തികൾ തങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന യുവാക്കളെ സൈന്യത്തിലേക്ക് കരാർ വ്യവസ്ഥയിൽ പോകാൻ പ്രേരിപ്പിക്കുകയും സൈന്യത്തിന്റെ രഹസ്യങ്ങളും തന്ത്രപ്രധാനമായ കാര്യങ്ങളുമെല്ലാം മനസ്സിലാക്കുകയും ആയുധ പരിശീലനമടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ പേരിൽ നേടുകയും ചെയ്യും. ഇത് വളരെ നിസ്സാരമായി കാണേണ്ട കാര്യമല്ല. ഒരു രാജ്യത്തിന്റെയും അവിടുത്തെ  ജനങ്ങളുടെയും സുരക്ഷ ആ രാജ്യത്തെ സൈനികരുടെ കൈയിലാണ്. രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളും ഏറ്റുമുട്ടലുകളും അധിനിവേശവുമെല്ലാം ആഗോള തലത്തിൽ വ്യാപിച്ചു വരികയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രതിരോധ മേഖലയിലുണ്ടാകുന്ന വീഴ്ചകളെ മുതലെടുക്കാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന രാജ്യങ്ങളുണ്ട്. അവർക്ക് അതിനുള്ള ഒരു അവസരം നൽകുന്നതിനായിരിക്കും അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി വഴിയൊരുക്കുക. 
കേവലം നാല് വർഷത്തെ സേവനത്തിനിടയിൽ ഒരു സൈനികന് എന്താണ് രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുകയെന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഒരു സൈനികന് രാജ്യരക്ഷ മേഖലയിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനാകണമെങ്കിൽ ചുരുങ്ങിയത് അഞ്ചോ ആറോ വർഷത്തെ പരിശീലനം വേണമെന്നാണ് സൈനിക മേഖലയിലെ ഉന്നത തസ്തികകളിലും പരിശീലന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ പറയുന്നത്. അത് കണക്കിലെടുത്താൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ സൈന്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എത്തുന്ന സൈനികർ അവരുടെ പരിശീലനം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സൈന്യത്തിൽ നിന്ന് പടിയിറങ്ങേണ്ടി വരുന്നു. അത് യഥാർത്ഥത്തിൽ വലിയ നഷ്ടമാണ് പ്രതിരോധ മേഖലയിൽ സൃഷ്ടിക്കുന്നത്. 
മറ്റു ജോലികളെപ്പോലെയല്ല സൈനിക സേവനം. അതിന് വലിയ തോതിലുള്ള മനഃസാന്നിധ്യവും തീർത്തും പ്രതികൂലമായ അവസ്ഥയിൽ ജോലി ചെയ്യാനുള്ള കരുത്തും രാജ്യസ്‌നേഹവും കുടുംബത്തിൽ നിന്ന് ദീർഘകാലം മാറിനിന്നുകൊണ്ട് രാജ്യത്തിന് വേണ്ടി സേവനം ചെയ്യാനുള്ള ആത്മാർത്ഥതയും ജീവൻ പോലും ത്യജിച്ച് രാജ്യത്തിന് വേണ്ടി പോരാടാനുള്ള  ധൈര്യവുമെല്ലാം ആവശ്യമാണ്. അതുകൊണ്ടാണ് ഒരു സൈനികന്റെ കുടുംബത്തെ രാജ്യം ഒറ്റക്കെട്ടായി സംരക്ഷിക്കുന്നതും അവരെ ചേർത്തുനിർത്തുന്നതും. 
ഒരു വ്യക്തി സൈന്യത്തിൽ ചേരുമ്പോൾ സാമ്പത്തികമായതും അല്ലാത്തതുമായ ഒരുപാട് പരിഗണനകൾ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യം അവർക്ക് അത് നൽകിക്കൊണ്ടിരിക്കുന്നുമുണ്ട്. എന്നാൽ അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിലേക്ക് എത്തിപ്പെടുന്ന ഒരു വ്യക്തിക്ക് അത്തരത്തിലുള്ള യാതൊരു പരിഗണനകളും ലഭിക്കില്ല. ജോലി ചെയ്യുന്നതിനുള്ള നിശ്ചിത പ്രതിമാസ ശമ്പളവും ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള ചില ആനുകൂല്യങ്ങളും നാല് വർഷം കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ ചെറിയ ഒരു തുകയും മാത്രമാണ് വാഗ്ദാനം. പെൻഷനും ഗ്രാറ്റ്വിവിറ്റിയും മറ്റു ആനുകൂല്യങ്ങളും നൽകില്ല. അതായത് മറ്റു മേഖലകളിലുള്ളത് പോലെ തന്നെ ഒരു കരാർ സേവനം മാത്രം. തൽക്കാലത്തേക്ക് ജോലി ചെയ്യുക, പെട്ടെന്ന് പിരിഞ്ഞുപോകുക. 
കരാർ വ്യവസ്ഥയിൽ മറ്റു തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന ഹയർ ആന്റ് ഫയർ സമ്പ്രദായത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല സൈന്യത്തിലെ പുതിയ റിക്രൂട്ടിംഗ് രീതിയെന്ന് ചുരുക്കം. നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തുന്നവർക്ക് പുറത്തുള്ള തൊഴിൽ സാധ്യതകളിൽ വലിയ പ്രതീക്ഷ പുലർത്താനാകില്ല. ഇത്തരം കാര്യങ്ങളാണ് ഉദ്യോഗാർത്ഥികളെ വലിയ രീതിയിൽ ആശങ്കയിലാഴ്ത്തുന്നതും വലിയ പ്രക്ഷോഭങ്ങളിലേക്കും അക്രമ സംഭവങ്ങളിലേക്കും കാര്യങ്ങൾ എത്തിച്ചതും. കരാർ അടിസ്ഥാനത്തിൽ എത്തുന്ന യുവാക്കളുടെ തുടർ വിദ്യാഭ്യാസവും പ്രതിസന്ധിയിലാകുന്ന അവസ്ഥയുണ്ടാകും.പ്രതിരോധ മേഖലയിൽ ഓരോ വർഷവും ഉണ്ടാകുന്ന വലിയ തോതിലുള്ള സാമ്പത്തിക ചെലവ്  നിയന്ത്രിക്കുകയെന്ന ലക്ഷ്യം സൈനിക മേഖലയിലെ കരാർവൽക്കരണത്തിന് പിന്നിലുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. സൈനികർക്കുള്ള പെൻഷനും മറ്റു ആനുകൂല്യങ്ങളുമൊക്കെ വലിയ തോതിൽ വെട്ടിക്കുറയ്ക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 
ലോകത്തിലെ ഏറ്റവും മികച്ച സൈനിക ശക്തിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വികസിത രാജ്യങ്ങളുടെ സൈനിക സന്നാഹങ്ങളോട് കിടപിടിക്കാൻ ഇന്ത്യക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ലോകരാജ്യങ്ങൾ ഇന്ത്യയെ വലിയ തോതിൽ അംഗീകരിക്കുന്നതും. സൈനിക മേഖലയിൽ കരാർ സംവിധാനം നടപ്പാകുന്നതോടെ രാജ്യത്തിന്റെ സൈനിക ശക്തി ഗുണപരമായി വലിയ വെല്ലുവിളികൾ നേരിടും. ഇത് പ്രതിരോധ സംവിധാനത്തെയാകെ താറുമാറാക്കുകയും രാജ്യസുരക്ഷക്ക് വലിയ വെല്ലുവിളി ഉയർത്തുകയും ചെയ്യും. മാത്രമല്ല, നാലു വർഷത്തെ സൈനിക സേവനത്തിന് ശേഷം യുവാക്കളിൽ പലരും സ്വകാര്യ സായുധ സംഘങ്ങളിൽ പ്രവർത്തിക്കുന്ന സാഹചര്യം ഉരുത്തിരിയാനുള്ള സാധ്യതയുമുണ്ട്. ഇടതുപക്ഷ സംഘടനകൾ ഇക്കാര്യം പ്രധാന ആശങ്കയായി ഉയർത്തുന്നുണ്ട്.

Latest News