Sorry, you need to enable JavaScript to visit this website.

പർവത ശിഖരങ്ങളെ പ്രണയിച്ച്..

ഷേക്ക് ഹസ്സൻ ഖാൻ കിളിഞ്ചാരോ പർവതം കീഴടക്കിയപ്പോൾ.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.
ഷേക്ക് ഹസ്സൻ ഖാൻ
ഹസനും കൂട്ടുകാരും എവറസ്റ്റിന് മുകളിൽ


കുട്ടിക്കാലംതൊട്ടേ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഷേക്ക് ഹസ്സൻ ഖാന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഏതു ദുർഘടാവസ്ഥയെയും തരണം ചെയ്യാനുള്ള മനസ്സാണ് ഉയരങ്ങൾ കീഴടക്കാനുള്ള കരുത്തു പകർന്നുകൊടുത്തത്. യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന ഈ ചെറുപ്പക്കാരൻ ഒടുവിൽ ചെന്നെത്തിയത് എവറസ്റ്റിന്റെ നെറുകയിൽ. ഇക്കഴിഞ്ഞ മെയ് പതിനഞ്ചിന് ഇന്ത്യൻ സമയം രാവിലെ 10.30 ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തുകാരനായ ഹസ്സൻ ഖാൻ എവറസ്റ്റിനു മുകളിൽ ഇന്ത്യൻ പതാക ഉയർത്തി. ആ അഭിമാന മുഹൂർത്തത്തിൽ ചുറ്റുമുള്ള പർവതങ്ങൾ പോലും തനിക്കു മുന്നിൽ തലകുനിച്ചുനിൽക്കുകയാണെന്ന് ഈ ചെറുപ്പക്കാരനു തോന്നി.
പന്തളം പൂഴിയക്കാട് മെഡിക്കൽ മിഷൻ കൂട്ടംവെട്ടിയിൽ അലി അഹമ്മദിന്റെയും ഷാഹിദ ഖാന്റെയും രണ്ടു മക്കളിൽ മൂത്തവനായ ഹസ്സൻ ചെറുപ്പത്തിൽ ഒരു സാധാരണ കുട്ടിയായിരുന്നു. കൂരമ്പാല സെന്റ് തോമസ് സ്‌കൂളിലും പന്തളം എൻ.എസ്.എസ് സ്‌കൂളിലുമായിരുന്നു പഠനം. പിന്നീട് പത്തനംതിട്ട മുസ്‌ലിയാർ കോളേജിൽനിന്നും ബി.ടെകും കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽനിന്നും എം.ടെക്കും സ്വന്തമാക്കിയ ഹസ്സന് പത്തനംതിട്ട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലിയും ലഭിച്ചു. 2015 ലാണ് സെക്രട്ടറിയേറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റന്റായി ജോലി ലഭിക്കുന്നത്. അതിനിടയിൽ വിവാഹവും കഴിഞ്ഞു, കുടുംബ ജീവിതവും തുടങ്ങി.
ദൽഹി കേരള ഹൗസിൽ ഡെപ്യുട്ടേഷനിൽ സീനിയർ അസിസ്റ്റന്റായി ജോലിക്കു ചേർന്നതോടെയാണ് ഹസ്സന്റെ മനസ്സിൽ പർവതാരോഹണത്തെക്കുറിച്ചും എവറസ്റ്റ് കീഴടക്കണമെന്ന ചിന്തയും ഉദിക്കുന്നത്. പർവതാരോഹണത്തെക്കുറിച്ച് കൂടുതലറിയാൻ കോഴ്‌സിനു ചേർന്നു. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തര കാശിയിലെ നെഹ്‌റു പർവതാരോഹണ പരിശീലന കേന്ദ്രത്തിൽ ഒരു മാസത്തെ പരിശീലനമുണ്ടായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ വൈവിധ്യമാർന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് എവറസ്റ്റ് കീഴടക്കണമെന്ന ലക്ഷ്യത്തിലേയ്ക്കു നയിച്ചത്. ഇതിനു മുന്നോടിയായുള്ള പഠനത്തിന്റെ ഭാഗമായി പശ്ചിമ സിക്കിമിലെ ഒരു കൊടുമുടിയാണ് ആദ്യം കീഴടക്കിയത്. തുടർന്ന് ടാൻസാനിയയിലെ കിളിമഞ്ചാരോ കൊടുമുടിയും കീഴടക്കി.
എവറസ്റ്റ് കീഴടക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള സഞ്ചാരമായിരുന്നു പിന്നീട് കണ്ടത്. ഒരു സർക്കാർ ജീവനക്കാരൻ എന്നതിലപ്പുറമുള്ള വരുമാന മാർഗമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ എവറസ്റ്റിൽ ദേശീയ പതാക വീശണമെന്നും കുട്ടികൾ വരച്ച ചിത്രങ്ങൾ അവിടെ പ്രദർശിപ്പിക്കണമെന്നും ദേശീയ ഗാനം ആലപിക്കണമെന്നുമുള്ള മൂന്നു സ്വപ്‌നങ്ങളായിരുന്നു ഹസ്സന്റെ മനസ്സിൽ നിറഞ്ഞുനിന്നത്. കേരളത്തിലെ പതിനാലു ജില്ലകളിലെ വിദ്യാർഥികൾക്കിടയിൽ മലകയറ്റം വിഷയമാക്കി നടത്തിയ മത്സരത്തിൽ വിജയിച്ച ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്.
പിന്നീടു നടന്ന സംഭവം ഹസ്സൻ തന്നെ പറയട്ടെ: മുപ്പതു ലക്ഷം രൂപയായിരുന്നു ചെലവിനത്തിൽ കണ്ടെത്തേണ്ടിയിരുന്നത്. എവറസ്റ്റിൽ കയറുന്നതിനുള്ള വേഷവിധാനങ്ങളും ഉപകരണങ്ങളും യാത്രാച്ചെലവിനുമായിരുന്നു ഈ തുക. സ്‌പോൺസർമാരെ കണ്ടെത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചെങ്കിലും നിരാശയായിരുന്നു ഫലം. വ്യക്തിഗത ലക്ഷ്യങ്ങൾക്ക് സഹായം അനുവദിക്കാൻ വകുപ്പില്ലെന്നായിരുന്നു മറുപടി. സംഭവമറിഞ്ഞ് ഭാര്യ ഖദീജാറാണി വിവാഹ ആഭരണങ്ങൾ പണയപ്പെടുത്താൻ നൽകി. പത്തു ലക്ഷം രൂപയാണ് അങ്ങനെ സ്വരൂപിച്ചത്. കൂടാതെ പന്തളം കെ.എസ്.എഫ്.ഇ ഓഫീസിലെത്തി ഇരുപതു ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നു. ചിട്ടി ഉടനെ പിടിച്ചാൽ തുക കുറയുമെന്നുള്ളതിനാൽ പന്തളത്തെ ബാങ്കുകളിൽനിന്നും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സൊസൈറ്റിയിൽനിന്നുമായി ഇരുപതു ലക്ഷം സംഘടിപ്പിച്ചു. നാൽപത് സുഹൃത്തുക്കൾ ചേർന്ന് ഇരുപത്തയ്യായിരം രൂപ നൽകിയാണ് പത്തു ലക്ഷം തികച്ചത്. മുഴുവൻ കടക്കെണിയിലാക്കിയായിരുന്നു ഹസ്സൻ എവറസ്റ്റ് ആരോഹണത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. തുക കണ്ടെത്തിയതോടെ യാത്രക്കുള്ള ഒരുക്കങ്ങളായി. മാർച്ച് 31 നായിരുന്നു നാട്ടിൽനിന്നും യാത്ര തിരിച്ചത്. ലഡാക്കിലെ 7135 മീറ്റർ ഉയരമുള്ള മൗണ്ട് നീണിലെ പരിശീലനത്തിനു ശേഷമായിരുന്നു പതിമൂന്നംഗ സംഘത്തിനൊപ്പം യാത്ര തുടങ്ങിയത്. ഏപ്രിൽ ഒന്നിന് കാട്മണ്ഡുവിലെത്തി. ബേസ് ക്യാമ്പിലായിരുന്നു ആദ്യം തങ്ങിയത്. ബേസ് ക്യാമ്പിൽനിന്നും ക്യാമ്പ് ഒന്നിലേക്കുള്ള യാത്ര ദുർഘടം നിറഞ്ഞതായിരുന്നു. കനത്ത മഞ്ഞുവീഴ്ച കടന്നായിരുന്നു അവിടെയെത്തിയത്. മുന്നിൽ പോപ്‌കോൺ അടുക്കിവെച്ചതു പോലുള്ള മഞ്ഞുപാളികൾ. ഏതു സമയത്തും ക്രമീകരണം മാറാവുന്ന തരത്തിലായിരുന്നു അതിന്റെ നിൽപ്. ഇടക്ക് ഐസ് പാളികൾ പൊട്ടുന്നതു കേൾക്കുമ്പോൾ എല്ലു പൊട്ടുകയാണെന്നു ഭയപ്പെട്ടുപോകും. യാത്രക്കിടയിൽ കുഴികളുണ്ടാകും. ചില കുഴികൾ ചാടിക്കടക്കാനാവില്ല. അതിനു മുകളിലെ ഏണിയിലൂടെ വേണം കടന്നുപോകാൻ. രാത്രിയിലെ കടുത്ത തണുപ്പും പകലത്തെ കനത്ത ചൂടുമായിരുന്നു മറ്റൊരു വെല്ലുവിളി.
ക്യാമ്പ് ടു ആയിരുന്നു അടുത്ത ലക്ഷ്യം. ആറു കിലോ ഭാരമുള്ള ബൂട്ട് ധരിച്ചുള്ള അനന്തമായ യാത്രയാണ് ക്യാമ്പ് ടുവിലേക്കുണ്ടായിരുന്നത്. പലപ്പോഴും മടങ്ങിപ്പോരാൻ തോന്നും.
നാട്ടിലെ കടവും എവറസ്റ്റിനു മുകളിൽ ദേശീയ പതാക പാറിക്കണമെന്ന മോഹവുമാണ് ഓരോ അടിയും മുന്നോട്ടു വെയ്ക്കാൻ പ്രേരിപ്പിച്ചത്. ചായയും നൂഡിൽസും റൈസുമായിരുന്നു ക്യാമ്പ് ടുവിലെ ഭക്ഷണം. എന്നാൽ അവിടെെവച്ചാണ് ആരോഗ്യം മോശമായത്. പർവതാരോഹകർക്ക് ബാധിക്കുന്ന ഒരു ചുമ എന്നെയും ബാധിച്ചു. ചുമച്ചപ്പോൾ കഫത്തോടൊപ്പം രക്തവും കണ്ടതോടെ സംഭവം ന്യൂമോണിയയാണെന്നു മനസ്സിലായി. അതോടെ ബേസ് ക്യാമ്പിലേയ്ക്കു മടങ്ങി ചികിത്സ തുടങ്ങി. രോഗം ഭേദമായാണ് വീണ്ടും മറ്റൊരു സംഘത്തോടൊപ്പം യാത്ര തുടർന്നത്.
ദിവസങ്ങൾ നീണ്ട നടത്തം. ഒടുവിൽ ക്യാമ്പ് മൂന്നും നാലും പിന്നിട്ടു. കൈവശമുണ്ടായിരുന്ന ചോക്ലേറ്റിൽനിന്നുളള ഊർജമായിരുന്നു മുന്നോട്ടു നയിച്ചത്. വെള്ളം ചൂടാക്കിയെടുക്കണമെങ്കിൽ തന്നെ നാൽപതോളം മിനിട്ടെടുക്കും. മൂന്നാമത്തെ ക്യാമ്പ് മുതൽ ഓക്‌സിജൻ മാസ്‌ക് നിർബന്ധമാണ്. അതുകൊണ്ടു തന്നെ ആരും ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കില്ല. എങ്ങനെയെങ്കിലും മുകളിലെത്തുക എന്ന ചിന്തയിലായിരിക്കും എല്ലാവരും.
നാലാമത്തെ ക്യാമ്പിൽനിന്നും രാത്രി 8.30 ന് യാത്ര തുടങ്ങി. രാത്രി 1.30 ആയപ്പോൾ തന്റെ ഓക്‌സിജൻ മാസ്‌കിന് എന്തോ കുഴപ്പം സംഭവിച്ചതായി തോന്നി. ഗൈഡായ ഷേർപ താഴെയായിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായതയുടെ നിമിഷങ്ങൾ. ഓക്‌സിജൻ കിട്ടാതായതോടെ ഞാൻ നിലത്തു കിടന്നു. കൈകാലുകൾ മരവിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. തന്റെ മുന്നിലൂടെ കടന്നുപോകുന്നവരോട് ഓക്‌സിജൻ മാസ്‌കുണ്ടോ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ ആരും ശ്രദ്ധിച്ചില്ല. കാരണം സ്വന്തം മാസ്‌ക് ആരും മറ്റൊരാൾക്ക് നൽകില്ലല്ലോ. എല്ലാവർക്കും അവരവരുടെ ജീവനല്ലേ വലുത്. ഒടുവിൽ മുകളിൽനിന്നും മറ്റൊരു ഷേർപ ഞാൻ താഴെ കിടക്കുന്നത് കണ്ടു. അദ്ദേഹം ഓടിയെത്തി ഓക്‌സിജൻ മാസ്‌ക് തന്നു. മാസ്‌ക് ധരിച്ച് ആദ്യമായി ശ്വാസമെടുത്തത് മറക്കാനാവില്ല. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഓർത്തെടുക്കുകയായിരുന്നു ഹസ്സൻ.
ശ്വാസോഛ്വാസം ക്രമാനുഗതമായപ്പോൾ വീണ്ടും യാത്ര തുടർന്നു. അടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നത് ഹിലാരി സ്‌റ്റെപ്പിലെത്തിയപ്പോഴായിരുന്നു. സമയം രാവിലെ 7.30. മൂന്നു മണിക്കൂർ കൂടി നടന്നാൽ മുകളിലെത്താം. ആവേശത്തോടെയുള്ള യാത്രക്കിടെ ഒരു കുമ്മായക്കല്ലിൽ ചവിട്ടി നേരെ താഴേക്ക് ഊർന്നുപോയി. ചവിട്ടിനിന്നത് വർഷങ്ങൾ പഴക്കമുള്ള ശവശരീരത്തിൽ. കൈയിൽ കിട്ടിയ ഒരു വള്ളിയിൽ പിടിച്ച് വീണ്ടും മുകളിലേക്ക് കയറിത്തുടങ്ങി. അതിനിടയിൽ ഇടത്തെ കാലിലെ ക്രാംപോൺ നഷ്ടമായിരുന്നു. എങ്കിലും ദുർഘടങ്ങളെയെല്ലാം അതിജീവിച്ച് രാവിലെ 10.30 ന് എവറസ്റ്റിനു മുകളിലെത്തി. മുപ്പതടി നീളവും ഇരുപത് അടി വീതിയുമുള്ള ദേശീയ പതാക ഉയർത്തി. എവറസ്റ്റിനു മുകളിൽ കൊടുങ്കാറ്റായതിനാൽ ചിത്രങ്ങളെല്ലാം ബേസ് ക്യാമ്പിലാണ് പ്രദർശിപ്പിച്ചത്.
യാത്ര തിരിക്കുമ്പോൾ പതിമൂന്നു പേരുണ്ടായിരുന്നെങ്കിലും അവരിൽ ഏഴുപേർ മാത്രമാണ് എവറസ്റ്റിനു മുകളിലെത്തിയത്. ബാക്കിയുള്ളവർ പലരും പല ക്യാമ്പുകളിൽനിന്നും പിന്മാറുകയായിരുന്നു. ഇവരിൽകേരളത്തിൽനിന്നും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -ഹസ്സൻ പറയുന്നു.
ഏഴു ഭൂഖണ്ഡങ്ങളിലെയും പർവതങ്ങൾ ഓരോന്നായി കീഴടക്കുകയാണ് ഇനിയുള്ള ലക്ഷ്യം. അടുത്ത ഡിസംബറിൽ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ കീഴടക്കണമെന്നാണ് മോഹം. അവിടെയും സാമ്പത്തിക പ്രശ്‌നമാണ് തരണം ചെയ്യാനുള്ളത്. നാൽപതു ലക്ഷത്തോളം രൂപ ചെലവു വരും. കാരണം ഒരു ഉൾനാടൻ പ്രദേശത്താണ് ഈ പർവതം സ്ഥിതി ചെയ്യുന്നത്. സ്വന്തമായി വിമാനം ചാർട്ട് ചെയ്തു വേണം യാത്ര തിരിക്കാൻ. കൂടാതെ സൗത്ത് അമേരിക്കയിലെ അക്കൻ ഗാഗുവ, നോർത്ത് അമേരിക്കയിലെ മൗണ്ട് ദെനാലി, യൂറോപ്പിലെ മൗണ്ട് എൽബ്രൂസ്, റഷ്യയിലെ മൗണ്ട് എൽബ്രൂസ്, ഏഷ്യ ഓഷ്യാനിയ റീജണിലെ പുഞ്ചാക് ജയ എന്നിവയാണ് ഇനി ലക്ഷ്യമിടുന്നത്. ഇതിനെല്ലാം മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ മാത്രമേ ചെലവ് പ്രതീക്ഷിക്കുന്നുള്ളൂവെന്നും ഹസ്സൻ പറയുന്നു. 2023 ഓഗസ്റ്റ് പതിനഞ്ചിനു മുൻപ് ഈ പർവതങ്ങളെല്ലാം കീഴടക്കണമെന്നാണ് മോഹം.
സെക്രട്ടറിയേറ്റിൽ ധനകാര്യ വകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായി ജോലി നോക്കുന്ന ഹസ്സൻ പർവതാരോഹണവുമായി ബന്ധപ്പെട്ട് ഈ മാസം ഇരുപതു വരെ അവധിയിലാണ്. യാത്രകളിലൂടെ ലഭിക്കുന്ന ഊർജം മറ്റുള്ളവരിലേക്കു പകർന്നു നൽകാനും ഇദ്ദേഹം ഒരുക്കമാണ്. സ്‌കൂൾ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചും ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യം പകർന്നും സമൂഹത്തിൽ തന്റേയായ സ്വാധീനം ചെലുത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. യാത്രകൾക്ക് മാതാപിതാക്കളുടെയും ഭാര്യയുടെയും മകൾ ജഹനാര മറിയത്തിന്റെയും തികഞ്ഞ പിന്തുണയാണുള്ളതെന്നും ഹസ്സൻ കൂട്ടിച്ചേർക്കുന്നു. ഷേക്ക് ഹസ്സന്റെ ഫോൺ നമ്പർ: 9895130140

Latest News