Sorry, you need to enable JavaScript to visit this website.
Saturday , August   13, 2022
Saturday , August   13, 2022

ജീവിതം കൊണ്ട് കവിത രചിക്കുന്ന ജയൻ മടിക്കൈ

ജയൻ മടിക്കൈ കുടുംബത്തോടൊപ്പം.
സഹകരണ മന്ത്രി വി.എൻ. വാസവൻ 'പത്താളെ ചെമ്പ്' പ്രകാശനം ചെയ്യുന്നു.

ജീവിതം കൊണ്ട് കവിത രചിക്കുന്ന പ്രവാസി കലാകാരനാണ് ജയൻ മടിക്കൈ. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്തുള്ള മടിക്കൈ സ്വദേശിയായ ജയൻ കോളേജ് കാലത്ത് കുറച്ചൊക്കെ കഥകളും കവിതകളുമൊക്കെ കുത്തിക്കുറിക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നെങ്കിലും ജീവിതായോധനത്തിനായി പ്രവാസ ലോകത്തെത്തിയതോടെ എഴുത്തും വായനയുമൊക്കെ ഏറെക്കുറെ അസ്മതിക്കുകയായിരുന്നു. എന്നാൽ കോവിഡ് കാലം സൃഷ്ടിച്ച ഏകാന്തതയും ഒഴിവ് സമയവും ഈ ചെറുപ്പക്കാരനിലെ ഉറങ്ങിക്കിടന്ന സർഗവാസനകളെ തൊട്ടുണർത്തുകയായിരുന്നുവെന്നു വേണം കരുതാൻ.
കോവിഡിന്റെ ഭീഷണമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് കഴിഞ്ഞ പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സജീവമാക്കുന്നതിനായി ടിക് ടോക് ചെയ്ത് തുടങ്ങിയാണ് ജയൻ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായത്. അതിനിടയിലാണ് ഒരു ചെറിയ പാട്ട് പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആ പാട്ടിന് ലഭിച്ച പിന്തുണയും പ്രതികരണങ്ങളും ജയനിൽ ഒളിഞ്ഞുകിടന്നിരുന്ന കാവ്യ ഭാവന ഉണർത്തുകയും സജീവമായി എഴുതാൻ വഴിയൊരുക്കുകയും ചെയ്തു. തങ്ങളുടെയൊക്കെ മനസ്സിലെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞ് ജയൻ കുറിച്ച 'കൂട്ടുകാർക്കായ്' എന്ന ഗാനം ഏറെ സ്വീകരിക്കപ്പെടുകയും എല്ലാവരും അഭിനന്ദിക്കുകയും ചെയ്തതോടെ ജയനിലെ എഴുത്തുകാരന് ആത്മവിശ്വാസം വർധിക്കുകയും പ്രവാസ ജീവിതത്തിന്റെ ഓരോ അനുഭവങ്ങളും കവിതകളാക്കി ജീവിതം കൊണ്ട് കവിത രചിക്കുന്ന കലാകാരനായി മാറുകയും ചെയ്തത് വളരെ കുറഞ്ഞ കാലം കൊണ്ടാണ്. 
ഓരോ മനുഷ്യന്റെയും ജീവതാളം നിയന്ത്രിക്കുന്ന പ്രധാന ശക്തികളായ അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും ജയൻ എഴുതിയ കവിതകൾ ഏറെ ശ്രദ്ധേയമാണ്. ജീവന്റെ തുടിപ്പുകളും ക്രിയാത്മക ചലനങ്ങളുമെന്ന പോലെ വൈകാരികതയും അടയാളപ്പെടുത്തുന്ന ഈ രണ്ട് പാട്ടുകളും സഹൃദയ ലോകം ഏറ്റെടുക്കുകയായിരുന്നു. അമ്മയെക്കുറിച്ചുള്ള പാട്ട് വിപിനും അച്ഛനെക്കുറിച്ചുള്ള പാട്ട് കാർത്തികയുമാണ് ആലപിച്ചത്.
ജോ ആന്റ് ജി മീഡിയയുടെ ബാനറിൽ ദിപു ജോസഫ് നിർമിച്ച് മീഡിയ പ്ലസ് കലാകാരൻ ജോജിൻ മാത്യു സംഗീതവും സംവിധാനവും നിർവഹിച്ച അച്ഛനമ്മമാർക്കുള്ള സംഗീത സമർപ്പണമായ 'അമ്മയും അച്ഛനും' മ്യൂസിക്കൽ ആൽബത്തിന്റെ വരികളും ജയൻ മടിക്കൈയുടേതായിരുന്നു. തന്റെ നാട്ടിലെ അമ്പല കമ്മറ്റിക്കായി ജയൻ വരികളെഴുതി 'സ്തുതിഗീതം' എന്ന പേരിൽ പുറത്തിറക്കിയ ഭക്തിഗാന ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ട രചനയാണ്. റിവേഴ്‌സ് ഗിയർ മാഗസിൻ സംസ്ഥാന തലത്തിൽ കവിത രചനയിൽ സമ്മാനം നേടിയതാണ് തന്റെ കന്നി പുസ്തകത്തിന്റെ പിറവിക്ക് കാരണമായത്. 'പത്താളെ ചെമ്പ്' എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് റിവേഴ്‌സ് ഗിയർ പ്രിന്റ് മീഡിയയായിരുന്നു.
മടിക്കൈയിൽ കർഷകനായിരുന്ന പരേതനായ കുഞ്ഞിരാമന്റെയും കുഞ്ഞമ്മയുടെയും പത്തു മക്കളിൽ ഇളയവനായ ജയൻ തന്റെ ജീവിത യാത്രയുടെ ഏറെ ഹൃദ്യമായ ഒരേടാണ് പത്താളെ ചെമ്പ് എന്ന പുസ്‌കത്തിൽ വരച്ചുവെക്കുന്നത്. ജീവിതഗന്ധിയായ കഥകളും കവിതകളും ഓർമക്കുറിപ്പുകളും സവിശേഷമാക്കുന്ന ഈ രചന വളർന്നുവരുന്ന ഒരെഴുത്തുകാരന്റെ കന്നിയങ്കത്തിന്റെ എല്ലാ ഗുണഗണങ്ങളും പ്രദർശിപ്പിക്കുന്നുണ്ടെന്ന് ആദ്യവായനയിൽ തന്നെ ബോധ്യമാകും.
തന്റെ കഥകളിലെ നായകനും വില്ലനുമായ അച്ഛനാണ് ജയൻ തന്റെ ആദ്യ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. പുസ്തകത്തിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്ന ജീവിതത്തിന്റെ നേർസാക്ഷ്യമായി ഈ സമർപ്പണം വിലയിരുത്തപ്പെടാം.
പത്താളെ ചെമ്പ് എന്നാൽ എല്ലാവർക്കും അവകാശപ്പെട്ട മുതൽ എന്നാണർഥം. അത് വീട്ടിലെ പത്താമനായി പിറന്ന ജയന് കിട്ടിയ വിശേഷണമാണ് എന്നത് ഈ അനുഭവക്കുറിപ്പിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു.
പുസ്തകം പുറത്തിറങ്ങിയ ശേഷമുള്ള പ്രതികരണങ്ങൾ ആശാവഹമാണ്. സാധാരണക്കാരായ വായനക്കാരുടെ ജീവിതവുമായി ബന്ധമുള്ള ഒരെഴുത്ത്. വൃത്തവും അലങ്കാരവും തേടി വരുന്നവർക്ക് വൃത്തിയുള്ള ഒന്നും തന്റെ വരികളിൽ കാണാനായെന്ന് വരില്ല. എന്നാൽ ജീവിതാനുഭവങ്ങളുടെ നേർചിത്രമായി പലർക്കും തോന്നാവുന്ന പലതും ഈ പുസ്തകത്തിലുടനീളം കാണാനാകുമെന്നാണ് ജയൻ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നത്.
താമസിയാതെ തന്നെ ഒരു നോവൽ, ഒരു കഥ സമാഹാരം, ഒരോർമക്കുറിപ്പ് എന്നിവ സാക്ഷാൽക്കരിക്കണമെന്നാണ് ഈ കലാകാരന്റെ സ്വപ്‌നം. 
അശ്വതിയാണ് ഭാര്യ. തേജസ്വിനി, അശ്വത് എന്നിവർ മക്കളാണ്. സരോജിനി, സുമതി, ലക്ഷ്മി, ചന്ദ്രൻ, വിജയൻ, രാമചന്ദ്രൻ, ചന്ദ്രമതി, നാരായണൻ, സുജാത എന്നിവർ കൂടപ്പിറപ്പുകളാണ്. 12 വർഷം യു.എ.ഇയിൽ പ്രവാസിയായിരുന്ന ജയൻ കഴിഞ്ഞ 5 വർഷമായി ഖത്തർ പ്രവാസിയാണ്. ഖത്തറിന്റെ കലാസാംസ്‌കാരിക പാരമ്പര്യങ്ങളും പരിസരങ്ങളും ഈ കലാകാരനിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട സൃഷ്ടികൾ പിറവിയെടുക്കുന്നതിന് കാരണമാകുമെന്ന് നമുക്കാശിക്കാം.
സദ്ഭാവന ബുക്‌സിന്റെ പണ്ഡിറ്റ് കറുപ്പൻ പ്രതിഭ പുരസ്‌കാരം ജയൻ മടിക്കൈ എന്ന യുവ എഴുത്തുകാരന്റെ വളർച്ചയുടെ തൊപ്പിയിലെ പൊൻതൂവലാണ്.

Latest News