Sorry, you need to enable JavaScript to visit this website.

കിതച്ചോടുന്നവരേ,  ഹൂഗാ

ചിലരെ കണ്ടിട്ടില്ലേ? എത്ര മാത്രം തിരക്കാണവർക്ക്! തീരദേശത്തിനടുത്താണ് താമസമെങ്കിലും ഒരിക്കൽ പോലും കടൽക്കാറ്റത്ത് ഇത്തിരി നേരം ചെന്നിരുന്നുല്ലസിക്കാനവർക്ക് നേരം കിട്ടാറില്ല. ഒരു പൂനിലാരാത്രി കൺകുളിർക്കേ കണ്ടാസ്വദിക്കാനോ ഒരു പൂവിന്റെ ചന്തം നുകരാനോ കഴിയാറില്ല. അൽപനേരമെങ്കിലും കണ്ണടച്ചിരുന്ന് മഴയുടെ സംഗീതത്തിന് കാതോർക്കാത്തവർ. പ്രിയപ്പെട്ടവരോടൊത്ത് ഒരു നേരത്തെ ഭക്ഷണമെങ്കിലും രുചിയോടെ കഴിക്കാൻ പോലും നേരമില്ലാത്ത ഭാഗ്യഹീനരാണവർ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
മക്കളുടെ കിന്നാരങ്ങൾ കേൾക്കാനും ജീവിത സഖിയുടെ സ്‌നേഹ ലാളനകളിൽ അറിഞ്ഞാറാടാനും നേരം കിട്ടാത്ത നെട്ടോട്ടത്തിലാണവർ. ആർക്കൊക്കെയോ വേണ്ടി, എന്തിനെല്ലാമോ വേണ്ടി ഗതി കിട്ടാതെ അവർ രാപ്പകൽ ഭേദമെന്യേ ഓടിക്കൊണ്ടിരിക്കുകയാണ്. ഓർത്ത് നോക്കിയാൽ, ഇങ്ങനെ ഇണയെയും മക്കളെയും മാതാപിതാക്കളെയും പ്രകൃതി സൗന്ദര്യങ്ങളെയുമെല്ലാം പാടെ അവഗണിച്ച് പൊറുതി കിട്ടാതെ പലതിന്റെയും പിന്നാലെ കിതച്ചോടിക്കൊണ്ടിരിക്കുന്ന പലരും ഒടുവിൽ ആപതിക്കുന്നത് കടുത്ത നിരാശയുടെയും വിഷാദത്തിന്റെയും കയത്തിലായിരിക്കും. കാരണം, എന്തിന് വേണ്ടിയൊക്കെയാണോ ശരണരഹിതമായി പരക്കം പാഞ്ഞത്, അതൊക്കെ മരീചിക പോലെ പ്രലോഭിപ്പിച്ച് കൈപ്പിടിയിലൊതുങ്ങാതെ അകന്നകന്നു പോവും. അതിനിടയിൽ ജീവിതത്തിലെ അതിപ്രധാനവും അമൂല്യമായതുമായ പലതും ഇവർക്ക് തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെടുകയും ചെയ്തിരിക്കും. വിഹിതവും അവിഹിതവുമായ പല വഴികളിലൂടെയും ഇവർ വാരിക്കൂട്ടിയ സമ്പാദ്യങ്ങൾ, സൗകര്യങ്ങൾ, ഭൗതിക വിഭവങ്ങൾ ഇവയൊക്കെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ള മനസ്സമാധാനവും മനോഭാവവും അപ്പോഴേക്കും ഇവർക്ക് കൈമോശം വന്നിട്ടുണ്ടാവും. കാലാന്തരത്തിൽ ഇത്തരക്കാർ ഒന്നുകിൽ ഇണയുമായി പിണക്കത്തിലായിരിക്കും; മക്കളുമായി കലഹത്തിലായിരിക്കും; അതല്ലെങ്കിൽ ശാരീരികമായ അവശതയിലായിട്ടുണ്ടാവും.
മെച്ചപ്പെട്ട ജീവിതം നയിക്കാൻ വേണ്ടി പൊരുതുന്നതിനിടയിൽ ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നവരാണവർ. തിരക്കുകളെല്ലാം മാറ്റിവെച്ച് സ്വന്തത്തോടൊത്ത്, കുടുംബത്തോടൊത്ത് ചിലപ്പോൾ കൂട്ടുകാരോടൊത്ത്, പ്രകൃതിയോടൊത്തൊക്കെ തെല്ലിട മാറിയിരിക്കാൻ, ഒഴിഞ്ഞിരിക്കാൻ ബോധപൂർവം സമയം കണ്ടെത്തുന്നവർ അനുഭവിക്കുന്ന ജീവിതാനന്ദം ഒന്ന് വേറെ തന്നെയാണ്. സന്തോഷ ജീവിതത്തിന്റെ പേരിൽ അടുത്ത കാലത്ത് ശ്രദ്ധ നേടിയ ഡെൻമാർക്കുകാർക്കിടയിൽ ഇത്തരം ഒഴിഞ്ഞിരുത്തത്തിനും ഉല്ലാസത്തിനും ഹൂഗാ എന്ന ഒരു പ്രത്യേക പദം തന്നെ പ്രചാരത്തിലുണ്ട്. 2017 ലാണ് ഈ ഡാനിഷ് പദം ലോകശ്രദ്ധ നേടുന്നത്. വിശേഷിച്ച് ഒരു പരിഭാഷ സാധ്യമല്ലാത്ത ഈ പദം ഡാനിഷ്, നോർവീജിയൻ ഭാഷകളിൽ സൂചിപ്പിക്കുന്നത് ഹൃദ്യമായ ദൈനംദിന ഒത്തിരിക്കൽ; സുരക്ഷ, സമത്വം, ആത്മ നിർവൃതി, സ്വതഃസിദ്ധമായ സാമൂഹ്യ പാരസ്പര്യം തുടങ്ങിയ സുഖകരവും ഉൽക്കൃഷ്ടവുമായ ദൈനംദിന അനുഭവം എന്നൊക്കെയാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നടത്തുന്ന ഇത്തരം ലളിതവും ഹൃദ്യവും ഉല്ലാസകരവുമായ സമാന ഒഴിഞ്ഞിരുത്തങ്ങൾ സൂചിപ്പിക്കുന്ന പദങ്ങൾ മറ്റു ഭാഷകളിലും കാണാവുന്നതാണ്. ഉദാഹരണത്തിന് ജാപ്പനീസ് ഭാഷയിൽ മത്താരി, സ്വീഡിഷ് ഭാഷയിൽ മൈസിഗ് എന്നീ പദങ്ങൾ ഇതേ ആശയങ്ങളെയാണ് സൂചിപ്പിക്കുന്നത്.
വീട്ടിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുമ്പോഴോ വെളിയിൽ ഉന്മേഷദായകമായ നടത്തം ആസ്വദിക്കുമ്പോഴോ പുസ്തക വായനയിലോ ചർച്ചയിലോ ഏർപ്പെടുമ്പോഴോ ഒക്കെ ഹൂഗാ എന്ന അനുഭൂതി വിശേഷത്തിലായിരിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. തണുപ്പുകാലത്ത് പുതപ്പ്, ചായ എന്നിവയുമായി പ്രകൃതി ആസ്വദിക്കുമ്പോഴും ഹൂഗാ അനുഭവപ്പെടാം. നല്ല അന്നപാനീയങ്ങൾ, മെഴുകുതിരികൾ, തീക്കായുന്നിടം എന്നിവ ഈ ആശയവുമായി അവർ ബന്ധപ്പെടുത്തുന്ന പ്രധാനപ്പെട്ട മൂന്ന് ഇനങ്ങളാണത്രേ. 
ഈ നേരങ്ങളിൽ അവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുന്നതായും പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളായി ഡാനിഷുകളെ യു.എൻ കണക്കാക്കുന്നതിന്റെ ഒരു കാരണം ഹൂഗാ ആയിരിക്കാം.
ദൈനംദിന വ്യായാമവും വായനയയും ബന്ധുസന്ദർശനങ്ങളും പ്രകൃതി നിരീക്ഷണവുമൊക്കെ ഹൂഗാ ശൈലിയുടെ ഭാഗമാണവർക്ക്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അമേരിക്കയെയും യൂറോപ്പിനെയും ഏറെ സ്വാധീനിച്ച ഹൂഗായുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും ഉൽപന്നങ്ങളും ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

Latest News