വിനാശത്തിന്റെ പ്രതീകം

ബുൾഡോസർ കൊണ്ട് ചതച്ചരച്ച്, പടുത്തുയർത്താൻ പോകുന്ന ഹിന്ദുരാഷ്ട്രത്തിന്റെ ദർശനം എന്തായിരിക്കും. അതിലെ അംഗങ്ങൾ എന്ന് കരുതുന്ന 85 ശതമാനത്തിനു പോലും വിനാശത്തിന്റെയും വെറുപ്പിന്റെയും പ്രതീകമായാണ് ബുൾഡോസർ അനുഭവപ്പെടുന്നത്. ഇന്ത്യ എത്തിച്ചേരാൻ പോകുന്ന വലിയ പതനത്തിന്റെ ആദ്യലക്ഷണങ്ങൾ നാം ഇവിടെ കാണുന്നു. നിയമപാലകരുടെ സഹായത്തോടെ നടത്തുന്ന ഈ വലിയ അനീതി വലിയൊരു മാഫിയ രാജിലേക്കാണ് നമ്മെ നയിക്കുക.

കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയേക്കാൾ ശക്തമായും മനോഹരമായും മറ്റാരും അത് പറഞ്ഞുകാണില്ല: മുമ്പ് അവർ ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ് സംസാരിച്ചത്, ഇന്ന് അവർ ബുൾഡോസറുകളെക്കുറിച്ച് സംസാരിക്കുന്നു. 
ഉത്തർപ്രദേശിൽ ഫലസ്തീൻ ആവർത്തിക്കുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു. ഫാസിസ്റ്റ് ഭരണകൂടങ്ങൾ ചരിത്രത്തിൽ മുമ്പ് പലപ്പോഴും നടപ്പാക്കിയതു പോലെ ഇരകളുടെ കിടപ്പാടം തകർത്ത് അവരെ ദുർബലരാക്കാമെന്ന കണ്ടെത്തൽ ഇന്ത്യയിൽ ഇപ്പോൾ ആവർത്തിക്കുന്നു. നമ്മുടെ നിയമ വ്യവസ്ഥയും നീതിന്യായ വ്യവസ്ഥയും അത്ഭുതകരമായ മൗനത്തിലും നിസ്സംഗതയിലുമാണ്. രാഷ്ട്രീയ കക്ഷികളാകട്ടെ, ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നിൽക്കുന്നു. പ്രതിഷേധത്തിന്റെ കനലുകളെ ഭീതിയുടെ തണുപ്പിൽ കശാപ്പ് ചെയ്യുന്നു സാധാരണക്കാർ. ഇന്ത്യ ശരിക്കും ഭീതിയുടെ റിപ്പബ്ലിക് ആയി മാറിക്കഴിഞ്ഞു.
സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭാരതീയ ജനതാ പാർട്ടി ഭരണം വീണ്ടും ശക്തിപ്രാപിക്കുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ വന്നത് ബുൾഡോസറിന്റെ ശക്തിയിലാണ്. പൗരത്വ ഭേദഗതി നിയമം പോലുള്ള വിവേചനപരമായ നിയമങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ കുറ്റവാളികളായി കണ്ട് സ്വത്തുക്കൾ നശിപ്പിക്കാനുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ തന്ത്രം മറ്റിടങ്ങളിലും ആവേശത്തോടെ ആവർത്തിക്കുന്നു.
മധ്യപ്രദേശിലെ ഖർഗോണിൽ നടന്ന ഹിന്ദുമത ഘോഷയാത്രക്കിടെ സമാധാനം തകർത്തുവെന്ന് ആരോപിക്കപ്പെടുന്ന ആളുകൾക്ക് ബുൾഡോസർ ചികിത്സ നൽകാൻ മറ്റൊരു ബി.ജെ.പി മുഖ്യമന്ത്രി ഉത്തരവിട്ടു. മാർച്ചിൽ റെയ്‌സണിലും ഷിയോപൂരിലും ഇത് ആവർത്തിച്ചു. ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള നോർത്ത് ദൽഹി മുനിസിപ്പൽ കോർപറേഷൻ ഏപ്രിലിൽ ജഹാംഗീർപുരിയിലെ കുടിയേറ്റ ബംഗാളി മുസ്‌ലിം സമുദായക്കാർക്കെതിരെ ബുൾഡോസറുകൾ അഴിച്ചുവിട്ടു. ന്യായവാദം പരിചിതമായിരുന്നു:  മതപരമായ ഘോഷയാത്രക്കിടെ ഹിന്ദുക്കളുമായി ഏറ്റുമുട്ടിയതിന് മുസ്‌ലിംകളെ ഉടൻ ശക്തമായ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. 2019 അവസാനത്തിലും 2020 ന്റെ തുടക്കത്തിലും സ്ത്രീകൾ നയിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രമായ ദൽഹിയിലെ ഷഹീൻ ബാഗിലും ഇതിനുള്ള വിഫല ശ്രമം നടന്നിരുന്നു. 
ഈ പൊളിക്കൽ നയത്തിന്റെ വിജയം, 'കലാപകാരികളുടെയും' ബംഗ്ലാദേശികളുടെയും റോഹിങ്ക്യകളുടെയും അനധികൃത സ്വത്തുക്കൾ കണ്ടെത്തി പൊളിക്കണമെന്ന് സംസ്ഥാന അധികാരികളോട് ആവശ്യപ്പെടൻ ബി.ജെ.പി നേതാക്കളെ പ്രേരിപ്പിച്ചു. മുസ്്‌ലിംകൾക്ക് ഇതൊരു മുന്നറിയിപ്പ് സന്ദേശമായി മാറുമെന്നും അവർ കരുതുന്നു. 
ഇന്ത്യയിലെ നിലവിലെ ഭരണാധികാരികൾ പുതിയത് കൊണ്ടുവരാൻ പഴയതിനെ പിഴുതെറിയുന്ന ആദ്യ കക്ഷിയൊന്നുമല്ല. ആധുനികവൽക്കരണത്തിന്റെ പേരിൽ പുൽമേടുകളും കാടുകളും വെട്ടിത്തെളിച്ച, നദികൾ, അണക്കെട്ട്, നഗര 'കുടിയേറ്റ' വാസസ്ഥലങ്ങൾ എന്നിവ നിരപ്പാക്കി 20 ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആധുനികവൽക്കരിക്കപ്പെട്ട നാടുകളെക്കുറിച്ച് ഓർക്കുക.
കൊളോണിയൽ ബ്രിട്ടൻ, 'ശാസ്ത്രീയ' കൃഷി അവതരിപ്പിക്കുന്നതിനും യുദ്ധാനന്തര ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുമായി 1940 കളുടെ അവസാനത്തിൽ കിഴക്കൻ ആഫ്രിക്കയിലെ ടാങ്കനിക്കയിൽ 12,000 ചതുരശ്ര കിലോമീറ്റർ കുറ്റിക്കാടുകൾ നീക്കം ചെയ്തു. അമേരിക്ക മുതൽ ഘാന, ഈജിപ്ത്, ചൈന, ഇന്ത്യ വരെയുള്ള രാജ്യങ്ങൾ ജലവൈദ്യുതി ഉൽവാദിപ്പിക്കുന്നതിനും ജലസേചനത്തിനുമായി നദികളുടെ പ്രവാഹം തടഞ്ഞുനിർത്തി. ആയിരങ്ങളാണ് ഇത്തരം പ്രദേശങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്.
ഇന്നത്തെ ആസൂത്രിതമായ ഗ്ലാസ്-ക്രോം നഗരങ്ങൾ, അത് സിംഗപ്പൂർ, മുംബൈ, ലണ്ടൻ, ന്യൂയോർക്ക് പോലെയുളളവ ഉയർന്നുവന്നത്, ആധുനികവൽക്കരണത്തിലൂടെ മൂലധനം ആകർഷിക്കാൻ ശ്രമിക്കുന്ന സംരംഭകത്വ ഭരണകൂടങ്ങളും വ്യവസ്ഥാപിതമായി അരികുകളിലേക്ക് തള്ളപ്പെട്ട അധ്വാനിക്കുന്ന ജനവിഭാഗവും തമ്മിലുള്ള ഭൂമിയെച്ചൊല്ലിയുള്ള പോരാട്ടങ്ങളിൽനിന്നാണ്.  ഇരുപതാം നൂറ്റാണ്ടിലെ ഈ ആധുനികവൽക്കരണ വീക്ഷണത്തോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ അതിന് ഒരു ദർശനം ഉണ്ടായിരുന്നു. വൻതോതിലുള്ള വ്യാവസായിക ഉൽപാദനം, കൃഷിയിൽ സ്വയംപര്യാപ്തത, കയറ്റുമതി ശേഷി എന്നിവയുടെ ഒരു പുതിയ ക്രമം കെട്ടിപ്പടുക്കാൻ അത് ശ്രമിച്ചു, വളർച്ചയുടെയും വികസനത്തിന്റെയും അഭിലാഷങ്ങളെ ശക്തിപ്പെടുത്തുന്ന നഗര കേന്ദ്രങ്ങൾ ഉണ്ടാക്കാനായിരുന്നു ശ്രമം.
നിരവധി പോരായ്മകൾ ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യാനന്തര ഇന്ത്യ ഈ വികസന രൂപത്തിന് അനുയോജ്യമാണെന്നത് അതിന്റെ സാമ്പത്തിക നേട്ടങ്ങളിൽ തെളിയുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം 1960 ൽ 37.03 ബില്യൺ ഡോളറിൽനിന്ന് 1990 ആയപ്പോഴേക്കും 321 ബില്യൺ ഡോളറായി ഉയർന്നു. ഇത് വിപണി ഉദാരവൽക്കരണത്തിന്റെ ആശ്ലേഷത്തോടെ കൂടുതൽ ഉയർന്നു, 2014 ൽ 2 ട്രില്യൺ ഡോളർ കടന്നു.
2024 ഓടെ ഇന്ത്യ 5 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ രണ്ടാമത്തെ ഊഴത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.  കോവിഡ്19 മഹാമാരി വരും മുമ്പു തന്നെ, ഈ അവകാശവാദം ഒരു സ്വപ്‌നമാണെന്ന് എല്ലാ സൂചകങ്ങളും വ്യക്തമാക്കി. 2019 ൽ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 2.7 ട്രില്യൺ ഡോളറായിരുന്നു, വിദഗ്ധർ 5 ട്രില്യൺ ഡോളറിന്റെ അഭിലാഷം അസംഭവ്യം എന്ന് വിശേഷിപ്പിച്ചു. 2010 ൽ 8.5% എന്ന ഉയർന്ന തോതിലെത്തിയ ജി.ഡി.പി 2016 മുതൽ പൂർണ തകർച്ചയിലാണ്. 2020 ൽ അത് 7.3% ആയി കുറഞ്ഞു.
സർക്കാരും അതിന്റെ പിണിയാളുകളും ഗോൾപോസ്റ്റുകൾ മാറ്റുന്നതിൽ സമർഥരാണ്. പൊതുവായ സാമ്പത്തിക തകർച്ചക്കിടയിലും വ്യക്തിഗത ഗ്രാഫ് ഉയർത്താൻ കഴിഞ്ഞ ഒരു വ്യവസായി, 2050 ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചു. ചുരുക്കം ചിലരുടെ സ്ഥിരമായ സമ്പുഷ്ടീകരണമല്ലാതെ, വലിയ, വികസന മാതൃകയുടെ ലക്ഷണമൊന്നും വിദൂര ഭാവിയിൽ കാണുന്നില്ല.  
സാമ്പത്തിക മേഖലയിൽ വ്യക്തമായ ആശയക്കുഴപ്പവും ദിശാബോധമില്ലായ്മയും ഉണ്ടെങ്കിലും രാഷ്ട്രീയത്തിൽ സർക്കാരിന് കൂടുതൽ വ്യക്തതയുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വാർത്തെടുക്കാനുള്ള ശ്രമത്തിൽ അവർ അങ്ങേയറ്റം ഉത്സുകരാണ്. ബുൾഡോസറുകൾ, പൗരത്വ ഭേദഗതി നിയമം പോലുള്ള നിയമങ്ങൾ, മുസ്‌ലിം വസ്ത്രധാരണത്തിനും ഭക്ഷണത്തിനും ആരാധന രീതികൾക്കുമെതിരായ ആക്രമണങ്ങൾ എന്നിവ ഈ ചിന്തയുടെ ഫലമാണ്. 
ഇക്കാര്യത്തിൽ തങ്ങൾക്ക് എതിരായി വന്നേക്കാവുന്ന  കോടതികളും മാധ്യമങ്ങളും പോലുള്ള സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതും ഈ രൂപകൽപനയുടെ ഭാഗമാണ്.
ബുൾഡോസർ ഈ പുതിയ ഇന്ത്യയുടെ ഉചിതവും എന്നാൽ പ്രശ്‌നാത്മകവുമായ പ്രതീകമാണ്. ദേശീയവാദികൾ ആഗ്രഹിക്കുന്നതു പോലെ ഇവിടെ ന്യൂനപക്ഷങ്ങളെയും പിന്നോക്കക്കാരെയും മറക്കാം. എന്നാൽ ഈ പുതിയ മാതൃക പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന 85 ശതമാനം പേർക്ക് പോലും ബുൾഡോസർ വിദ്വേഷത്തിന്റെയും നാശത്തിന്റെയും പ്രതീകമായി അനുഭവപ്പെടുന്നുണ്ട്. അതിന് പിഴുതെറിയാനും ഭയപ്പെടുത്താനും കഴിയും. എന്നാൽ അത് കഴിയുമ്പോൾ? പിന്നീട് വരാൻപോകുന്ന രാഷ്ട്രത്തിന്റെ ദർശനം എവിടെയാണ്? പദ്ധതികളും നയങ്ങളും അത് യാഥാർഥ്യമാക്കുന്ന ആളുകളും എവിടെയാണ്? 
സൃഷ്ടിപരവും വികസനപരവും പുരോഗമനപരവുമായ ലോകവീക്ഷണമില്ലാതെ, നാശത്തിൽ കെട്ടിച്ചമച്ച ഇടങ്ങളും രാഷ്ട്രങ്ങളും മാഫിയകളുടെയും മസിൽ ശക്തിയുടെയും അരങ്ങായി മാറുമെന്നതാണ് ചരിത്രം. ഈ മാഫിയകളെ നിയന്ത്രിക്കുന്നത് പ്രാദേശിക മുതലാളിമാരായിരിക്കും. അവർ വ്യക്തിപരമായ സമ്പത്ത് കെട്ടിപ്പടുക്കുകയും സ്വന്തം അതിജീവനം മാത്രം ലക്ഷ്യമിടുന്നവരുമായിരിക്കും. ഒരു പുതിയ രാഷ്ട്രീയത്തിനോ ഊർജസ്വലമായ സമ്പദ്‌വ്യവസ്ഥക്കോ ഈ കുത്തൊഴുക്കിൽ തഴച്ചുവളരാനാവില്ല.
ഇന്നത്തെ ബുൾഡോസർ രാജ് യഥാർഥത്തിൽ മാഫിയ രാജ് ആണ്. രാഷ്ട്ര നിർമാണത്തിൽനിന്ന് അത് എത്രയോ അകലെയാണ്.

Latest News