ഈ സംഭവ വികാസങ്ങൾ കേരള രാഷ്ട്രീയത്തിനു ഗുണകരമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. രാഷ്ട്രീയ രംഗം സജീവമാകുന്നത് പൊതുവിൽ ഗുണകരമാണ്. എന്നാൽ എന്തിനെയും കക്ഷിരാഷ്ട്രീയ താൽപര്യത്തോടെ മാത്രം വീക്ഷിക്കുന്ന ഒരു സമൂഹത്തിലത് അങ്ങനെയാകണമെന്നില്ലല്ലോ. കേരളം അങ്ങനെയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണല്ലോ സോളാർ - സ്വർണ വിഷയങ്ങൾ. സോഷ്യൽ മീഡിയ മാത്രം നോക്കിയാൽ നാമിന്ന് എവിടെയെത്തിരിയിരിക്കുന്നു എന്നു ബോധ്യമാകും. എന്തിനെയും കണ്ണടച്ച് ന്യായീകരിക്കുകയും വ്യത്യസ്തമായി ചിന്തിക്കുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന സൈബർ പോരാളികളുടെ ഒരു വലിയ നിര നമുക്കവിടെ കാണാം. പ്രതിഷേധങ്ങൾ കൊലവിളികളായി മാറുന്നതും അമിതമായ കക്ഷിരാഷ്ട്രീയവൽക്കരണം കൊണ്ടുതന്നെയാണ്.
ഏറെക്കാലത്തിനു ശേഷമാണ് കേരള രാഷ്ട്രീയം ഇത്രമാത്രം കലുഷിതമാകുന്നത്. നിപയും പ്രളയവും കോവിഡുമെല്ലാം സജീവമായ ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടം കാര്യമായ രാഷ്ട്രീയ സംഭവ വികാസങ്ങളൊന്നുമില്ലാതെ കടന്നുപോയി. ആ ഭരണത്തിന്റെ അവസാന കാലത്ത് സ്വർണക്കള്ളക്കടത്തും സ്പ്രിംഗഌറും ലൈഫുമടക്കം ഒരുപാട് അഴിമതിയാരോപണങ്ങൾ ഉയർന്നു എന്നത് ശരിയാണ്. അവസാന കാലത്ത് ചില പ്രക്ഷോഭങ്ങളെല്ലാം നടത്താൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അവയൊന്നും കാര്യമായ ഫലം കണ്ടില്ല. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലാകട്ടെ, ഇടതുപക്ഷം കൂടുതൽ സീറ്റ് നേടുകയും ചെയ്തു. ജനവിധി തങ്ങൾക്കെതിരായി ഉയർന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നു തെളിയിച്ചു എന്ന എൽ.ഡി.എഫ് അവകാശവാദത്തെ പ്രതിരോധിക്കാൻ യു.ഡി.എഫിന് ആയില്ല. ഒരു കേസിന്റെ വിധി പ്രഖ്യാപിക്കേണ്ടത് കോടതിയാണെന്നും തെരഞ്ഞെടുപ്പല്ല എന്നുമുള്ള വസ്തുത പോലും സമർത്ഥിക്കാനും അവർക്കു കഴിഞ്ഞില്ല.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുകയും കോവിഡ് ഭീഷണിയൊക്കെ ഏറെക്കുറെ അകലുകയും ചെയ്ത സമയത്താണ് കേരള രാഷ്ട്രീയവും തെരുവുകളും സോഷ്യൽ മീഡിയയുമെല്ലാം അടുത്ത കാലത്തൊന്നുമുണ്ടാകാത്ത രീതിയിലുള്ള സംഭവ വികാസങ്ങൾക്ക് സാക്ഷിയാകുന്നത്. പലരും പറയുന്ന പോലെ ഏറെക്കുറെ സോളാർ വിവാദ കാലത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്യാവുന്ന രീതിയിൽ തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്. അന്നത്തെ പോലെ ഇന്നും ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല. അന്വേഷണം നടക്കുന്നു എന്നു പറയുന്നു. അന്ന് സരിത ഉന്നയിച്ച പോലെ ഇപ്പോൾ സ്വപ്ന ആരോപണങ്ങൾ ഉന്നയിക്കുന്നു. അന്ന് എൽ.ഡി.എഫ് സമര രംഗത്തിറങ്ങിയ പോലെ ഇന്നു യു.ഡി.എഫ് ഇറങ്ങുന്നു. അന്ന് യു.ഡി.എഫ് പ്രതിരോധിച്ച പോലെ ഇന്ന് എൽ.ഡി.എഫ് പ്രതിരോധിക്കുന്നു. എല്ലാം പതിവുപോലെ നടക്കുന്നു.
അതേസമയം അന്നത്തേതിൽ നിന്നു പ്രകടമായൊരു വ്യത്യാസമുണ്ട്. അത് സമരക്കാരെ നേരിടുന്ന രീതിയാണ്. മുഖ്യമന്ത്രി കടന്നുപോകുന്ന തെരുവുകൾ പൂർണമായി അടക്കുകയും കറുത്ത മാസ്കും വേഷവും ധരിക്കാനനുവദിക്കാതിരിക്കുകയും പ്രതിഷേധം രേഖപ്പെടുത്താനുള്ള ജനാധിപത്യാവകാശം നിഷേധിക്കുന്നതുമാണത്. ഒരു തരത്തിലും ജനാധിപത്യ സംവിധാനത്തിനു യോജിക്കാത്തതാണത്. ജനാധിപത്യത്തിന്റെ നിലനിൽപു തന്നെ പ്രതിപക്ഷത്തിലും പ്രതിഷേധത്തിലുമാണ്. ഒരിടത്തും സമരം അക്രമാസക്തമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ കഴിഞ്ഞ ദിവസം വിമാനത്തിൽ നടന്ന പ്രതിഷേധത്തോടെ അന്തരീക്ഷം മാറിയിരിക്കുകയാണ്. വിമാനത്തിൽ പ്രതിഷേധിച്ചതു ശരിയോ തെറ്റോ എന്ന വിഷയത്തിൽ തർക്കം തുടരുകയാണ്. ആ സമര രീതിയെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നു തന്നെയാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. സമരങ്ങൾ നടക്കാൻ പാടില്ലെന്നു വിശ്വസിക്കപ്പെടുന്ന പലയിടത്തും ഇത്തരം സമരങ്ങൾ നടക്കാറുണ്ട്. ഇവിടെയുണ്ടായത് പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളി മാത്രമായിരുന്നു. എന്നാൽ അതിന് അതർഹിക്കുന്നതിനേക്കാൾ പ്രാധാന്യമാണ് എൽ.ഡി.എഫും സി.പി.എമ്മും നൽകിയത് എന്നതാണ് യാഥാർത്ഥ്യം. സംഭവത്തെ മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. മദ്യപിച്ചാണ് പ്രതിഷേധം നടത്തിയതെന്നും പ്രചരിപ്പിക്കപ്പെട്ടു. അതിനു ശേഷം വളരെ മോശമായ സംഭവങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്.
സത്യത്തിൽ സ്വന്തം അണികളെ സജീവമാക്കാനുള്ള അവസരമായാണ് സി.പി.എമ്മും കോൺഗ്രസും ഈയവസരത്തെ കാണുന്നതെന്നു വേണം കരുതാൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെക്കുറെ സമയവും പ്രതിപക്ഷം ഉറക്കമായിരുന്നു. പ്രകൃതിദുരന്തങ്ങളുടെ കാലമായിരുന്നു എന്നതു ശരി. എന്നാൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അവരുടെ കാര്യമായ പങ്കാളിത്തമുണ്ടായില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഒരു സന്നദ്ധ സംഘടനയെ പോലെ ഡി.വൈ.എഫ്.ഐ തെരുവുകളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ജനങ്ങളോട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുണ്ടാകേണ്ട ഉത്തരവാദിത്തം യു.ഡി.എഫ് കാണിച്ചില്ല. അതിനുള്ള തിരിച്ചടി കൂടിയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടത്. പതിവുപോലെ ഭരണ മാറ്റമുണ്ടാകുമെന്ന യു.ഡി.എഫ് പ്രതീക്ഷ തകർന്നടിഞ്ഞു. അവസാന കാലത്ത് ചില പ്രക്ഷോഭങ്ങളൊക്കെ നടത്തിയെങ്കിലും അതൊന്നും ഭരണ മാറ്റത്തിലെത്താൻ മതിയാകുമായിരുന്നില്ല. ഇനിയും അത്തരം സാഹചര്യം തുടർന്നാൽ കേരളം തങ്ങൾക്ക് ബലികേറാമലയാകുമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. അതിന്റെ ഭാഗമായാണ് സംഘടനയെ ചലിപ്പിക്കാൻ കിട്ടിയ ഈ അവസരം അവർ ഭംഗിയായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. അത് തെറ്റാണെന്നു പറയാനുമാകില്ല. അതിനിടയിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെയും കോൺഗ്രസിന് രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്.
മറുവശത്തും ഏറെക്കുറെ സമാനമാണ് അവസ്ഥ. പ്രകൃതി ദുരന്തകാലമൊക്കെ കഴിഞ്ഞതോടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് സി.പി.എം അണികൾ -പ്രത്യേകിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. സമരസംഘടനയെന്നൊക്കെ അഭിമാനിക്കുന്ന അവർ സമരം ചെയ്തിട്ട് വർഷം ആറു കഴിഞ്ഞു. പൊതിച്ചോറു വിതരണവും കായിക മത്സരങ്ങളും മറ്റു സന്നദ്ധ പ്രവർത്തനങ്ങളുമൊക്കെയാണ് അവരുടെ മുൻഗണന. പലപ്പോഴും തങ്ങൾക്ക് താൽപര്യമില്ലാത്ത വിഷയങ്ങളിൽ പോലും സർക്കാരിനെ ന്യായീകരിക്കേണ്ട ഗതികേടിലാണ് പാർട്ടിയുടെ പല പോഷക സംഘടനകളുടെയും നേതാക്കൾ. അതിനിടയിലാണ് തങ്ങൾ നിരന്തരം നടത്തിയിരുന്ന സമര മുറകളാൽ യൂത്ത് കോൺഗ്രസുകാർ തെരുവുകളെ സജീവമാക്കുന്നത് അവർ കാണുന്നത്.
ഈ സംഭവ വികാസങ്ങൾ കേരള രാഷ്ട്രീയത്തിനു ഗുണകരമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. രാഷ്ട്രീയ രംഗം സജീവമാകുന്നത് പൊതുവിൽ ഗുണകരമാണ്. എന്നാൽ എന്തിനെയും കക്ഷിരാഷ്ട്രീയ താൽപര്യത്തോടെ മാത്രം വീക്ഷിക്കുന്ന ഒരു സമൂഹത്തിലത് അങ്ങനെയാകണമെന്നില്ലല്ലോ. കേരളം അങ്ങനെയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണല്ലോ സോളാർ - സ്വർണ വിഷയങ്ങൾ. സോഷ്യൽ മീഡിയ മാത്രം നോക്കിയാൽ നാമിന്ന് എവിടെയെത്തിരിയിരിക്കുന്നു എന്നു ബോധ്യമാകും. എന്തിനെയും കണ്ണടച്ച് ന്യായീകരിക്കുകയും വ്യത്യസ്തമായി ചിന്തിക്കുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന സൈബർ പോരാളികളുടെ ഒരു വലിയ നിര നമുക്കവിടെ കാണാം. പ്രതിഷേധങ്ങൾ കൊലവിളികളായി മാറുന്നതും അമിതമായ കക്ഷിരാഷ്ട്രീയവൽക്കരണം കൊണ്ടുതന്നെയാണ്. അതോടൊപ്പം പ്രധാനമാണ് മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും. പണ്ടത്തെ സി.ഡിക്കായുള്ള ഓട്ടവും ഇപ്പോഴത്തെ ശബ്ദരേഖക്കായുള്ള കാത്തിരിപ്പും മാധ്യമങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിനു കാരണം ജനം അവ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്നു എന്നതു തന്നെയാണ്. അർഹിക്കുന്ന ഭരണാധികാരികളെ ജനങ്ങൾക്കു കിട്ടുമെന്നു പറയുന്ന പോലെയാണ് അർഹിക്കുന്ന മാധ്യമങ്ങളെയും കിട്ടുമെന്നത്. സത്യത്തിൽ അമിതമായ കക്ഷിരാഷ്ട്രീയം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് അരാഷ്ട്രീയവൽക്കരണത്തിലേക്കാണെന്നു തന്നെ പറയേണ്ടിവരും.






