മുംബൈ- കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. വൈകിട്ട് ജയിലിനു പുറത്തെത്തിയ നടനെ ആരാധകര്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. ജയിലില്‍നിന്നു നേരെ വിമാനത്താവളത്തിലേക്കു പോയ സല്‍മാന്‍, ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലെത്തി.
വിമാനത്താവളത്തിലും ബാന്ദ്രയിലെ വസതിക്ക് മുന്നിലും നൂറുകണക്കിന് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. വീടിന്റെ ബാല്‍ക്കണിയില്‍ സല്‍മാന്‍ ഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്തു.
ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് സല്‍മാനു ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. കേസില്‍ സല്‍മാന്‍ ഖാനെതിരേ ശാസ്ത്രീയ തെളിവുകളില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രണ്ടു കൃഷ്ണ മൃഗങ്ങളിലൊന്ന് അമിത ഭക്ഷണം മൂലവും മറ്റൊന്ന് കുഴിയില്‍ വീണതു മൂലവുമാണ് ചത്തതെന്നും ഇതു തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം വാദിച്ചു. ഡി.എന്‍.എ റിപ്പോര്‍ട്ടില്‍ സല്‍മാന്റെ വാഹനത്തിലെ രക്തക്കറയും കൃഷ്ണ മൃഗങ്ങളുടെ രക്തവും ഒന്നാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
ജയിലില്‍ സല്‍മാന്‍ ഖാനു ജീവനു ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് കോടതി സല്‍മാനു ജാമ്യം അനുവദിച്ചത്. 1998 ഒക്ടോബറില്‍ കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഖാന് കോടതി അഞ്ച് വര്‍ഷമാണ് തടവ് വിധിച്ചത്. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോനാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വിട്ടയച്ചിരുന്നു.