പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറുമ്പോൾ പോലീസ് ഇടപെടുകയും ക്രമസമാധാന പാലനത്തിന് വേണ്ടി ലാത്തിച്ചാർജ് ഉൾപ്പടെയുള്ള വിവിധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. രാജ്യത്ത് എല്ലായിടത്തും നടക്കുന്ന പോലീസ് ആക്ഷനാണിത്. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങുമ്പോൾ ഇടപെടാനുള്ള അവകാശം പോലീസ് ഉൾപ്പെടെയുള്ള വിവിധ സേനകൾക്കുണ്ട്. അതെല്ലാം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടർന്നു പോരുന്നതാണ്. എന്നാൽ ഭരണകൂടത്തിന്റെ മർദന ഉപകരണം എന്ന നിലയിലേക്ക് പോലീസ് മാറുകയും പ്രതിഷേധങ്ങൾ നടത്തുന്നവരെ അധികാരത്തിന്റെ പിൻബലത്തിൽ ആക്രമണ രീതിയിൽ നേരിടുകയും ചെയ്യുമ്പോഴാണ് അത് മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാകുന്നത്. ക്രമസമാധാന പാലനത്തിനായി നൽകിയിട്ടുള്ള അധികാരത്തെ ഹീനമായി ദുരുപയോഗം നടത്തുകയാണ് ഇതിലൂടെ പോലീസ് ചെയ്യുന്നത്.
കേരളത്തിൽ മുഖ്യമന്ത്രി പിണറായി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന വഴിതടയൽ സമരത്തെ തുടർന്ന് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലായി തെരുവിൽ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്. സമരവും അതിനെ ചെറുക്കുന്നതിനുള്ള ശക്തമായ നടപടികളുമാണ് ഇവിടെ ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ ഭരണകൂട ഭീകരതയുടെ എറ്റവും കാടത്തം നിറഞ്ഞ മുഖമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി ദേശീയ നേതാക്കൾ നടത്തിയ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച മുസ്ലിം സമുദായക്കാരുടെ വീടുകളും കെട്ടിടങ്ങളുമെല്ലാം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിക്കൊണ്ട് അവർക്കും കുടുംബത്തിനും രാജ്യത്ത് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന കിരാതമായ നടപടികളാണ് ഉത്തർപ്രദേശ് സർക്കാർ തുടർന്നു വരുന്നത്. ക്രമസമാധാന പാലനത്തിന്റേതല്ല, മറിച്ച് വർഗീയതയുടെയും ക്രിമിനലിസത്തിന്റെയും പച്ചയായ പകർന്നാട്ടങ്ങളാണ് അവിടെ നടക്കുന്നത്.
ലോകത്ത് ഒരിടത്തും നടക്കാത്ത രീതിയിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളാണ് ജനാധിപത്യവും നിയമ വ്യവസ്ഥയുമെല്ലാമുണ്ടെന്ന് പാഴ്വാക്ക് പറയുന്ന ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് നേതൃത്വം കൊടുത്തവരെ തേടിപ്പിടിച്ച് നഗരാസഭാധികൃതർ അവരുടെ താമസ സ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തിക്കൊണ്ടിരിക്കുകയാണ്.
ജനാധിപത്യത്തിനു മുൻപുള്ള നാടുവാഴിത്ത ഭരണകാലത്ത് പോലും നടന്നിട്ടില്ലാത്ത കാര്യങ്ങളാണ് ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചവർക്ക് നേരെ ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം മതവിഭാഗത്തിൽ പെട്ടവരാണ് പ്രതിഷേധക്കാരെന്നതിനാൽ അവർക്കെതിരെ എന്തും ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന ഭരണകൂടത്തിനുള്ളത്. മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയാൽ അവരെയും കുടുംബത്തെയും ഇനി രാജ്യത്ത് ജീവിക്കാൻ പോലും കഴിയാത്ത രീതിയിൽ തകർത്തു കളയുമെന്ന മുന്നറിയിപ്പാണ് ഭരണകൂടം നൽകുന്നത്.
പ്രതിഷേധങ്ങളെയും അതിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങളെയുമൊക്കെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അതിന് ജനാധിപത്യത്തിന്റെയും നിയമ വ്യവസ്ഥയുടേതുമായ രീതികൾ രാജ്യത്ത് നിലവിലുണ്ട്. അതിന് വിധേയമായി പ്രവർത്തിക്കാൻ മാത്രമേ ഭരണകൂടങ്ങൾക്കും അവർ നിയന്ത്രിക്കുന്ന അന്വേഷണ സംവിധാനങ്ങൾക്കും അവകാശമുള്ളൂ. ഹിന്ദുത്വ വികാരം തലയ്ക്ക് പിടിച്ച യു.പി സർക്കാർ ഭരണഘടന നൽകുന്ന സംരക്ഷണം പോലും നൽകാൻ തയാറാകാതെ മറ്റു സമുദായങ്ങളെ ഉൻമൂലനം ചെയ്യുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
വായുവും വെള്ളവും ഭക്ഷണവും വസ്ത്രവും പോലെ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പാർപ്പിടം. അത് അവന്റെ സുരക്ഷിതമായ ജീവിതത്തിന്റെ ഭാഗമാണ്. വീട് പൊളിച്ചു കളയുകയെന്ന് പറഞ്ഞാൽ അവനെയും കുടുംബത്തെയും പൂർണമായും ഇല്ലാതാക്കുകയെന്നാണ് അർത്ഥം. യോഗിയുടെ ബുൾഡോസർ കാടത്തത്തിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്.
എന്നാൽ ഉത്തർപ്രദേശിൽ ആളുകൾ ഇതിനെതിരെ പ്രതികരിക്കാൻ പോലും ഭയപ്പെടുന്ന സ്ഥിതിയുണ്ട്. പ്രതികരിച്ചാൽ തങ്ങളുടെ കിടപ്പാടവും ഇടിച്ചു നിരത്തുമെന്ന ഭയം അവർക്കുണ്ട്. പ്രതിഷേധക്കാരുടെ വീടുകൾ ഇടിച്ചു നിരത്തുന്നത് ദിവസങ്ങളായി തുടർന്നിട്ടും നീതിദേവതയുടെ കണ്ണുകൾ മൂടിത്തന്നെയിരിക്കുകയാണ്.
ഭരണകൂടത്തിന്റെ കാടത്ത നടപടികൾക്കെതിരെ ചെറുവിരലനക്കാൻ പോലും ഉത്തർപ്രദേശിലെ നീതിന്യായ കോടതികൾ തയാറായിട്ടില്ല. പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കളായ നൂപുർ ശർമ്മക്കും നവീൻ ജിൻഡാലിനുമെതിരെ പാർട്ടി നടപടിക്കപ്പുറം യാതൊരു നിയമ നടപടിയും എടുക്കാൻ പോലീസോ കോടതിയോ തയാറായിട്ടില്ല. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന മുറവിളികൾ ഉയരുമ്പോഴും ഏതാനും ദിവസത്തേക്കുള്ള പാർട്ടി നടപടി മാത്രമായി അവരുടെ കുറ്റകൃത്യം മാറ്റപ്പെടുകയാണ്. എന്നാൽ പ്രതിഷേധം നടത്തിയവർ ഭീകരരും രാജ്യത്ത് ജീവിക്കാൻ അവകാശമില്ലാത്തവരുമായി മുദ്ര കുത്തപ്പെടുന്നു. കൃത്യമായ രേഖകളില്ലാത്ത അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് നഗരസഭാധികൃതർ പറയുന്നത്. അവിടെ രണ്ടു ചോദ്യങ്ങൾ അവശേഷിക്കുകയാണ്. പ്രവാചക നിന്ദ നടത്തിയതിന് പ്രതിഷേധിച്ചപ്പോൾ മാത്രമാണോ ഇവരുടെ വീടുകളും കടകളുമെല്ലാം അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. അതാണ് ഒന്നാമത്തെ ചോദ്യം. പ്രതിഷേധക്കാർ മാത്രമാണോ അനധികൃതമായി വീടുകൾ നിർമിച്ചത്. ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമുണ്ടാകില്ല. അതാണ് ഉത്തർപ്രദേശിലെ രാഷ്ട്രീയം.
യോഗിയുടെ മുൻഭരണം പരാജയമായിരുന്നിട്ടും ഹിന്ദുത്വ അജണ്ട നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് യോഗിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. തീർത്തും വർഗീയമായി നടന്ന തെരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയ അംഗീകാരം ഹിന്ദുത്വ വാദത്തെ ഏറെ ശക്തിപ്പെടുത്താനുതകുന്നതാണെന്ന് യോഗി ആദിത്യനാഥ് കണക്കുകൂട്ടുന്നുണ്ട്.
അതിന്റെ ചുവടുപിടിച്ച് മറ്റു മതങ്ങളിൽ പെട്ടവരെ, പ്രത്യേകിച്ച് മുസ്ലിംകളെ യു.പിയിൽ നിന്ന് ഉൻമൂലനം ചെയ്ത് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടിന് ആക്കം കൂട്ടുന്ന തന്ത്രമാണ് യോഗി പയറ്റുന്നത്.
പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധമായതിനാലും മുസ്ലിം വിഭാഗത്തിൽ പെട്ടവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്നതുകൊണ്ടും മാത്രമാണ് ഈ ബുൾഡോസർ കാടത്തത്തിന് യോഗി മുതിർന്നത്. ആ അജണ്ടയാണ് തിരിച്ചറിയേണ്ടത്.






