ഷാജ് കിരണ്‍ കേരളത്തില്‍ തിരിച്ചെത്തി,   അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും

പാലക്കാട്- ഷാജ് കിരണ്‍ കേരളത്തില്‍ മടങ്ങിയെത്തി. ഉച്ചയോടെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ഷാജ് പ്രതികരിച്ചു. സ്വപ്നയുമായി നടത്തിയ സംഭാഷണം മൊബൈല്‍ ഫോണില്‍ നിന്നു വീണ്ടെടുക്കാനായാണ് അയല്‍ സംസ്ഥാനത്തേക്കു പോയതെന്നാണ്
ഷാജ് കിരണ്‍ പറഞ്ഞിരുന്നത്. ഇന്ന് കേരളത്തിലേക്കു മടങ്ങിയെത്തുമെന്ന് ഷാജ് കിരണ്‍ നേരത്തേ അറിയിച്ചിരുന്നു. ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. താന്‍ നിരപരാധിയാണെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി കുടുക്കുകയാണെന്നും ഷാജ് കിരണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.
സ്വപ്ന ഒരു ഓഡിയോ ക്ലിപ് പുറത്തുവിട്ടിരുന്നെന്നും ഇത് എഡിറ്റു ചെയ്തതാണെന്നും ഷാജ് കിരണ്‍ ആരോപിച്ചു. സ്വപ്നയുമായി സംസാരിച്ച കാര്യങ്ങള്‍ ഫോണിലുണ്ടായിരുന്നെന്നും ഇതു പിന്നീട് ഡിലിറ്റ് ആയെന്നും ഷാജ് അവകാശപ്പെട്ടിരുന്നു. ഇതു തിരിച്ചെടുക്കാന്‍ സാധിക്കുമോയെന്നറിയാനാണ് ഷാജ് കിരണ്‍ കേരളത്തിനു പുറത്തേക്കു പോയത്. ഫോണിലുണ്ടായിരുന്ന വിവരങ്ങള്‍ തിരികെ ലഭിച്ചിട്ടില്ലെന്ന് ഷാജ് കിരണ്‍ മാധ്യമങ്ങളെ അറിയിച്ചു. അതിനിടെ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവ് നല്‍കിയ പരാതിയില്‍ പാലക്കാട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിക്കും.
 

Latest News