ആടു ജീവിതം ചിത്രീകരണം  പൂര്‍ത്തിയായി, പൃഥ്വിരാജ് നാട്ടിലേക്ക് 

അമ്മാന്‍- ആടുജീവിതം സിനിമയുടെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ആടുജീവിതം വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. വീട്ടിലേക്ക് തിരിച്ചുവരുന്നു' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. നീണ്ട മൂന്നുമാസത്തെ ചിത്രീകരണത്തിനാണ് ജൂണ്‍ 14ന് അവസാനമായത്. വിദേശത്തെ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന് ഇനി കേരളത്തില്‍ പത്ത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്.
മാര്‍ച്ച് 31 നായിരുന്നു പൃഥ്വിരാജ് ഷൂട്ടിംഗിനായി അള്‍ജീരിയിലേക്ക് തിരിച്ചത്. 40 ദിവസത്തോളം ഷൂട്ടിംഗായിരുന്നു സഹാറ മരുഭൂമിയിലുണ്ടായിരുന്നത്. അതിനു ശേഷം 35 ദിവസത്തോളം ജോര്‍ദാനില്‍ വാദി റമ്മിലും ചിത്രീകരണമുണ്ടായിരുന്നു.
നേരത്തെ 2020ല്‍ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് ആടുജീവിതം. സൗദി അറേബ്യയിലെ മലയാളി കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.
 

Latest News