തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ നടത്തി ജയിലിൽ തിരിച്ചെത്തുന്നവർ നിരവധിയാണ്. ഇവർക്ക് തടവു ജീവിതം കൊണ്ട് എന്താണ് കാര്യം. അല്ലെങ്കിൽ, തടവു കൊണ്ട് സമൂഹം ലക്ഷ്യമിടുന്ന ലക്ഷ്യം എവിടെയാണ് യാഥാർഥ്യമാകുന്നത്. ജയിലിലെത്തുന്നവർ അവരേക്കാൾ വലിയ കുറ്റവാളികളുമായി ചങ്ങാത്തം കൂടി പുതിയ കുറ്റകൃത്യങ്ങളുടെ പദ്ധതികളുമായാണ് പുറത്തിറങ്ങുന്നത്.
സംസ്ഥാനത്തിന്റെ പിറവിക്ക് ശേഷം കേരളത്തിലെ സർക്കാർ ആദ്യമായി നിർമിച്ച ഒരു സ്ഥാപനം കഴിഞ്ഞ ദിവസം മലബാറിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. പുതിയൊരു സെൻട്രൽ ജയിൽ കേരളത്തിന് സ്വന്തമായിരിക്കുന്നു. ഈ പുതിയ സ്ഥാപനത്തെ നാടിന്റെ വികസനവുമായി ചേർത്ത് വായിക്കാൻ കഴിയില്ല. നാടിന്റെ വികസനത്തിൽ ജയിലിന് പ്രത്യക്ഷത്തിൽ ഒരു പങ്കുമില്ല. എന്നാൽ പരോക്ഷമായി, സാമൂഹികമായ ചില തിരുത്തലുകൾക്ക് ജയിലുകൾ അനിവാര്യതയാണെന്ന് കാണാം.
സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലാണ് മലപ്പുറം ജില്ലയിലെ തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
തവനൂരിലെ പുതിയ ജയിലിന് ചരിത്രപരമായ പ്രത്യേകതകളുണ്ട്. കേരള പിറവിക്ക് ശേഷം നിർമിക്കപ്പെടുന്ന ആദ്യത്തെ സെൻട്രൽ ജയിലാണ് ഇതെന്നതാണ് പ്രധാനം. സംസ്ഥാനത്ത് നേരത്തെയുള്ള മൂന്നു ജയിലുകളും -പുജപ്പുര (തിരുവനന്തപുരം), വിയ്യൂർ (തൃശൂർ), പള്ളിക്കുന്ന് (കണ്ണൂർ) എന്നിവയെല്ലാം കേരളം പിറവിയെടുക്കുന്നതിന് മുമ്പ് നിർമിച്ചവയാണ്. കേരളത്തിലെ സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ എന്ന പേര് തവനൂർ ജയിലിനാകും. 7.56 ഏക്കർ സ്ഥലത്ത് 35 കോടി രൂപ ചെലവിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 706 പേരെ തടവിൽ പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മൂന്നു നിലകളിലുള്ള കെട്ടിടത്തിൽ ഭിന്നലിംഗക്കാർക്കായി പ്രത്യേക ബ്ലോക്കുണ്ട് എന്നതും പ്രത്യേകതയാണ്. ആദ്യഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 200 തടവുകരെയാണ് ഇവിടെ പാർപ്പിക്കുക.
മലബാറിൽ ഇതോടെ രണ്ട് സെൻട്രൽ ജയിലുകളായി. കണ്ണൂരിലും മലപ്പുറത്തും. പ്രദേശങ്ങളുടെ സ്വഭാവങ്ങൾ നോക്കിയല്ല സെൻട്രൽ ജയിലുകൾ നിർമിക്കുന്നത്. തടവുപുള്ളികളെ എത്തിക്കുന്നതിനുള്ള സൗകര്യവും സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തീർണവുമൊക്കെ പരിഗണിച്ചാണ് ജയിലുകൾക്ക് സ്ഥലം നിർണയിക്കുന്നത്.
കേരളത്തിൽ പുതിയൊരു സെൻട്രൽ ജയിൽ നിർമിക്കേണ്ട സാഹചര്യം എങ്ങനെ ഉയർന്നു വരുന്നുവെന്നത് പരിശോധിക്കേണ്ടതുണ്ട്. നിലവിൽ മൂന്നു സെൻട്രൽ ജയിലുകൾക്ക് പുറമെ എല്ലാ ജില്ലകളിലും ജില്ല ജയിലുകളും സബ് ജയിലുകളുമായി 52 ജയിലുകൾ വേറെയുമുണ്ട്. മൂന്നു സെൻട്രൽ ജയിലുകളിലും ശരാശരി ആയിരം തടവുപുള്ളികൾ വീതമാണ് ഇപ്പോഴുള്ളത്. ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കനുസരിച്ച് തടവുപുള്ളികളുടെ എണ്ണം കൂടുതലാണ്. സെൻട്രൽ, ജില്ല, സബ് ജയിലുകളിലായി കേരളത്തിൽ 8500 തടവുപുള്ളികളാണ് ഇപ്പോഴുള്ളത്. വിവിധ കേസുകളിൽ വിചാരണ നടക്കുന്ന പതിനായിരക്കണക്കിന് കേസുകൾ വേറെയുണ്ട്. ചുരുക്കത്തിൽ, കേരളത്തിലെ ജയിലുകളിലുള്ള സ്ഥലസൗകര്യം തടവുകാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുറയുകയാണ്. പുതിയ ജയിലുകളുടെ ആവശ്യകത ഇത്തരം സാഹചര്യത്തിലാണ് ഉയരുന്നത്.
സംസ്ഥാനത്ത് പുതിയ തരം കുറ്റകൃത്യങ്ങൾ വർധിക്കുന്നത് കേസുകളുടെ എണ്ണത്തിലും ജയിൽ ശിക്ഷക്ക് വിധിക്കപ്പെടുന്നരുടെ എണ്ണത്തിലും വർധനയുണ്ടാക്കുന്നു. ഗുണ്ട ആക്രമണങ്ങളുടെ വർധനയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. കേരളത്തിൽ തടവിൽ കഴിയുന്നവരിൽ പകുതിയോളം ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയവരാണ്.
കഞ്ചാവ് കേസുകളും പോക്സോ കേസുകളും വർധിക്കുന്ന കാലമാണിത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തുകയും ഇവയിൽ വലിയൊരു ഭാഗം പ്രതികൾ പിടിയിലാകുകയും ചെയ്യുന്നുണ്ട്. പോക്സോ കേസുകൾ അനുദിനം വർധിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ അധ്യാപകർ പോലും ലൈംഗിക വൈകൃതങ്ങൾ കാണിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. സിവിൽ കേസുകളെ അപേക്ഷിച്ച് ക്രിമിനൽ കേസുകളിലുള്ളവരാണ് കൂടുതലായും ജയിൽ ശിക്ഷക്ക് വിധിക്കപ്പെടുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീ തടവുകാരുടെ എണ്ണം വലിയ തോതിൽ കുറവാണ്.
ജയിലുകളുടെ എണ്ണം കൂടുന്നുവെന്നതിന് അർത്ഥം, സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നതാണ്. തൊഴിൽ രാഹിത്യം, ധാർമിക ബോധമില്ലായ്മ, എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗം തേടൽ, നിയമത്തെ ഭയമില്ലായ്്മ തുടങ്ങി വിവിധ കാരണങ്ങൾ കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇട വരുത്തുന്നു. ചെറുപ്പക്കാർക്കിടയിൽ ലഹരിയുടെ ഉപയോഗം വർധിച്ചത് അക്രമങ്ങൾ വർധിപ്പിച്ചിരിക്കുന്നു. സ്വർണക്കടത്ത്, ഹവാല പണമിടപാട് തുടങ്ങി ഒട്ടേറെ മേഖലകളിലൂടെ പുതിയ കുറ്റവാളികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കുറ്റം ചെയ്യാനുള്ള സാഹചര്യങ്ങൾ വർധിക്കുന്നത് കുറ്റവാളികളുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ എണ്ണവും അടുത്ത കാലത്തായി വർധിച്ചുവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
തടവുശിക്ഷ കുറ്റവാളികളെ നല്ല വഴിയിൽ ജീവിക്കാൻ സഹായിക്കുന്നുണ്ടോ എന്ന ചോദ്യവും ബാക്കി നിൽക്കുന്നു. തെറ്റ് ചെയ്യുന്നയാളെ തിരുത്തുകയെന്നുള്ളതാണ് ജയിൽ ശിക്ഷ കൊണ്ട് പ്രധാനമായി ലക്ഷ്യം വെക്കുന്നത്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും മാറ്റി നിർത്തി ഒറ്റപ്പെടലിന്റെ വേദനയിലൂടെ താൻ ചെയ്ത തെറ്റിനെ കുറിച്ച് ചിന്തിക്കുന്നതിനും ഇനിയും തെറ്റിന്റെ വഴിയിലേക്ക് പോകില്ലെന്ന് മാനസാന്തരം വരുത്തുന്നതിനുമുള്ളതാണ് തടവ് ജീവിതം. എന്നാൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ നടത്തി ജയിലിൽ തിരിച്ചെത്തുന്നവർ നിരവധിയാണ്. ഇവർക്ക് തടവു ജീവിതം കൊണ്ട് എന്താണ് കാര്യം. അല്ലെങ്കിൽ, തടവു കൊണ്ട് സമൂഹം ലക്ഷ്യമിടുന്ന ലക്ഷ്യം എവിടെയാണ് യാഥാർഥ്യമാകുന്നത്. ജയിലിലെത്തുന്നവർ അവരേക്കാൾ വലിയ കുറ്റവാളികളുമായി ചങ്ങാത്തം കൂടി പുതിയ കുറ്റകൃത്യങ്ങളുടെ പദ്ധതികളുമായാണ് പുറത്തിറങ്ങുന്നത്.
ജയിലുകൾ മാനസാന്തരത്തിനുള്ള കേന്ദ്രങ്ങളായി മാറണം. കുറ്റവാളികളെ ബോധവൽക്കരിച്ച് സമൂഹത്തിൽ തെറ്റു ചെയ്യാതെയും നിയമത്തെ അനുസരിച്ചും ജീവിക്കാനുള്ള ബാലവാടികളായി തടവറകൾ മാറേണ്ടതുണ്ട്. ജയിൽ പുള്ളികൾക്ക് തടവിന്റെ വിരസത ഒഴിവാക്കുന്നതിനും അവരുടെ ജീവിതത്തെ നിർമാണാത്മകമാക്കുന്നതിനുമുള്ള പദ്ധതികൾ തവനൂർ സെൻട്രൽ ജയിലിലും ഒരുക്കിയിട്ടുണ്ട്. ജയിലിൽ നിർമിക്കുന്ന ഭക്ഷണം പലയിടത്തും ഇന്ന് വിപണിയിൽ എത്തുന്നുണ്ട്. തവനൂർ സെൻട്രൽ ജയിലിൽ തടവുകാരെക്കൊണ്ട് ബിരിയാണി ഉണ്ടാക്കി വിൽപന നടത്താനും പദ്ധതിയുണ്ട്. തെറ്റു ചെയ്തതുകൊണ്ട് സമൂഹത്തിൽ ഒറ്റപ്പെട്ടവനായി മാറിയെന്ന ചിന്ത കുറ്റവാളികളിൽ ഇല്ലാതാക്കാൻ ഇത്തരം ഇടപെടലുകൾ സഹായിച്ചേക്കും. സമൂഹത്തിൽ നാശത്തിന്റെ വിത്തുകൾ പാകാൻ മാത്രമല്ല, ഗുണപരമായ ഒട്ടേറെ കാര്യങ്ങൾക്കും തങ്ങൾക്ക് കഴിയുമെന്ന ശുഭ ചിന്തയാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് തടവുപുള്ളികളിൽ വളർത്തേണ്ടത്. തടവറയിൽ നിന്ന് പുറത്തു വരുമ്പോൾ നല്ല നാളുകളുടെ ശിഷ്ടകാലം തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന ചിന്ത അവരിൽ വളരേണ്ടതുണ്ട്. സാഹചര്യത്തിന്റെ പ്രത്യേകതകൾ കൊണ്ട് തടവുപുള്ളികളായി മാറിയ കുറെ പേർക്കെങ്കിലും മാനസാന്തരത്തിന് തടവറകൾ സഹായകമാകേണ്ടതുണ്ട്.






