ന്യൂദല്‍ഹി- രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഓഫീസില്‍. നാഷണല്‍ ഹെറാള്‍ഡ് ഉടമസ്ഥരായ യംഗ് ഇന്ത്യന്‍ കമ്പനിയില്‍ നടന്ന സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.
രാഹുലിനെതിരായ ഇ.ഡി അന്വേഷണത്തില്‍ പ്രതിഷേധിച്ച രണ്‍ദീപ് സുര്ജേവാലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ദല്‍ഹിയിലെ ഇ.ഡി ഓഫീസിനു ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വന്‍തോതില്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.
നിയമത്തിന്റെ ദുരുപയോഗത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തിനിടെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് തിങ്കളാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇ.ഡി. ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും രാഹുലിന് വ്യക്തമായ വിവരം നല്കാനായില്ലെന്നാണ് വിവരം. യംഗ് ഇന്ത്യ ലിമിറ്റഡിന്റെ പല സാമ്പത്തിക ഇടാപാടുകളെക്കുറിച്ചും രാഹുലിന് അറിവില്ലായിരുന്നു. ചോദ്യം ചെയ്യലിനിടെ ഉച്ചയ്ക്ക് കോവിഡിന് ശേഷം ആരോഗ്യാവസ്ഥ മോശമായ സോണിയ ഗാന്ധിയെ രാഹുല്‍ ഗംഗാറാം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യലിനായി ഇ.ഡി. ആസ്ഥാനത്തേക്ക് മടങ്ങി. പിന്നീട് സന്ധ്യയ്ക്ക് ഏഴു മണിവരെ രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്തു.
ഇ.ഡിയുടെ നോട്ടീസ് ലഭിക്കുമ്പോള്‍ വിദേശത്തായിരുന്ന രാഹുല്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനൊപ്പമാണ് ഇ.ഡിക്ക് മുന്നില്‍ ഹാജരാകാനെത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധത്തിന് തടയിടാന്‍ എ.ഐ.സി.സി ആസ്ഥാനം മുതലുള്ള റോഡുകള്‍ ദല്‍ഹി പോലീസ് അടച്ചിരുന്നു. ഒടുവില്‍ രാഹുലിനേയും പ്രിയങ്കയേയും മാത്രമാണ് കടത്തിവിട്ടത്. അഭിഭാഷകരെ പോലും കടത്തി വിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സംഘര്‍ഷവുമുണ്ടായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കുഴഞ്ഞുവീണു. കൊടിക്കുന്നില്‍ സുരേഷ് എം.പിയെ പോലീസ് തടഞ്ഞു. ഇ.ഡി. ഓഫീസിന് മുന്നില്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല കുത്തിയിരുന്ന് സത്യഗ്രഹം നടത്തി.
കെ.സി. വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി, എം.പിമാരായ ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോണ്‍ഗ്രസ് പ്രതിഷേധത്തിന് മുദ്രാവാക്യം വിളിച്ചു കൊടുക്കാന്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും എത്തിയിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്, തുടങ്ങിയവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ, കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് സ്റ്റേഷനിലിരുന്ന് 'രഘുപതി രാഘവ രാജാറാം' ആലപിച്ച് വേറിട്ട പ്രതിഷേധം തുടര്‍ന്നു. അധീര്‍ രഞ്ജന്‍ ചൗധരി, ഹരീഷ് റാവത്ത്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരാണ് സ്റ്റേഷനില്‍ സംഗീത പ്രതിഷേധം തീര്‍ത്തത്. ഇഡി ഓഫീസിന് സമീപം പ്രതിഷേധിച്ച നേതാക്കളെ തുഗ്ലക് റോഡ് സ്റ്റേഷനിലേക്കാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടു വന്നത്. സ്റ്റേഷനിലെത്തിച്ച നേതാക്കളും പ്രവര്‍ത്തകരും കസേരകളിലും നിലത്തുമായി ഇരുന്നാണ് രഘുപതി രാഘവ രാജാറാം ആലപിച്ചത്.
ഇ.ഡി. ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം രാത്രി വരെ തുടര്‍ന്നു. ഇ.ഡി ഓഫീസിലേക്ക് നേതാക്കളടക്കം ആരെയും രാഹുലിനൊപ്പം കടത്തിവിടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് ശേഷമാണ് കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നും കാല്‍നടയായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയത്. സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനെ അനുഗമിച്ചു. പ്രകടനമായി പോകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ തുടര്‍ന്ന് അക്ബര്‍ റോഡ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പോലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ് രാഹുലിന് പിന്തുണയുമായി മാര്‍ച്ചിനെത്തിയത്. മോഡി സര്‍ക്കാര്‍ ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. രാഹുലിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






