ന്യൂദല്‍ഹി- രാജ്യത്തുടനീളമുള്ള ന്യായവില കട ഡീലര്‍മാര്‍ക്ക് കമ്മീഷന് വര്‍ധിപ്പിക്കണമെന്നും ഏകീകൃത കമ്മീഷന് നിരക്ക് നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇളയ സഹോദരന് പ്രഹ്ലാദ് മോഡി ഒരുങ്ങുന്നു.
ആവശ്യങ്ങള്‍ ജൂലൈ 30 നകം അംഗീകരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് രണ്ടിന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നാണ് പ്രഹ്ലാദ് മോഡി വൈസ് പ്രസിഡന്റായ ഓള് ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് രാംലീല മൈതാനിയില്‍നിന്ന് ആരംഭിച്ച് പാര്‍ലമെന്റില്‍ അവസാനിക്കും.
രാജ്യത്തെമ്പാടുമുള്ള ന്യായവില കട ഉടമകളെ പ്രതിനിധീകരിക്കുന്നതാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള് ഇന്ത്യ ഫെയര്‍ െ്രെപസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്. സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിനും വിശപ്പ് രഹിത ഇന്ത്യക്കുമാണ് സംഘടന നിലകൊള്ളുന്നത്.
ഏകദേശം 10 വര്‍ഷമായി കമ്മീഷന് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് കാളി ചരണ്‍ ഗുപ്ത പറഞ്ഞു. ഒരു കിലോ റേഷനില്‍ 70 പൈസ കമ്മീഷന് ലഭിച്ചിരുന്നത് 90 പൈസയായാണ് ഇതുവരെ വര്‍ധിച്ചതെന്നും നാലു രൂപ കമ്മീഷനാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും എഫ്പിഎസ് ഉടമകള്‍ക്ക് ഏകീകൃത കമ്മീഷന് വേണമെന്നും സംഘടന ആവശ്യപ്പെടുന്നു.
താന്‍ സമരം ചെയ്യുന്നത് തന്റെ സഹോദരനെതിരെയല്ലെന്നും മറിച്ച് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണെന്നും അഹമ്മദാബാദില്‍ റേഷന്‍ കട ഉടമയായ മോഡിയുടെ സഹോദരന് പ്രഹ്ലാദ് മോഡി പറഞ്ഞു. ഒരു അമ്മ പോലും ചോദിക്കാതെ തരില്ലെന്നും സംഘടന എന്ത് ചെയ്യാന്‍ തീരുമാനിക്കുന്നുവോ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മോഡി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ എട്ട് വര്‍ഷമായി രണ്ട് സഹോദരന്മാരും കണ്ടുമുട്ടിയിട്ടില്ല. അമ്മ ഹീരാബെന്നിനെ മോഡി കാണാന്‍ വരുമ്പോള്‍ കുടുംബത്തില്‍ നിന്ന് ആരും അവിടെ ഉണ്ടാകാറില്ലെന്നും പ്രഹ്ലാദ് മോഡി പറഞ്ഞു.






