കോവിഡ് ഭീതിയിൽ നിന്ന് കേരളം  പനിക്കിടക്കയിലേക്ക്


കോവിഡിന്റെ അവസ്ഥ ഇതായിരിക്കേയാണ് കേരളത്തിലെ പനിക്കണക്ക് കുതിച്ചുയരുന്നത്. പനിയേത്, കോവിഡേത് എന്ന് തിരിച്ചറിയുമ്പോഴേക്കും രോഗം അതിന്റെ വ്യാപന ദൗത്യം നിർവഹിച്ചിരിക്കുമെന്നതാണ് വലിയ സങ്കീർണത. അല്ലെങ്കിൽ തന്നെ തനിക്ക് പിടിപെടുന്നത് വൈറൽ ഫീവറും മറ്റുള്ളവരുടേത് കോവിഡും എന്നത് കോവിഡ് കാലത്ത് പ്രചരിച്ച കാര്യം നിറഞ്ഞ തമാശയായിരുന്നു-  കോവിഡോ തനിക്കോ എന്ന ധിക്കാര ഭാവം. അത്തരം മാനസികാവസ്ഥയുള്ളവർ അധികമുള്ള പ്രദേശങ്ങൾ  രോഗത്തിന്റെ വലിയ സാധ്യത കേന്ദ്രങ്ങളാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. 

കേരളത്തിൽ കോവിഡ് വിട്ടൊഴിയാതെ തന്നെയുണ്ട്.  ഇന്ത്യയിൽ കോവിഡ് കാര്യത്തിൽ അതീവ ജാഗ്രത ആവശ്യമുള്ള 17 ജില്ലകളിൽ ഏഴ് എണ്ണവും കേരളത്തിലാണെന്നത് കോവിഡ് കാര്യത്തിലെ കേരള അവസ്ഥ കാണിച്ചു തരുന്നു. രാജ്യത്തെ കോവിഡ്  പ്രതിദിന കണക്കിൽ വീണ്ടും  വർധന രേഖപ്പെടുത്തപ്പെടുകയാണ്.  8582 പേർക്കാണ്  കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ടായി. കഴിഞ്ഞ ദിവസം   2.41 ശതമാനം ആയിരുന്ന ടി.പി.ആർ 2.71 ശതമാനമായി ഉയർന്നു. കോവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര സർക്കാർ ഓർമിപ്പിക്കുന്നുണ്ട്.  പരിശോധനയും വാക്‌സിനേഷനും  കൂട്ടാനാണ് കേന്ദ്രത്തിന്റെ  നിർദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. 
കേരളത്തിൽ കോവിഡ്  പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓർമപ്പെടുത്തലുണ്ട്.  എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. ധാരാളം പനി കേസുകൾ വരുന്നതിനാൽ കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. 
 എറണാകുളത്താണ് കൂടുതൽ കേസുകൾ, 796. തിരുവനന്തപുരത്ത് 368 ഉം കോട്ടയത്ത് 260 ഉം കോഴിക്കോട്ട് 213 ഉം കേസുകളാണ് കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് നിർബന്ധമായും ധരിക്കണം എന്നും അദ്ദേഹം നിർദേശിക്കുകയുണ്ടായി. 
ഒമിക്രോണിന്റെ ചില ഉപവിഭാഗങ്ങൾ  തന്നെയാണ് ഇപ്പോഴും ഇന്ത്യയിൽ നിലവിലുള്ളത്. അവ വലിയ വ്യാപന സ്വഭാവം കാണിച്ചിട്ടില്ലെന്നാണ് പ്രതിരോധ കുത്തിവെയ്പിനുള്ള കേന്ദ്ര സാങ്കേതികോപദേശക സമിതി അംഗം ഡോ.എൻ.കെ. അറോറ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.  കേരളത്തിന്റെ പ്രശ്‌നം ഏഴിലധികം ജില്ലകൾ ആശങ്ക ഉയർത്തി നില കൊള്ളുന്നുവെന്നതാണ്. രണ്ട് ഡോസും ബൂസ്റ്ററുമെടുത്തവരിൽ പോലും കോവിഡ് പടരുന്നുണ്ട്.  
കോവിഡിന്റെ അവസ്ഥ ഇതായിരിക്കേയാണ് കേരളത്തിലെ പനിക്കണക്ക് കുതിച്ചുയരുന്നത്. പനിയേത്, കോവിഡേത് എന്ന് തിരിച്ചറിയുമ്പോഴേക്കും രോഗം അതിന്റെ വ്യാപന ദൗത്യം നിർവഹിച്ചിരിക്കുമെന്നതാണ് വലിയ സങ്കീർണത. അല്ലെങ്കിൽ തന്നെ തനിക്ക് പിടിപെടുന്നത് വൈറൽ ഫീവറും മറ്റുള്ളവരുടേത് കോവിഡും എന്നത് കോവിഡ് കാലത്ത് പ്രചരിച്ച കാര്യം നിറഞ്ഞ തമാശയായിരുന്നു-  കോവിഡോ തനിക്കോ എന്ന ധിക്കാര ഭാവം. അത്തരം മാനസികാവസ്ഥയുള്ളവർ അധികമുള്ള പ്രദേശങ്ങൾ  രോഗത്തിന്റെ വലിയ സാധ്യത കേന്ദ്രങ്ങളാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. 
ജൂണിൽ ഇതുവരെയായി 86,490 പേർക്ക് പനി പിടിപെട്ടുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ചെള്ളുപനി  കാരണം രണ്ട് പേരാണ് തിരുവനന്തപുരത്ത് മാത്രം മരിച്ചത്. 
പാറശാലയിലെ സുബിതയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 38 വയസ്സായിരുന്നു പ്രായം.  തൊട്ടു മുമ്പ് വർക്കലയിൽ 15 വയസ്സുകാരി ചെള്ളുപനി ബാധിച്ചു മരിച്ചിരുന്നു. ഈ വീട്ടിലെ നായയിലും ചെള്ളുപനി  സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്  ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഈ രോഗം വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മരണത്തിന് കാരണമാകും വിധത്തിൽ ഗുരതരമാകും. എലി, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ ചെള്ളുകളാണ് മനുഷ്യരിൽ ഈ രോഗം പരത്തുന്നതിന് കാരണമാകുന്നത്.  മൃഗങ്ങളിലുണ്ടാകുന്ന ചെള്ള്, പേൻ തുടങ്ങിയ ജീവികൾ മനുഷ്യനെ കടിച്ചാൽ ഈ രോഗമുണ്ടാകും. പുല്ലിലും മറ്റും വസ്ത്ര സംരക്ഷണമില്ലാതെ നടന്നാൽ രോഗം പടരും. ശരീരം മുഴുവനായി മൂടുന്ന വസ്ത്രം ധരിക്കുക എന്നത് വളരെ പ്രധാനമാണ്. 
ചെള്ളിന്റെ കടിയേറ്റ സ്ഥലത്തു നിന്നും ബാക്ടീരിയ രക്തത്തിലേയ്ക്ക് കടന്ന് ഇവ പെരുകി ശരീരത്തിൽ വളരുന്നു. കടിച്ച് രണ്ടാഴ്ചക്കകം രോഗലക്ഷണം ശരീരത്തിൽ പ്രത്യക്ഷപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശരീരത്തിൽ വരുന്ന കറുത്ത പാടുകളാണ് പ്രധാന ലക്ഷണം. ഇതിനൊപ്പം തലവേദന, പനി, ചുമ, പേശിവേദന, ദഹന പ്രശ്നം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും സാധാരണയായി കണ്ടുവരുന്നു. രോഗം തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സയും എളുപ്പമാകും. ചെള്ളുകടി ഏൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് പ്രധാനം.  അലോപ്പതിയിൽ  ആന്റിബയോട്ടിക് ചികിത്സയാണ് ഇതിന് നൽകി വരുന്നത്. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാവുന്ന ഈ അവസ്ഥ ഗുരുതരമായാൽ മരണത്തിലേക്കെത്തും.  
    തിരുവനന്തപുരത്ത് ജഗതി, പ്ലാമൂട് എന്നിവിടങ്ങളിലെ നാല് കുട്ടികൾക്ക് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്  അഥവാ തക്കാളിപ്പനി ബാധിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. ഒരേ ക്ലാസിലെ കുട്ടികൾക്കാണ് തക്കാളിപ്പനി ബാധിച്ചത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. 
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാലാണ് ഇതിനെ 'തക്കാളിപ്പനി' എന്ന് വിളിക്കുന്നത്.   '
പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളിലും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്സ് പോലെ പൊള്ളകളാവുന്നതാണ് ലക്ഷണം. ചിക്കൻപോക്സ് കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത് പിറകുവശത്തായി വരുന്ന കുമിളകൾ കാരണം കുഞ്ഞിന് മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്ഥിതി വരും. 

രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത് പകരുന്നത്. വർഷങ്ങളായി നില നിൽക്കുന്നതാണ് ഈ രോഗം. പുതുമയില്ല.  രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. രോഗം വന്നു കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സിക്കാം.  ഈ രോഗം മസ്തിഷ്‌ക ജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ലെന്നത് ആശ്വാസം. 
ഒരു പനിയും വെറും പനിയല്ല എന്ന ഓർമ എല്ലാവർക്കും ഉണ്ടാകണമെന്നതാണ്  വിട്ടൊഴിയാത്ത കോവിഡും വിവിധ തരം പനിയും കേരളത്തിന് നൽകുന്ന ആരോഗ്യ മുന്നറിയിപ്പ്. 

Latest News