ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി. ഒൻപതാമത്തെ സിക്ക് ഗുരുവായ ശ്രീ ഗുരു തേഗ് ബഹദൂറിന്റെ നാന്നൂറാം ജൻമദിനത്തിന്റെ ഭാഗമായാണ് റസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നാണയം പുറത്തിറക്കിയത്. മുംബൈ നാണയ നിർമാണ ശാലയിൽ നിന്നു പുറത്തിറക്കിയ നാണയത്തിന് 35 ഗ്രാം തൂക്കം വരും. അമ്പതു ശതമാനം വെള്ളിയും നാൽപതു ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും ഉപയോഗിച്ചാണ് നാണയം നിർമിച്ചിട്ടുള്ളത്. കൊമെമ്മോറിയൽ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലേക്കിറക്കിയിട്ടില്ല.
നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമേ നാണയം ലഭിക്കുകയുള്ളൂ. നാണയ പ്രേമികൾക്ക് തങ്ങളുടെ ശേഖരത്തിലേക്ക് മുതൽക്കൂട്ടാനുള്ള ഈ സ്മരണിക നാണയത്തിന്റെ വില 3445 രൂപയാണ്. സിക്ക് മതസ്തരുടെ അവസാന ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ 350 ാം ജന്മദിനത്തോടനുബന്ധിച്ച് റിസർവ് ബാങ്ക് രണ്ടു വർഷം മുമ്പ് 350 രൂപയുടെ നാണയവും പുറത്തിറക്കിയിരുന്നു. മാത്രല്ല, വിവിധ വിശേഷ അവസരങ്ങളിലായി 1000, 500, 200, 150, 100, 75, 60, 50, 125 തുടങ്ങിയ ഇന്ത്യൻ നാണയങ്ങളും റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു. മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എയുപി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനും പുരാവസ്തു സൂക്ഷിപ്പുകാരനുമായ എം.സി. അബ്ദുൽ അലിയുടെ കൈവശം ഈ നാണയമെത്തിയിട്ടുണ്ട്.