പ്രധാനമന്ത്രി മോഡി ഈ മാസം യു.എ.ഇ സന്ദര്‍ശിച്ചേക്കും

ദുബായ്- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം അവസാനത്തോടെ യു.എ.ഇ സന്ദര്‍ശിച്ചേക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.  ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്കുള്ള  യാത്രക്കിടെയാകും മോഡി യു.എ.ഇയിലെത്തുക. ജൂണ്‍ 26 മുതല്‍ 28 വരെ ബവേറിയന്‍ ആല്‍പ്‌സിലെ ഷ്‌ലോസ് എല്‍മാവുവിലാണ് ജി 7 ഉച്ചകോടി. ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെ മേഖലയില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് യു.എ.ഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ്.

പ്രവാചക വിരുദ്ധ പ്രസ്താവനകളോടുള്ള യു.എ.ഇയുടെ പ്രതികരണം സൗദി അറേബ്യയെ പോലെ വളരെ കരുതലോടെയായിരുന്നു. ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചതുപോലുള്ള നടപടി യു.എ.ഇയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി വക്താക്കള്‍ക്കെതിരായ നടപടിയെ യു.എ.ഇ സ്വാഗതം ചെയ്തിരുന്നു.

 

Latest News