Sorry, you need to enable JavaScript to visit this website.

പാചകം / നാടൻ ഞെണ്ട് മസാല

ഞെണ്ട് വൃത്തിയാക്കാനും മറ്റും മിനക്കെടാൻ ബുദ്ധിമുട്ടാണ് എന്നതുകൊണ്ടാണ് പല വീട്ടമ്മമാരും ഇത് വേണ്ടെന്നു വെക്കുന്നത്. എന്നാൽ ഞെണ്ട് വിഭവങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. ഞെണ്ടുണ്ടെങ്കിൽ ഉച്ചക്ക് ഒരുരുള കൂടുതൽ കഴിക്കാം എന്നാണ് പലരും പറയുന്നത്. നാവിൽ കൊതിയൂറും നാടൻ ഞെണ്ട് മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 


ആവശ്യമുള്ള സാധനങ്ങൾ

ഞെണ്ട്     ആറ് എണ്ണം
സവാള അരിഞ്ഞത്     രണ്ടെണ്ണം
ചെറിയ ഉള്ളി     അരക്കപ്പ്
ഇഞ്ചി     ഒരു കഷ്ണം
വെളുത്തുള്ളി     അൽപം
തക്കാളി     ഒന്ന്
പച്ചമുളക്     മൂന്നെണ്ണം
മുളക് പൊടി     ഒന്നര ടേബിൾ സ്പൂൺ
മല്ലിപ്പൊടി     ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി     ഒരു ടേബിൾ സ്പൂൺ
ഗരം മസാല    മുക്കാൽ ടീസ്പൂൺ
കുടംപുളി     ഒരു വലിയ കഷ്ണം
ഉപ്പ്     പാകത്തിന്
കറിവേപ്പില     പാകത്തിന്
വെള്ളം     രണ്ട് കപ്പ്
വെളിച്ചെണ്ണ     രണ്ട് ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഞെണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ചട്ടിയിൽ ഞെണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് വേവിച്ചെടുക്കാം. വെന്ത് ചാറ് കുറുകി വരുമ്പോൾ തീ ഓഫാക്കാം.
ചീനച്ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം. ഇതിലേക്ക് വേവിച്ചു വെച്ച ഞെണ്ട് ഒഴിക്കാം. പിന്നീട് അൽപസമയം തിളപ്പിക്കാവുന്നതാണ്. ഇത് ചെറു തീയിൽ വേവിച്ചെടുക്കാം. ചാറ് ആവശ്യത്തിന് വറ്റി പാകമാവുമ്പോൾ തീ ഓഫ് ചെയ്യാം. നല്ല സ്വാദിഷ്ഠമായ ഞെണ്ട് മസാല റെഡി.

 


 

Latest News