തൃശൂര്‍- മുഖ്യമന്ത്രി ശനിയാഴ്ച രാത്രി താമസിച്ച രാമനിലയത്തിലും പരിസരത്തും കനത്ത സുരക്ഷ ഇന്നലെ രാവിലെ വരെ നീണ്ടു. 200 പോലീസുകാരാണ് രാമനിലയത്തിലും സമീപത്തുമായി മുഖ്യമന്ത്രിക്കുള്ള സുരക്ഷയൊരുക്കി ശനിയാഴ്ച വൈകുന്നേരം മുതല്‍ രാവിലെ ഒമ്പതര വരെ ഉറക്കമൊഴിച്ച് നിലയുറപ്പിച്ചത്.
50 പേര്‍ രാമനിലയത്തിന് ഉള്ളില്‍ മാത്രം സുരക്ഷക്ക് ഉണ്ടായിരുന്നു. രാവിലെ ഒന്‍പത് മണി കഴിഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചതിനുശേഷമാണ് പോലീസുകാരെ പിരിച്ചുവിട്ടത് . രാമനിലയത്തിന് മുന്നിലെ പാലസ് റോഡ് ശനിയാഴ്ച വൈകിട്ട് മുതല്‍ ബാരിക്കേഡ് വച്ച് അടച്ച നിലയിലായിരുന്നു.
മുഖ്യമന്ത്രി കടന്നു പോകുന്ന കുന്നംകുളം-പെരുമ്പിലാവ് വഴിയിലും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ വഴിയില്‍ മുഖ്യമന്ത്രി കടന്ന് പോയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്താന്‍ ശ്രമമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ശനിയാഴ്ച തന്നെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശനിയാഴ്ച 22 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പൊതുമുതല്‍ നശിപ്പിച്ചു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കുന്നംകുളത്ത് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലായി. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിക്കുമെന്ന സൂചനയെ തുടര്‍ന്നാണ് കരുതല്‍ തടങ്കല്‍.
ശനിയാഴ്ച രാത്രി രാമനിലയത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും എത്തിയിരുന്നു. ഇ.എം.എസ് സ്മൃതിയില്‍ പങ്കെടുക്കാനാണ് കാരാട്ട് എത്തിയത്.
ഇന്നലെ രാവിലെ രാമനിലയത്തില്‍നിന്നു പൂങ്കുന്നം മേല്‍പ്പാലം വഴിയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മലപ്പുറത്തേക്ക് പുറപ്പെട്ടത്. റോഡ് ക്ലിയര്‍ ചെയ്യാനായി എ.സി.പി യുടെ ഒപ്പം രണ്ടു ജീപ്പുകള്‍കൂടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഏറ്റവും മുന്നില്‍ ഉണ്ടായിരുന്നു.
അതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ പൈലറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനം. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനം. മറ്റൊരു ബുള്ളറ്റ് പ്രൂഫ് എസ്‌കോര്‍ട്ട് വാഹനം അതിനു പിന്നില്‍.
അതിനു പിന്നില്‍ നാലു പോലീസ് ജീപ്പുകള്‍. അവക്ക് പിന്നാലെ ഒരു ആംബുലന്‍സ്, ഒരു ഫയര്‍ഫോഴ്‌സ് വാഹനം, ഒരു ട്രാവലര്‍ എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം.