എആര്‍ നഗറില്‍ ദേശീയപാത സര്‍വേ നിര്‍ത്തിവച്ചു; സ്ഥിതി ശാന്തം

കെ എന്‍ എ ഖാദര്‍ എംഎല്‍എ കുത്തിയിരിപ്പുു സമരത്തില്‍. സംഘര്‍ഷ സ്ഥലത്തെ പോലീസ് പട

പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം 11-ന്

മലപ്പുറം- ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സര്‍വെ നടപടികള്‍ക്കിടെ എആര്‍ നഗറിലുണ്ടായ സംഘര്‍ഷം ശാന്തമായി. ഈ മാസം 11 പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതുവരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന അരീത്തോട് ഭാഗത്തെ സര്‍വെ നിര്‍ത്തിവയ്ക്കാനും തീരുമാനമായി. വലിയപറമ്പില്‍ സര്‍വെ വലിയ സംഘര്‍ഷത്തിനിടയാക്കിയതോടെ സര്‍വെ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് രാവിലെ വേങ്ങര എംഎല്‍എ കെ എന്‍ എ ഖാദര്‍ മലപ്പുറം കലക്ടറുടെ ചേംബര്‍ വാതില്‍ക്കല്‍ കുത്തിയിരിപ്പു സമരം നടത്തി. അരീത്തോട് ഭാഗത്തെ സര്‍വെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചറിയിച്ചതായും ഖാദര്‍ പറഞ്ഞു. മലപ്പുറം എംഎല്‍എ പി ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍ മറ്റു മുസ്ലിം ലീഗ് നേതാക്കളും ഖാദറിനൊപ്പം കുത്തിയിരിപ്പു സമരത്തില്‍ പങ്കെടുത്തു.

പ്രതിഷേധം കനത്തതോടെ സംഘര്‍ഷം രൂക്ഷമായെങ്കിലും സര്‍വെ നടപടികള്‍ തടസ്സമില്ലാതെ പോലീസ് കാവലില്‍ പുരോഗമിച്ചു. ജനവാസ മേഖലകളിലെത്തിയപ്പോഴാണ് പോലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അതേസമയം മറ്റിടങ്ങളിലെ സര്‍വെ സാധാരണ പോലെ തുടരുമെന്ന് ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍ അറിയിച്ചു. എല്ലാ ദിവസം 3.5 കിലോമീറ്ററാണ് സര്‍വെ ചെയ്യുന്നത്. സംഘര്‍ഷമുണ്ടായ ഇന്നും 3.5 കിലോമീറ്റര്‍ സര്‍വെ നടപടികള്‍ പതിവു പോലെ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നതോടെ ദേശീയ പാതയില്‍ മൂന്നു മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു.  പോലീസ് റോഡിലെ തടസ്സങ്ങല്‍ നീക്കി.
 

Latest News