കഴിഞ്ഞ തവണത്തെപ്പോലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബി.ജെ.പി സഖ്യത്തിന് ഈസി വാക്കോവർ അല്ല. എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ ഒരുമയില്ലാതെ പല തട്ടിലായി നിൽക്കുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റെ ദൗർബല്യം. സ്വന്തം മുന്നണി വോട്ടുകൾ സംരക്ഷിച്ചു നിർത്തുന്നതിനൊപ്പം തന്നെ പ്രതിപക്ഷത്തെ ചിതറിക്കുകയെന്ന തന്ത്രമായിരിക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം പയറ്റുക. അതിൽ വീണുപോകാതിരിക്കാനുള്ള മറുതന്ത്രങ്ങളാണ് പ്രതിപക്ഷം സ്വീകരിക്കേണ്ടത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ മറ്റൊരു രാഷ്ട്രീയ യുദ്ധത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ബി.ജെ.പിക്കും അവരുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നതാണ് ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒന്ന് ആഞ്ഞു പിടിച്ചാൽ രാഷ്ട്രപതി പദം സ്വന്തമാക്കാമെന്ന പ്രതീക്ഷ പ്രതിപക്ഷ കക്ഷികൾക്കുണ്ട്. എന്നാൽ അത് എത്രത്തോളം സാധ്യമാകുമെന്നതാണ് കണ്ടറിയേണ്ടത്. ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും. ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും വലിയ വെല്ലുവിളിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നേരിടുന്നത്. ഇതിനെ കൈകാര്യം ചെയ്യുന്നതിലെ മിടുക്കനുസരിച്ചിരിക്കും അവരുടെ വിജയ പ്രതീക്ഷ. ഭരണ മുന്നണിയുടെ പ്രതിസന്ധി മുതലെടുക്കാൻ പ്രതിപക്ഷത്തിന് കഴിയുമോയെന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.
ഇരുസഭകളിലെയും എം.പിമാരും വിവിധ സംസ്ഥാനങ്ങളിലെ എം.എൽ.എമാരും ഉൾപ്പെടുന്ന ഇലക്ടൊറൽ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ എം.എൽ.എമാരുടെ വോട്ടുകളുടെ മൂല്യത്തിൽ വ്യത്യാസമുണ്ടായിരിക്കും. നിലവിലെ സ്ഥിതി അനുസരിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് തങ്ങളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള വോട്ട് മൂല്യമില്ല. അതായത് സഖ്യത്തിന് പുറത്ത് നിൽക്കുന്ന ഏതെങ്കിലും പാർട്ടികളുടെ പിന്തുണ ലഭിച്ചാൽ മാത്രമേ വിജയിക്കാൻ കഴിയൂവെന്ന് ചുരുക്കം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചെറുകിട കക്ഷികളെ ചാക്കിലാക്കാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രിയും അമിത് ഷാ ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കളും ആരംഭിച്ചു കഴിഞ്ഞു.
നിലവിൽ ഇലക്ടൊറൽ കോളേജിലെ കണക്കനുസരിച്ച് മൊത്തം വോട്ട് മൂല്യം 10,86,431 ആണ്. ജമ്മു കശ്മീർ നിയമസഭ സസ്പെൻഡ് ചെയ്തതുകൊണ്ട് അവിടുത്തെ വോട്ട് മൂല്യം കണക്കാക്കില്ല. രാഷ്ട്രപതി സ്ഥാനാർഥിക്ക് വിജയിക്കാൻ വേണ്ടത് ഇതിന്റെ പകുതി വോട്ടാണ്. ദേശീയ ജനാധിപത്യ മുന്നണിയിലെ കക്ഷികൾക്കെല്ലാംകൂടി പരമാവധി 5,35,000 വോട്ടാണുള്ളതെന്നാണ് കണക്ക്. അതായത് മുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കണമെങ്കിൽ അവർ കുറച്ച് വോട്ടുകൾ കൂടി കണ്ടെത്തണം. ഒപ്പം കൈയിലുള്ളത് പോകാനും പാടില്ല. ഇതിന് വേണ്ടിയാണ് ബി.ജെ.പി നേതൃത്വം ഇപ്പോൾ നെട്ടോട്ടമോടുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായതാണ് ബി.ജെ.പിക്ക് തുണയായത്. അല്ലെങ്കിൽ കാര്യങ്ങൾ വലിയ വെല്ലുവിളിയിലേക്ക് പോയേനേ.
ദേശീയ ജനാധിപത്യ സഖ്യം നേരിടുന്ന വെല്ലുവിളികളെ നേട്ടമായി മാറ്റാൻ പ്രതിപക്ഷത്തിന് കഴിയുമോയെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. നിലവിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദ് 65 ശതമാനം വോട്ട് നേടിയാണ് വിജയിച്ചു കയറിയത്. അവിടെ നിന്നാണ് ഇപ്പോൾ 50 ശതമാനം വോട്ട് പോലും നേടാൻ കഴിയാത്ത സ്ഥിതിയിലേക്ക് ബി.ജെ.പിയും അവരുടെ മുന്നണിയും എത്തിപ്പെട്ടിരിക്കുന്നത്. ഇതിനെ മുതലെടുക്കുകയെന്നത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. ഒറ്റക്കെട്ടായിനിന്ന് ഒത്തുവലിച്ചാൽ മാത്രമേ പ്രതിപക്ഷത്തിന്റെ പ്രതീക്ഷക്കൊത്ത് കാര്യങ്ങൾ നീങ്ങുകയുള്ളൂ. ഒപ്പം ഭരണ പക്ഷത്തുനിന്ന് കുറച്ച് വോട്ടുകൾ അടർത്തുകയും വേണം. പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും താൽപര്യം കാട്ടാതെ നിൽക്കുന്ന നാലോ അഞ്ചോ പ്രധാന രാഷ്ട്രീയ കക്ഷികളുണ്ട്. അവരുടെ വോട്ടുകളാണ് നിർണായകമാകുക. അവരിൽ ഒന്നോ രണ്ടോ കക്ഷികളെ കൂടെ നിർത്താനായാൽ ഭരണ മുന്നണിക്ക് അനായാസ വിജയം നേടാനാകും. എന്നാൽ പ്രതിപക്ഷത്തിന് ജയിക്കണമെങ്കിൽ ഒറ്റക്കെട്ടായി നിൽക്കുകയും പ്രതിപക്ഷ വോട്ടുകൾ ഒന്നൊഴിയാതെ നേടുകയും ചെയ്യണം.
സംസ്ഥാന ഭരണം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാണ്. പതിനൊന്ന് സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ കക്ഷികളാണ് അധികാരത്തിലുള്ളത്. ഇതിൽ അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഉൾപ്പെടുന്ന യു.പി.എ മുന്നണിക്കാണ് ഭരണസാരഥ്യം. മറ്റു ആറിടങ്ങളിൽ പ്രത്യക്ഷമായി ഒരു മുന്നണിയിലും പെടാത്തവരാണ് ഭരണ നേതൃത്വത്തിലുള്ളത്. അവരുടെ നിലപാടുകളാണ് യഥാർത്ഥത്തിൽ രാഷ്ട്രപതി ആരെന്ന് നിശ്ചയിക്കുക.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്താനുള്ള നീക്കങ്ങൾ കോൺഗ്രസിന്റെ ഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കത്തെ പ്രതിപക്ഷ കക്ഷികൾ എത്രത്തോളം സ്വീകരിക്കുമെന്നതാണ് പ്രശ്നം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചവിട്ടുപടിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്നതിനാൽ കോൺഗ്രസ് അവസരം മുതലെടുക്കുന്നതിനോട് തൃണമൂൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും ഉൾപ്പെടെയുള്ള പല പ്രബലരായ പ്രതിപക്ഷ കക്ഷികൾക്കും താൽപര്യമില്ല. തങ്ങളുടെ നേതൃത്വത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾ മുന്നോട്ട് പോകണമെന്നാണ് ഇവരുടെ താൽപര്യം. കോൺഗ്രസ് മുൻകൈ എടുക്കുന്നതിനോട് ഇവർ താൽപര്യം കാണിച്ചാൽ പോലും തങ്ങൾക്ക് സ്വീകാര്യനായ വ്യക്തിയെ സ്ഥാനാർഥിയാക്കണമെന്ന നിബന്ധന ഈ കക്ഷികൾ കൊണ്ടുവരും. അതായത് കോൺഗ്രസുകാരനെയോ അല്ലെങ്കിൽ കോൺഗ്രസ് നേതൃത്വത്തിന് മാത്രം താൽപര്യമുള്ള ആരെയെങ്കിലുമോ കെട്ടിയിറക്കി പ്രതിപക്ഷത്തിന്റെ തലയിൽ വെച്ചുകൊടുക്കാൻ കഴിയില്ലെന്നർഥം. ഇവിടെയാണ് എല്ലാവർക്കും സ്വീകാര്യനായ ഒരു പൊതുസ്ഥാനാർഥി എന്ന ചിന്ത ഉയരുന്നത്.
പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷവും പൊതുസമ്മതനായ ആളെയാണ് ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് തേടുന്നത്. തങ്ങളോടൊപ്പം നിൽക്കുമെന്ന് ഉറപ്പുള്ള, ദേശീയ ജനാധിപത്യ സഖ്യത്തിന് പുറത്തുള്ള ചില കക്ഷികളുടെ അഭിപ്രായങ്ങൾ കൂടി ബി.ജെ.പി നേതൃത്വം ഇക്കാര്യത്തിൽ പരിഗണിച്ചേക്കും. ബി.ജെ.പിക്കാരനായ വ്യക്തിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് എതിർപ്പില്ലെന്ന് മുന്നണിക്ക് പുറത്തുള്ള ഒന്നോ രണ്ടോ കക്ഷികൾ സമ്മതം മൂളിയാൽ പൊതു സ്വീകാര്യനായ ഏതെങ്കലും പാർട്ടി നേതാവിനെയോ അല്ലെങ്കിൽ നിലവിലുള്ള വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവിനെയോ ബി.ജെ.പി രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കും.
ഒരു മുന്നണിയിലും ഉൾപ്പെടാത്ത അകാലിദൾ, ബി.എസ്.പി, എസ്.പി, തെലുഗുദേശം, ജനതാദൾ- എസ്, ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയും ചില സ്വതന്ത്രരും ആർക്കൊപ്പം നിൽക്കുമെന്നത് അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തീരുമാനിക്കുക. ഈ പാർട്ടികൾക്ക് നിർണായകമായ വോട്ട് മൂല്യമുണ്ട്. ഇതിൽ വൈ.എസ്.ആർ കോൺഗ്രസിനെയും ബി.ജെ.ഡിയെയും തെലുഗുദേശത്തേയും പാട്ടിലാക്കാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം മുന്നണിയിൽനിന്ന് വോട്ട് ചോർച്ചയുണ്ടാകാനുള്ള സാധ്യതയും ബി.ജെ.പി മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ഓരോ നീക്കവും വളരെ ശ്രദ്ധാപൂർവമാണ്.
സർവസമ്മതനായ ഒരാളെ കൊണ്ടുവരാൻ സാധിച്ചാൽ മാത്രമേ പ്രതിപക്ഷത്തിന് രക്ഷയുള്ളൂ. അല്ലങ്കിൽ വോട്ടുകൾ ചിതറിപ്പോകും. മാത്രമല്ല, ഒരു മുന്നണിയിലും പെടാതെ നിൽക്കുന്ന കക്ഷികളെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും മറ്റും ബി.ജെ.പി പാട്ടിലാക്കുമെന്ന് പ്രതിപക്ഷ കക്ഷികൾക്ക് നന്നായറിയാം. അത്തരം സമ്മർദങ്ങളെ അതിജീവിച്ച് ഇത്തരം കക്ഷികൾ പ്രതിപക്ഷത്തോടൊപ്പം നിൽക്കണമെങ്കിൽ അത്രയും സമ്മതനായ സ്ഥാനാർഥിയെ തന്നെ കണ്ടെത്തേണ്ടി വരും. അത് എളുപ്പമുള്ള കാര്യമല്ല.
രാഷ്ട്രീയ വിഷയങ്ങളിൽ ഒരുമയില്ലാതെ പല തട്ടിലായി നിൽക്കുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ദൗർബല്യം. സ്വന്തം മുന്നണി വോട്ടുകൾ സംരക്ഷിച്ചു നിർത്തുന്നതിനൊപ്പം തന്നെ പ്രതിപക്ഷത്തെ ചിതറിക്കുകയെന്ന തന്ത്രമായിരിക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം പയറ്റുക. അതിൽ വീണുപോകാതിരിക്കാനുള്ള മറു തന്ത്രങ്ങളാണ് പ്രതിപക്ഷം സ്വീകരിക്കേണ്ടത്. അല്ലാത്ത പക്ഷം കഴിഞ്ഞ തവണത്തെപ്പോലെ അനായാസ വിജയമായിരിക്കും ഭരണ മുന്നണിക്കുണ്ടാകുക.






