ടോക്കിയൊ ഒളിംപിക്‌സിന്റെ സുവർണസ്മരണകൾ മനസ്സിൽ നിന്ന് മായും മുമ്പെ അമേരിക്കയിലെ ഓറിഗോണിൽ ലോക അത്‌ലറ്റിക് മീറ്റിന് അടുത്ത മാസം തിരശ്ശീല ഉയരുകയാണ്. ഒളിംപിക്‌സിന്റെ അത്‌ലറ്റിക്‌സിൽ ആദ്യമായി സ്വർണം നേടിയ ഇന്ത്യക്ക് ലോക ചാമ്പ്യൻഷിപ്പിലും ചരിത്രം തിരുത്താനാവുമോ? നീരജ് ചോപ്രയിലാണ് ഇന്ത്യൻ കായികപ്രേമികളുടെ പ്രതീക്ഷ.
നിരവധി കളിക്കാരാണ് ലോക റെക്കോർഡ് പ്രകടനത്തിനായി ഓറിഗോണിനെ കാത്തിരിക്കുന്നത്. റയാൻ ക്രൂസറാണ് അവരിലൊരാൾ. സ്വന്തം നാട്ടിൽ ഷോട്ട്പുട്ട് ലോക റെക്കോർഡ് സ്വന്തമാക്കാനാവുമെന്നാണ് ക്രൂസർ കരുതുന്നത്. ഓറിഗോൺ സ്വദേശിയായ ക്രൂസർ രണ്ടു തവണ ഒളിംപിക് ചാമ്പ്യനായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന പ്രിഫോണ്ടയ്ൻ ക്ലാസിക് മീറ്റിൽ ക്രൂസർ സ്വർണം നേടിയിരുന്നു. ഓറിഗണിലെ യൂജിനിലെ ഹേവാഡ് ഫീൽഡിലെ ഇതേ സ്‌റ്റേഡിയത്തിലാണ് കഴിഞ്ഞ വർഷം ക്രൂസർ ലോക റെക്കോർഡ് സ്ഥാപിച്ചത്. ഇതേ സ്‌റ്റേഡിയത്തിൽ തന്നെ അമേരിക്കൻ ചാമ്പ്യൻഷിപ്പിലും ലോക ചാമ്പ്യൻഷിപ്പിലും ക്രൂസർ പൊരുതും. ഒളിംപിക്‌സ് കഴിഞ്ഞാൽ ഏറ്റവും വലിയ ട്രാക്ക് ആന്റ് ഫീൽഡ് മേളയാണ് ലോക മീറ്റ്. ഇത്തവണത്തെ മീറ്റ് ജൂലൈ 15 മുതൽ 24 വരെയാണ്. യൂജിൻ അത്‌ലറ്റിക്‌സിന് പേരെടുത്ത സ്ഥലമാണ്. ട്രാക്ക് ടൗൺ എന്നാണ് അറിയപ്പെടാറ്. ക്രൂസർ ദോഹയിൽ നടന്ന കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തായിപ്പോയിരുന്നു. ആദ്യമായാണ് ലോക മീറ്റ് അമേരിക്കൻ മണ്ണിൽ നടക്കാൻ പോവുന്നത് എന്ന ആവേശത്തിലാണ് ക്രൂസർ.
ഹേവാഡിൽ കഴിഞ്ഞ വർഷം നടന്ന ഒളിംപിക് ട്രയൽസിലാണ് ക്രൂസർ ഷോട്പുട്ടിൽ ലോക റെക്കോർഡ് തകർത്തത്. 23.37 മീറ്റർ ദൂരത്തേക്കാണ് ഷോട്ട് പായിച്ചത്. എന്നാൽ കഴിഞ്ഞയാഴ്ചയിലെ പ്രിഫോണ്ടയ്ൻ ക്ലാസിക്കിൽ 23.01 മീറ്റർ എറിയാനേ സാധിച്ചുള്ളൂ. ക്രൂസർ വരുന്നത് ത്രോയിംഗ് താരങ്ങളുടെ കുടുംബത്തിൽ നിന്നാണ്. പിതാവ് മിച്ച് ഡിസ്‌കസ് ത്രോ താരമായിരുന്നു. അമ്മാവൻ ബ്രയാനും കസിൻ സാമും ജാവലിൻ ത്രോ താരങ്ങളും. മുത്തച്ഛൻ ലാറിയാണ് ക്രൂസറെ ഷോട്പുട്ടിലേക്ക് ആകർഷിച്ചത്. ടോക്കിയൊ ഒളിംപിക്‌സിന് തൊട്ടുമുമ്പ് ലാറി മരണപ്പെട്ടു.
യൂനിവേഴ്‌സിറ്റി ഓഫ് ഓറിഗോണിന്റെ കാമ്പസിലാണ് ലോക മീറ്റിന് വേദിയൊരുക്കുന്ന ഹേവാഡ് ഫീൽഡ്. ലോക മീറ്റിനായി സ്‌റ്റേഡിയം 27 കോടി ഡോളർ ചെലവിട്ട് പുതുക്കിപ്പണിതിട്ടുണ്ട്. ലോക മീറ്റിന് മുന്നോടിയായുള്ള അമേരിക്കൻ ട്രയൽസ് ഈ മാസം 23 ന് ആരംഭിക്കും.
ട്രയൽസിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്കൻ സ്പ്രിന്റർ ട്രേവോൺ ബ്രോമൽ. കഴിഞ്ഞ വർഷം അമേരിക്കൻ ഒളിംപിക് ട്രയൽസിൽ വിജയിച്ചത് ബ്രോമലാണ്. ടോക്കിയോയിലും വിജയം ആവർത്തിക്കുമെന്നാണ് കരുതപ്പെട്ടത്. പ്രത്യേകിച്ചും ഉസൈൻ ബോൾട് തന്റെ പിൻഗാമിയായി ബ്രോമലിനെ വാഴ്ത്തിയപ്പോൾ. എന്നാൽ ഒളിംപിക്‌സിൽ ഫൈനലിലെത്താൻ പോലും ബ്രോമലിന് സാധിച്ചില്ല. അതിന് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് ബ്രോമൽ.
ഒളിംപിക്‌സിൽ ട്രാക്കിന്റെ താര റാണിയായിരുന്നു ജമൈക്കക്കാരി എലയ്ൻ തോമസ് ഹീറ. 100 മീറ്ററിലും 200 മീറ്ററിലും 4-100 റിലേയിലും അവർ സ്വർണമണിഞ്ഞു. എന്നാൽ ചുമലിലേറ്റ പരിക്കിന്റെ ക്ഷീണത്തിലാണ് എലയ്ൻ. ഈ മാസാവസാനം നടക്കുന്ന ജമൈക്കൻ ട്രയൽസിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കുമെന്നാണ് ഇരുപത്തൊമ്പതുകാരി പറയുന്നത്. ദീർഘകാലമായി ഫ്‌ളോറൻസ് ഗ്രിഫിത് ജോയ്‌നറുടെ പേരിലുള്ള 100 മീറ്ററിലെ ലോക റെക്കോർഡാണ് എലയ്‌ന്റെ ഉന്നം.
10.49 സെക്കന്റിന്റെ റെക്കോർഡ് ഫ്‌ളോറൻസ് ഗ്രിഫിത് ജോയ്‌നർ സ്ഥാപിച്ചത് 34 വർഷം മുമ്പാണ്. എലയ്‌ന്റെ കരിയർ ബെസ്റ്റ് 10.54 സെക്കന്റ് മാത്രം. അതു സ്ഥാപിച്ചത് കഴിഞ്ഞ വർഷം യൂജിനിലായിരുന്നു.