ഗോളടിക്കുന്നതു മാത്രമല്ല ബെൻസീമയുടെ വിനോദം. വാച്ച് നിർമാണത്തിൽ വല്ലാത്ത താൽപര്യമുണ്ട്. ചലനങ്ങളും അവ സൃഷ്ടിക്കുന്ന ചിത്രങ്ങളും തന്നെ വല്ലാതെ കൊതിപ്പിച്ചിട്ടുണ്ടെന്ന് വോഗ് മാൻ അറേബ്യയിലെ അഭിമുഖത്തിൽ ബെൻസീമ പറയുന്നു.
ലോകകപ്പ് വർഷമാണ് ഇത്. ലോകകപ്പ് നേടുന്ന ടീം ഫുട്‌ബോളിലെ ഏറ്റവും വലിയ നേട്ടമാവും സ്വന്തമാക്കുക. എന്നാൽ ലോകകപ്പ് ആസന്നമായിരിക്കെ ലോക ഫുട്‌ബോളിന്റെ നെറുകയിലാണ് കരീം ബെൻസീമ. ലിയണൽ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും നെയ്മാറും പടിയിറങ്ങിയിട്ടില്ലെങ്കിലും അവരുടെ സ്ഥാനമേറ്റെടുക്കുകയാണ് ബെൻസീമയും റോബർട് ലെവൻഡോവ്‌സ്‌കിയും കീലിയൻ എംബാപ്പെയും.
മുപ്പത്തിനാലുകാരൻ ബെൻസീമയുടെ ഫോം അനിഷേധ്യമാണ്. ക്രിസ്റ്റിയാനൊ റയൽ മഡ്രീഡിലായിരിക്കെ താരത്തിന്റെ നിഴലിലായിരുന്ന ബെൻസീമ പിന്നീട് ഗോളുകളുടെ നിറവെളിച്ചത്തിലാണ്. റയലിൽ നിരവധി റെക്കോർഡുകളും ട്രോഫികളും സ്വന്തമാക്കിയ ഫ്രഞ്ച് താരം അതിന് മുമ്പ് ഫ്രഞ്ച് ക്ലബ്ബ് ലിയോണിലും ട്രോഫികളാൽ സമ്പന്നമായ വർഷങ്ങളാണ് പൂർത്തിയാക്കിയത്.
അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടി. അടുത്ത ബാലൻഡോറിന്റെയും ഫിഫ ദ ബെസ്റ്റിന്റെ അവസാന ചുരുക്കപ്പട്ടികയിലെങ്കിലും തീർച്ചയായും ബെൻസീമയുണ്ടാവും. ബെൻസീമയാണ് ഇത്തവണ ബാലൻഡോർ നേടേണ്ടത് എന്നു പറയുന്നത് മറ്റാരുമല്ല, ഏഴു തവണ ആ ബഹുമതി നേടിയ ലിയണൽ മെസ്സിയാണ്.
സഹതാരം മാതിയു വാൽബ്യൂനയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ കൂട്ടുനിന്നുവെന്ന പരാതിയെത്തുടർന്ന് വിലപ്പെട്ട അഞ്ചു വർഷമാണ് ബെൻസീമക്ക് ഫ്രഞ്ച് ജഴ്‌സി തഴയപ്പെട്ടത്. കഴിഞ്ഞ യൂറോ കപ്പിന് മുമ്പാണ് ബെൻസീമക്ക് ഫ്രാൻസ് പൊറുത്തു കൊടുത്തത്. കുഴപ്പത്തിൽ ചാടാതിരിക്കാൻ വാൽബ്യൂനയെ സഹായിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്ന് ബെൻസീമ ആണയിടുന്നു. എന്നാൽ വാൽബ്യൂനയുടെ സെക്‌സ് വീഡിയൊ പുറത്തായതും അതിന്റെ പേരിൽ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമമുണ്ടായതും ബെൻസീമയെ സന്തോഷിപ്പിച്ചിരുന്നുവെന്ന് ഫ്രഞ്ച് കോടതി പറയുന്നു.
യൂറോ 2016 ടൂർണമെന്റാണ് വിവാദം കാരണം ബെൻസീമക്ക് നഷ്ടപ്പെട്ട ആദ്യത്തെ പ്രധാന ടൂർണമെന്റ്. ബെൻസീമയില്ലാതെ ഫ്രാൻസ് 2108 ലെ ലോകകപ്പ് ചാമ്പ്യന്മാരായി.
തന്നെ ഒഴിവാക്കിയ കോച്ച് ദീദിയർ ദെഷോമിനെതിരെ ബെൻസീമ പരസ്യമായി പ്രതികരിച്ചിരുന്നു. ഫ്രാൻസിലെ വംശീയ പാർട്ടിയുടെ സ്വാധീനത്തിന് വഴങ്ങുകയായിരുന്നു കോച്ചെന്ന് സ്‌ട്രൈക്കർ ആരോപിച്ചു. അതിന് പ്രതിധ്വനി ഉണ്ടായി. ബ്രിട്ടാനിയിലെ ദെഷോമിന്റെ വസതിക്കു പുറത്ത് അക്രമികൾ വംശീയവാദി എന്ന് എഴുതി വെച്ചു.
ബെൻസീമയുടെ ആരോപണം വെറുതെയായിരുന്നില്ല. താരത്തിനെതിരെ ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടി ഏറെക്കാലമായി പ്രചാരണമഴിച്ചു വിടുന്നുണ്ടായിരുന്നു. തന്റെ മാതാപിതാക്കളുടെ രാജ്യമായ അൾജീരിയക്കു പകരം ഫ്രാൻസിനെ സ്വന്തം നാടായി തെരഞ്ഞെടുത്തതിന് കാരണം ഫുട്‌ബോൾ മോഹമാണെന്നും അൾജീരിയയാണ് ഹൃദയത്തിലെന്നും 2006 ലെ അഭിമുഖത്തിൽ ബെൻസീമ പറഞ്ഞതിനെ അവർ ആയുധമായി എടുക്കുകയായിരുന്നു. ബെൻസീമയുടെ വല്യുപ്പയാണ് അൾജീരിയയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറിയത്. ലിയോണിൽ അവർ താമസമാക്കി.
തന്റെ മനസ്സ് നിറയെ അൾജീരിയയാണെന്നും തന്റെ വേരുകൾ അവിടെയാണെന്നും ബെൻസീമ പറഞ്ഞു. ഫ്രാൻസിനെ തെരഞ്ഞെടുത്തത് ഫുട്‌ബോൾ കാരണമാണ്. സ്‌പോർട്‌സിനപ്പുറം അതിൽ ഒന്നുമില്ല -ഫ്രഞ്ച് റേഡിയോയുമായുള്ള അഭിമുഖത്തിൽ ബെൻസീമ പറഞ്ഞിരുന്നു.
മാതാപിതാക്കളും ഇസ്‌ലാമിക മൂല്യങ്ങളുമാണ് തന്റെ പ്രചോദനങ്ങളെന്ന് പലതവണ ബെൻസീമ വ്യക്തമാക്കി. കുടുംബമാണ് എനിക്ക് പ്രചോദനം. മാതാപിതാക്കൾ പകർന്നു തന്ന മൂല്യങ്ങളും വിശ്വാസവുമാണ് എന്നെ ഞാനാക്കിയത്. ഓരോ ദിവസവും ലക്ഷ്യത്തിൽ അടിയുറച്ചു മുന്നേറാൻ എന്റെ വിശ്വാസമാണ് എന്നെ പ്രാപ്തനാക്കുന്നത്. അതാണ് എല്ലാത്തിനും എനിക്കു കരുത്ത്. -2019 ൽ വോഗ് മാൻ അറേബ്യ മാഗസിന് നൽകിയ അഭിമുഖത്തിൽ ബെൻസീമ വിശദീകരിച്ചു.
ബെൻസീമയും ഫ്രഞ്ച് ടീമിലെ സഹതാരം ഫ്രാങ്ക് റിബെറിയും സാഹിയ ദെഹർ എന്ന അഭിസാരികയുമായി അവർക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പ് ബന്ധപ്പെട്ടിരുന്നതായി ആരോപണമുയർന്നിരുന്നു. ബെൻസീമ അത് ശക്തമായി നിഷേധിച്ചു. 2014 ൽ ബെൻസീമക്കെതിരായ ആ കേസ് പരാജയപ്പെട്ടു.
ഗോളടിക്കുന്നതു മാത്രമല്ല ബെൻസീമയുടെ വിനോദം. വാച്ച് നിർമാണത്തിൽ വല്ലാത്ത താൽപര്യമുണ്ട്. ചലനങ്ങളും അവ സൃഷ്ടിക്കുന്ന ചിത്രങ്ങളും തന്നെ വല്ലാതെ കൊതിപ്പിച്ചിട്ടുണ്ടെന്ന് വോഗ് മാൻ അറേബ്യയിലെ അതേ അഭിമുഖത്തിൽ ബെൻസീമ പറയുന്നു.
എന്നാൽ ബെൻസീമയുടെ ഏറ്റവും വലിയ ആവേശം രണ്ടു മക്കളാണ് - മകൾ മെലിയയും മകൻ ഇബ്രാഹിമും. അവരാണ് തന്റെ സന്തോഷത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ബെൻസീമ പലതവണ പറഞ്ഞത്.