റിസോര്‍ട്ടിലെത്തിയ ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്ത ജീവനക്കാര്‍ കുറ്റക്കാര്‍, ശിക്ഷ 18 ന്

തിരുവനന്തപുരം- പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. റിസോര്‍ട്ടിലെ ജീവനക്കാരായ അസം സ്വദേശികള്‍ ലോക്കിനാഥ് (29), പ്രസോനാഗം (31) എന്നിവരെയാണ് കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തിയത്. ശിക്ഷ ഈ മാസം 18 ന് വിധിക്കും.

2013 നവംബര്‍ 28 നാണ് സംഭവം. റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ബംഗളൂരുവില്‍നിന്നെത്തിയ ബഹുരാഷ്ട്ര കമ്പനിയിലെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിയത്. യുവതി താമസിച്ചിരുന്ന മുറിയുടെ കതകിന്റെ വിജാഗിരി പ്രതികള്‍ നേരത്തേ ഇളക്കിവെച്ചിരുന്നു.

ഒന്നാം പ്രതിയുടെ കൈയില്‍ കെട്ടിയിരുന്ന ചെയിന്‍ ഇളകി കിടക്കയില്‍ വീണുകിടന്നിരുന്നു. ഇതാണ് നിര്‍ണായകമായത്. പൂവാര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുമ്പോഴാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് റിസോര്‍ട്ടിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചെയ്ന്‍ ലോക്കിനാഥിന്റേതാണെന്ന് കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളെയും പിടികൂടി.

ജാമ്യം നില്‍ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പ്രതികള്‍ക്ക് ഒരുഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രശ്മി സദാനന്ദനാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്.

 

Latest News