ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ ചട്ടം വരുന്നു

ന്യൂദല്‍ഹി- വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിച്ചതിനു തൊട്ടുപിറകെ വാര്‍ത്താ പോര്‍ട്ടലുകളേയും മാധ്യമ വെബ്‌സൈറ്റുകളേയും നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും കൊണ്ടുവരാന്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചു. നിയന്ത്രണ ചട്ടങ്ങള്‍ക്കു രൂപം നല്‍കാന്‍ മന്ത്രാലയം ഒരു പത്തംഗ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കുകയും ചെയ്തു. വാര്‍ത്താ പ്രക്ഷേപണ, ഇലക്ട്രോണിക്‌സ് ആന്റ് ഐടി, ആഭ്യന്തര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, നിയമകാര്യം, വ്യവസായ നയ പ്രചാരണ വകുപ്പുകളിലെ സെക്രട്ടറിമാര്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണു സമിതി.

സ്വകാര്യ ടെലിവിഷന്‍ ചാനുകളുടേയും അച്ചടി മാധ്യമങ്ങളുടേയും ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നിലവില്‍ ചട്ടങ്ങളുണ്ട്. എന്നാല്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിലയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ല. അതുകൊണ്ടാണ് ഇവയ്ക്ക് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വാര്‍ത്തകളുടേയും വിവരങ്ങളുടേയും വ്യാപനം പരിശോധിച്ച് ആവശ്യമായ നിയന്ത്രങ്ങള്‍ നിര്‍ദേശിക്കുകയാണ് സമിതിയുടെ ചുമതല. ഇതു സംബന്ധിച്ച് ആഗോള സാഹചര്യങ്ങളും വിദേശത്തെ നിയന്ത്രണ ചട്ടങ്ങലും സമിതി പരിശോധിച്ച് ആവശ്യമായവ സ്വാംശീകരിക്കും. 

Latest News