സല്‍മാന്‍ ഖാനെ ജയിലിലടച്ചത് മുസ്ലിമായതിനാല്‍; പാക് മന്ത്രി വിവാദത്തില്‍ 

ഇസ്്‌ലാമാബാദ്- മാന്‍വേട്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ടത് ന്യൂനപക്ഷ സമുദായക്കാരനായതിനാലാണെന്ന് പാക്കിസ്ഥാന്‍ വിദേശ മന്ത്രി ഖ്വാജ ആസിഫ്. മന്ത്രിയുടെ പ്രസ്താവന സ്ഥാനത്തിനു യോജിച്ചതെല്ലെന്ന് ഇന്ത്യയില്‍ പരക്കെ വിമര്‍ശമുയര്‍ന്നു. 
പാക്കിസ്ഥാനിലെ ജിയോ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 20 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ കഠിനമായ ശിക്ഷ വിധിച്ചത് ഇന്ത്യയില്‍ മുസ്്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും തൊട്ടുകൂടാത്തവര്‍ക്കും എന്തു വിലയാണുള്ളതെന്നാണ് വ്യക്തമാക്കുന്നതെന്നും ഹാമിദ് മിറിന്റെ ചോദ്യത്തിനു മറുപടിയായി പാക് വിദേശമന്ത്രി പറഞ്ഞു. 
രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ രാജസ്ഥാനിലെ ജോധ്പുര്‍ കോടതിയാണ് സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.
സല്‍മാന്‍ ഖാന്‍ ഭരണകക്ഷിയുടെ മതക്കാരനായിരുന്നെങ്കിലും ഇത്ര കഠനമായ ശിക്ഷ നല്‍കുമായിരുന്നില്ലെന്നും കോടതി ഇളവ് കാണിച്ചേനെയെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. 
അതേസമയം, പാക് മന്ത്രിയുടെ പ്രസ്താവന ട്വിറ്ററില്‍ വ്യാപകമായി അപലപിക്കപ്പെട്ടു. കോടതി ശിക്ഷ വിധിച്ച സംഭവത്തില്‍ മതനിറം നല്‍കിയതിനെയാണ് ട്വീറ്റുകളില്‍ ചോദ്യം ചെയ്തത്.
മാന്‍വേട്ടക്കേസില്‍ സൈഫ് അലിഖാനെ വെറുതെ വിട്ടത് ഹിന്ദുവായതു കൊണ്ടാണോയെന്ന് ഒരു വിമര്‍ശകന്‍ ചോദിച്ചു. 
 

Latest News