സൂര്യപ്രകാശം ഏറെ ആനന്ദകരവും മഴ ഉന്മേഷദായകവും കാറ്റ് ഉണർത്തുപാട്ടും മഞ്ഞ് ഉൾകുളിരേകുന്നതുമാണ്. യഥാർത്ഥത്തിൽ മോശം കാലാവസ്ഥ എന്നൊന്നില്ല. വ്യത്യസ്ത തരത്തിലുള്ള നല്ല കാലാവസ്ഥ മാത്രമേയുള്ളൂ എന്ന് വിശ്വപ്രസിദ്ധനായ ജോൺ റസ്‌കിൻ പറഞ്ഞുവെച്ചിട്ടുണ്ട്. എന്നാൽ പ്രകൃതിയിലെ മാറ്റങ്ങൾ നമ്മുടെ ജീവിതത്തെയും പെരുമാറ്റത്തെയും ഏറെ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല.
ഓരോ കാലാവസ്ഥയും അതുമായി ബന്ധപ്പെട്ട ബാഹ്യമായ ഘടകങ്ങളുടെ സ്വാധീനങ്ങളും ശരീരത്തിന്റെയും മനസ്സിന്റെയും പ്രവർത്തനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കൗതുകകരവും പഠനാർഹവുമാണ്. നാം അറിഞ്ഞോ അറിയാതെയോ വിവിധ കാലാവസ്ഥകളിൽ നമ്മുടെ ഭക്ഷണം, വേഷം, ആരോഗ്യ പരിപാലനം, പെരുമാറ്റം ചുറ്റുപാട് എന്നിവ ഏറെ വ്യത്യാസപ്പെടുന്നുണ്ട്.
തണുത്ത കാലാവസ്ഥയിൽ ശരീരോഷ്മാവ് ക്രമീകരിച്ച് നിലനിർത്തുന്നതിനായി രക്തധമനികൾ ചുരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഈ കാലയളവിൽ രക്തസമ്മർദം കൂടുകയും ചെയ്യുന്നു. ഹൃദയാഘാതാവും പക്ഷാഘാതവുമൊക്കെ തണുപ്പ് കാലത്ത് കൂടുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മേഘാവൃതമായ ആകാശത്തിന് കീഴെ സൂര്യ പ്രകാശം വേണ്ടത്ര ലഭിക്കാത്ത ഇടങ്ങളിൽ വസിക്കുന്നവരിൽ കാലാവസ്ഥ സംബന്ധിയായി മാനസിക അസ്വാസ്ഥ്യങ്ങളും പിരിമുറുക്കങ്ങളും കൂടുതലായി കണ്ടുവരാറുണ്ട്. സ്ത്രീകളിലാണ് പൊതുവെ ഇത്തരം അസ്വസ്ഥതകൾ താരതമ്യേന കൂടുതലും കണ്ടു വരുന്നത്. എളുപ്പത്തിൽ ദേഷ്യം വരിക, ഏകാഗ്രത കുറയുക, ഊണിലും ഉറക്കത്തിലും വേണ്ടത്ര ശ്രദ്ധ കിട്ടാതെ വരിക, ആലസ്യവും താൽപര്യക്കുറവും വർധിക്കുക തുടങ്ങിയ മാറ്റങ്ങൾ ഈ കാലയളവിൽ ഏറെ പ്രകടമായിരിക്കും. നല്ല വെളിച്ചമുള്ള പകലുകൾ കൂടുതൽ ഉല്ലാസകരവും സർഗ പ്രക്രിയകൾക്ക് കൂടുതൽ ഇണങ്ങിയതുമായിരിക്കും എന്ന് പറയാറുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഭിന്നാഭിപ്രായമുള്ളവരും ധാരാളമുണ്ട്.
അത്യുഷ്ണ കാലത്ത് മനുഷ്യരുടെ പെരുമാറ്റത്തിൽ നിസ്സാരമല്ലാത്ത മാറ്റങ്ങൾ സംഭവിക്കുന്നു. മനുഷ്യർ കൂടുതൽ കലഹപ്രിയരാവുന്നതും കുറ്റവാസനകൾ ക്രമതീതമായി വർധിക്കുന്നതും അന്തരീക്ഷോഷ്മാവ് കൂടിയ കാലാവസ്ഥയിലാണെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
ഉഷ്ണകാലത്ത് ശരീരം ആവശ്യത്തിന് വെള്ളം കിട്ടാതെ നിർജ്ജലീകരണത്തിന് വിധേയമാവുന്നുണ്ട്. ഈ കാരണത്താൽ കിഡ്‌നി രോഗങ്ങൾ ത്വക്‌രോഗങ്ങൾ എന്നിവ ഈ കാലയളവിൽ വർധിക്കുന്നു. കൂടാതെ ഉൽക്കണ്ഠ, മൂഡ് മാറ്റങ്ങൾ, മറവി, മുറിവുകൾ എന്നിവയും വർധിക്കുന്നുണ്ട്. ശീതീകരണ ഉപകരണങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലെ മനുഷ്യർ കൂടുതൽ പുറത്തിറങ്ങി നടക്കുന്ന കാലം കൂടിയാണിത്. അതിനാൽ തന്നെ കുറ്റകൃത്യങ്ങളുടെ തോതും കൂടുന്നു.
ലോകമെമ്പാടും പല കാരണങ്ങളാൽ അന്തരീക്ഷോഷ്മാവ് ക്രമാതീതയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി മനുഷ്യന്റെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. മൂല്യവിചാരങ്ങൾക്ക് പ്രസക്തി കുറയുകയും ആർക്കും ആരെയും എന്തും എവിടെ വെച്ചും പറയാമെന്നും ചെയ്യാമെന്നുമായിരിക്കുന്നു.
കാലാവസ്ഥ വ്യതിയാനങ്ങൾ മാനസികാരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കാര്യം തിരിച്ചറിയപ്പെടണം. ഈ തിരിച്ചറിവ് കുടുംബത്തിലും സമൂഹത്തിലും ഉയർന്നു വരുന്ന അസംഖ്യം പ്രതിസന്ധികൾ കൂടുതൽ എളുപ്പത്തിൽ പരിഹരിക്കാൻ സഹായിച്ചേക്കും.
മനുഷ്യന്റെയും പ്രകൃതിയുടെയും സുരക്ഷിതവും സുശാന്തവുമായ നിലനിൽപിനും പാരസ്പര്യത്തിനും മുതൽകൂട്ടാവുന്ന തരത്തിൽ എൻവയൺമെന്റൽ സൈക്കോളജി എന്ന നൂതന ശാസ്ത്രശാഖ കൂടുതൽ കാര്യക്ഷമവും ഉപകാരപ്രദവുമായ പഠന ഗവേഷണ പരീക്ഷണങ്ങളുമായി വരും കാലങ്ങളിൽ മുന്നേറുമെന്നത് കൂടുതൽ പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്. അതോടൊപ്പം, കാലാവസ്ഥയെ കുറ്റപ്പെടുത്തുകയെന്നത് ഭാവനാ രഹിതരുടെ ഒടുവിലത്തെ അടവാണ് എന്ന് ഓസ്‌കർ വൈൽഡ് ഉണർത്തിയ കാര്യവും മറക്കാതിരിക്കുക.






