സുഡുവിനേയും ഉമ്മമാരേയും മനസ്സിലേറ്റി ബാലചന്ദ്ര മേനോന്‍

കണ്ടവരെല്ലാം ഒരേസ്വരത്തില്‍ അഭിനന്ദിച്ച സുഡാനി ഫ്രം നൈജീരിയ കണ്ട പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ വിശേഷിപ്പിക്കുന്നു ....മധുരമായ ഒരു ചലച്ചിത്രം.. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം സിനിമാ അനുഭവം പങ്കുവെക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. 


അങ്ങിനെ ഞാനും സുഡാനി കണ്ടു .

'തൊണ്ടിമുതലിനും ദൃക്‌സാക്ഷിക്കും' ശേഷം  ഇങ്ങനെ ഒരു ചിത്രത്തെ പറ്റി  കണ്ടവര്‍ ഒരേ സ്വരത്തില്‍ അഭിനന്ദിച്ചു കേട്ട സിനിമ ഇതാണെന്നു തോന്നുന്നു .

ഒരു നൈജീരിയക്കാരനെ  സിനിമയിലെ പ്രധാന കഥാപാത്രത്തെ   ഏല്‍പ്പിക്കാന്‍ അണിയറ ശില്പികള്‍ക്കു തോന്നിയ ധൈര്യം തന്നെയായിരുന്നു ചിത്രം കാണാനുള്ള പ്രേരണ . എന്നാല്‍ സിനിമ തുടങ്ങി  അരമണിക്കൂറിനുള്ളില്‍ നൈജീരിയ ഞാന്‍ മറന്നു .'സുഡു ' എന്റെ പരിചയക്കാരനായി .അങ്ങിനെ ആ ചിത്രത്തിലെ ഓരോരുത്തരും ...ചിത്രം കണ്ടു തിരികെ കാര്‍ െ്രെഡവ് ചെയ്തു പോരുമ്പോഴാണ്  ഫുട് ബാളും കാലിന്റെ സര്‍ജറിയൊന്നുമല്ല ,  'കളിയല്‍പ്പം കാര്യ' മുണ്ടെന്നുള്ള വീണ്ടു വിചാരമുണ്ടായത് 

കഥയും അവതരണവും അഭിനയവുമൊക്കെ ജോര്‍. എന്നാല്‍ സമീര്‍ താഹിറും ഷൈജു  ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത്    സഖറിയാ എന്നചെറുപ്പക്കാരനാണ്. ഒരാള്‍ കാറോടിക്കുന്നതോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതോ കണ്ടാല്‍ അയാളുടെ തനി സ്വരൂപം അറിയാം എന്ന് പറയുന്നതുപോലെ  ഒരാള്‍  സംവിധാനം ചെയ്യുന്ന ചിത്രം കണ്ടാല്‍ അയാളുടെ  മനസ്സിന്റെ  പ്രകൃതമറിയാന്‍ കഴിയും .ഈ ചിത്രം കണ്ട ഞാന്‍ സഖറിയെ 'പെരുത്തിഷ്ടപ്പെട്ടതും' അങ്ങിനെത്തന്നെയാവണം ...

മറക്കാനാവാത്ത രണ്ടു ഉമ്മമാരാണ് എന്റെ മനസ്സു കീഴടക്കിയത് . അവരിലൂടെ സഖറിയാ നമ്മിലേക്ക് പകരുന്ന സന്ദേശം എടുത്തുപറയാതെ വയ്യ. അജണ്ട വെച്ച് ജീവിക്കുന്ന, അതായത് കമഴ്ന്നാല്‍ കാല്‍പ്പണം എന്ന് വിശ്വസിക്കുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ ലഹരിയില്‍ പെട്ടിരിക്കുന്ന ഈ സമൂഹത്തില്‍ ആ ഉമ്മമാര്‍ മാലാഖകളായി പ്രശോഭിക്കുന്നു . സഖറിയാ എവിടുന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് എന്റെ സംശയം .ഇംഗ്ലീഷ് ഒട്ടും തിരിയാത്ത അവര്‍ സ്‌നേഹത്തിന്റെ നോട്ടങ്ങളിലൂടെ സുഡു വുമായി സംവേദനം നടത്തുന്ന ശൈലി മനോഹരം തന്നെ. അത്രകണ്ട് ചേലുണ്ട്  സൗബിന്റെ  ഇംഗ്ലീഷ് മലയാളം 'രസായനം'!
ജാതി നോക്കാതെ, മതം നോക്കാതെ എങ്ങു നിന്നോ വന്ന ഒരു സുഡു  എന്ന കാല്പന്തുകളിക്കാരനെ ഇത്ര കണ്ടു സ്‌നേഹിക്കാനും അവന്‍ പോകുമ്പോള്‍ വികാര വായ്‌പോടെ അവന്റെ പെങ്ങള്‍ക്കുള്ള ജിമിക്കിയും അവനുള്ള വാച്ചും സമ്മാനിക്കാനുള്ള മനസ്സ് ഈ തലമുറയ്ക്ക് ഒരു പ്രചോദനമാവട്ടെ .ഇന്നാട്ടിലെ കവലപ്രസംഗത്തൊഴിലാളികളായ  രാഷ്ട്രീയക്കാര്‍ ഈ ഉമ്മമാരെ ഒരു തവണയെങ്കിലും ഒന്ന് കണ്ടിരിക്കുന്നത് നന്നായിരിക്കും 

ഞാന്‍ ഇപ്പോഴും ബലമായി സംശയിക്കുന്നു . ഇങ്ങനെയുള്ള മനസ്സിന്റെ ഉടമകള്‍ ഇപ്പോള്‍ ഉണ്ടോ ? ഉണ്ടെങ്കില്‍ .....മനുഷ്യരാശിക്ക് ഭാവിയുണ്ട് .

ചിത്രത്തിന്റെ ഒടുവില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ബനിയനുകള്‍ പരസ്പ്പരം മാറിയിടുന്ന രംഗം ലേശം നിറം കൂടിപ്പോയി എന്ന് തോന്നാമെങ്കിലും 'വെളുമ്പനും കറുമ്പനും ' തമ്മിലുള്ള സമരസപ്പെടല്‍ ആണല്ലോ എന്നോര്‍ത്തപ്പോള്‍  അനല്പമായ സന്തോഷം തോന്നി .
എന്നാല്‍ ചിത്രം പുറത്തിറങ്ങി അധികം കഴിയും മുന്‍പേ പ്രതിഫലത്തിന്റെ കാര്യത്തില്‍  സിനിമയുടെ ശില്‍പ്പികള്‍ 'വംശീയമായ ' വേര്‍തിരിവ് കാട്ടി എന്ന് സുഡു   തന്നെ കരക്കാരോട്  ഉച്ച ഭാഷിണി വെച്ച് പറയുന്നത് കേട്ടപ്പോള്‍ ഏറെ വിഷമവും .

അതെന്തുമാകട്ടെ , സുഡാനി  പ്രോത്സാഹനം അര്‍ഹിക്കുന്ന  മധുരമായ ഒരു ചലച്ചിത്രമാണ് ,
നാട്യങ്ങളോ ജാഡകളോ ഇല്ലാത്ത ഒരു അനുഭവം...
ഒരു വയസ്സുകാരന്റെ പല്ലില്ലാത്ത മോണ  കാട്ടിയുള്ള ചിരിയുടെ സുഖം.
ഒരിക്കല്‍ കൂടി അതിന്റെ  അണിയറശില്പികളെ അഭിനന്ദിച്ചതുകൊണ്ടു ഒരു തെറ്റുമില്ല...

ശ്ശെടാ ...ദേ  പിന്നേം ആ ഉമ്മമാരെന്റെ മനസ്സിലേക്ക് വരുന്നു നാട്ടിന്‍പുറത്തിന്റെ  നൈര്‍മ്മല്യവുമായി ...
ഞാന്‍ എന്ത് ചെയ്യും ? 
സഖറിയാ ,  നിങ്ങള്‍ തന്നെ സമാധാനം പറഞ്ഞേ  പറ്റൂ .....
 

Latest News