Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ മലയാളി വനിതകള്‍ക്ക് കരുത്തുപകര്‍ന്ന റുക്‌സാന മൂസ നാട്ടിലേക്ക്

ജിദ്ദ-നാട്ടിലെത്തിയാലും പൊതുരംഗത്ത് സജീവമായി തുടരാനുള്ള നിശ്ചിയദാര്‍ഢ്യത്തോടെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നാല് പതിറ്റാണ്ടോളം സജീവ സാന്നിധ്യമറിയിച്ച റുക്‌സാന മൂസ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. തനിമ സാംസ്‌കാരിക വേദിയിലൂടെ ആദ്യം യാംബുവിലും പിന്നീട് ജിദ്ദയിലും സജീവ പ്രവര്‍ത്തനം കാഴ്ച വെച്ചശേഷമാണ് പരേതനായ കണ്ണൂര്‍ താണ സ്വദേശി ആലക്കലകത്ത് മൂസയുടെ ഭാര്യയായ റുക്‌സാന മൂസ നാട്ടിലേക്ക് മടങ്ങുന്നത്. ഇസ്്‌ലാമിനെ കുറിച്ചും മുസ്ലിംകളെ കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ നീക്കുകയാണ് ഇക്കാലത്ത് ഏറ്റവും അനിവാര്യമെന്നും ആ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ ഊന്നുമെന്നും അവര്‍ പറഞ്ഞു. ജിദ്ദയിലെ പ്രവാസി സാമൂഹിക ജീവിതത്തില്‍ നിരവധി വനിതാ പ്രവര്‍ത്തകരെ വളര്‍ത്തിക്കൊണ്ടുവന്നാണ് സൗമ്യമായ ഇടപെടലുകളിലൂടെ ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ച റുക്‌സാന മൂസയുടെ മടക്കം.  
സാമൂഹിക, ജനസേവന രംഗത്ത് സജീവായിരുന്ന ഭര്‍ത്താവ് മൂസ, ജിദ്ദയില്‍ രണ്ട് വര്‍ഷം മുമ്പ് കാറപടകത്തില്‍ മരിച്ചപ്പോള്‍ റുക്‌സാന കാണിച്ച അസാമാന്യക്ഷമയെ കുറിച്ച് അവരോടൊപ്പമുണ്ടായിരുന്ന വനിതകള്‍ ഓര്‍മിക്കുന്നു. ഭര്‍ത്താവിന്റെ വേര്‍പാട് തളര്‍ത്തിയെങ്കിലും കൂടുതല്‍ സജീവമാകുകയാണ് തന്റെ ദൗത്യമെന്ന് മനസ്സിലാക്കി ആയിരുന്നു അവരുടെ പ്രവര്‍ത്തനം.
ഫാമിലി വിസയില്‍ 1984 ല്‍ യാംബുവിലെത്തിയാണ് പ്രവാസ ജീവിതത്തിനു തുടക്കം. 1990 കളില്‍ യാംബുവില്‍ തനിമ സാംസ്‌കാരിക വേദിയുമായി ബന്ധപ്പെട്ടതോടെയാണ്  പൊതുജീവിതം ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു. പ്രവാസത്തോട് വിട ചൊല്ലുമ്പോള്‍ വലിയ പ്രസംഗകയും പൊതുപ്രവര്‍ത്തകയായും മടങ്ങുന്ന അവര്‍ തനിക്കുണ്ടായ നേട്ടങ്ങളെല്ലാം പ്രവാസം സമ്മാനിച്ചതാണെന്നും പറയുന്നു.


തനിമ സാംസ്‌കാരിക വേദിയില്‍ ഭര്‍ത്താവിനോടൊപ്പം ആരംഭിച്ച പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. ഭര്‍ത്താവിന് ജോലി മാറ്റം ലഭിച്ചതോടെയാണ് പത്തുവര്‍ഷത്തെ യാംബു ജീവിതം അവസാനിപ്പിച്ച് ജിദ്ദയിലെത്തിയത്. ജിദ്ദയിലെത്തിയ അവര്‍ മേഖലാ കണ്‍വീനര്‍, സോണല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ച ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി ജിദ്ദ സൗത്ത് സോണ്‍ വനിതാ പ്രസിഡന്റാണ്. മാനവീയം രക്ഷാധികാരി, സിജി, അക്ഷരം വായനവേദി തുടങ്ങിയ കൂട്ടായ്മയില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.  2009 മുതല്‍ ശറഫിയ ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപികയായും സേവനമനുഷ്ടിച്ചു.  തനിമയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ജിദ്ദയിലെ മറ്റു വനിതാ കൂട്ടായ്മകളായ നവോദയ കുടുംബവേദി, ഐവോ, ജിദ്ദ കലാസാഹിതി തുടങ്ങിയവയിലെ അംഗങ്ങളോടെല്ലാം സ്‌നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്നതോടൊപ്പം അവരുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റുക്‌സാന മൂസ
ജിദ്ദയില്‍ നടക്കുന്ന വനിതാ കൂട്ടായ്മയുടെ പരിപാടികളിലെല്ലാം തനിമയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നതും റുക്‌സാന മൂസയാണ്.
1978 മുതല്‍ പ്രവാസിയായിരുന്ന ഭര്‍ത്താവ് ആലക്കലകത്ത് മൂസ തനിമ ജിദ്ദ സൗത്ത് സോണ്‍ സമിതി അംഗമായിരുന്നു. അരാംകോ, യാംബു റോയല്‍ കമ്മീഷന്‍, സൗദി കേബിള്‍ കമ്പനി എന്നിവിടങ്ങളില്‍ ജോലിചെയ്ത അദ്ദേഹം അവസാനമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സപ്പോര്‍ട്ട് സര്‍വീസ് മാനേജറായിരിക്കെയാണ് 2020 ല്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചു മരിച്ചത്.
ജുബൈല്‍ സാബിഖില്‍ ജോലിചെയ്യുന്ന, യൂത്ത് ഇന്ത്യ പ്രവര്‍ത്തകന്‍ റയ്യാന്‍ മൂസ, എറണാംകുളത്ത് സര്‍ക്കാര്‍ സര്‍വിസിലുള്ള ഡെന്റല്‍ ഡോക്ടര്‍ നൂഷിന്‍, ഡോ. അബ്ദുല്‍ മുഈസ് (കണ്ണൂര്‍), ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടൂ വിദ്യാര്‍ഥിയും സ്റ്റുഡന്റ്‌സ് ഇന്ത്യ ജിദ്ദ സൗത്ത് മുന്‍ പ്രസിഡന്റുമായിരുന്ന റുഹൈം മൂസ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: എന്‍ജിനീയര്‍ തന്‍സീര്‍ (ബിസിനസ്, എറണാംകുളം), സുഫൈറ (അധ്യാപിക, ഡ്യൂണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ജുബൈല്‍).

 

Latest News