Sorry, you need to enable JavaScript to visit this website.

നായയും പൂച്ചയും കാരണം ഉടലെടുത്ത തര്‍ക്കം, 40,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ദുബായ് - അയല്‍വാസിയുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിക്ക് 40,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ദുബായ് കോടതിക്കു കീഴില്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്ന കേന്ദ്രം വിധിച്ചു. വിദ്യാര്‍ഥിയുടെ നായയും അയല്‍വാസിയുടെ പൂച്ചയും കാരണം ഉടലെടുത്ത വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയും വിദ്യാര്‍ഥിക്ക് മര്‍ദനമേല്‍ക്കുകയുമായിരുന്നു.
സംഭവം തന്റെ നായക്ക് മാനസികാസ്വാസ്ഥ്യമുണ്ടാക്കിയതായി വിദ്യാര്‍ഥി വാദിച്ചു. പ്രതിയെ കുറിച്ചുള്ള ഭീതി കാരണം ഓടിപ്പോയ നായയെ പിറ്റേദിവസം മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. പിരിമുറുക്കവും ഭയവും കാരണം ഭക്ഷണപാനീയങ്ങള്‍ കഴിക്കാതെ നായ വിട്ടുനിന്നു. നായയെ വെറ്റിനറി ക്ലിനിക്കില്‍ കാണിച്ച് ആവശ്യമായ പരിചരണം നല്‍കാന്‍ ഇത് തന്നെ പ്രേരിപ്പിച്ചതായും വിദ്യാര്‍ഥി വാദിച്ചു.


ജോലി കഴിഞ്ഞ് പ്രതി തിരിച്ചെത്തിയ സമയത്ത് പൂച്ച വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയും റോഡിലൂടെ ഓടുകയുമായിരുന്നു. പൂച്ചയെ തിരികെ വീട്ടിലെത്തിക്കാന്‍ ശ്രമിച്ച് പ്രതിയും ഇതിനു പിന്നാലെ ഓടി. ഈ സമയത്ത് വിദ്യാര്‍ഥി നായയുമായി റോഡിലൂടെ നടക്കുകയായിരുന്നു. നായേ, നിന്നെ കണ്ട് പൂച്ച ഭയക്കുമെന്ന് വിദ്യാര്‍ഥി നായയോട് പറഞ്ഞത് പ്രതിയെ പ്രകോപിതനാക്കുകയും വിദ്യാര്‍ഥിയെ മര്‍ദിക്കുകയുമായിരുന്നു. വിദ്യാര്‍ഥിയുടെ ഭാര്യയുടെ കാര്‍ പ്രതി തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍,
അയല്‍വാസികളായ ഇരുവരും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ കേസ് പിന്നീട് പോലീസ് സ്റ്റേഷനില്‍ വെച്ച് അനുരഞ്ജനത്തിലൂടെ പരിഹരിക്കുകയായിരുന്നു.
അയല്‍വാസിയെ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്തതായി പ്രതി കോടതിയിലും പബ്ലിക് പ്രോസിക്യൂഷനു മുന്നിലും സമ്മതിച്ചു. സ്വന്തം നായയെ വിളിക്കുന്നതു പോലെ ഭാവിച്ച് തന്നെ നായയെന്ന് എതിരാളി വിളിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പ്രതി വാദിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി വിദ്യാര്‍ഥിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു. സ്വന്തം വീടിനു മുന്നില്‍ വെച്ച് അയല്‍വാസികളുടെ മുന്നിലിട്ട് മര്‍ദിച്ചതിന് 20,000 ദിര്‍ഹമും കേസ്, ചികിത്സാ ചെലവുകള്‍ക്ക് 20,000 ദിര്‍ഹമും  വിദ്യാര്‍ഥിക്ക് പ്രതി നല്‍കണമെന്നാണ് കോടതി വിധിച്ചത്.

 

Latest News