അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍മഖ്‌വായില്‍ സൗദി അധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വദേശി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ വിട്ട് അല്‍മഖ്‌വായിലെ മെയിന്‍ റോഡിലൂടെ കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അധ്യാപകനു നേരെ യുവാവ് നിറയൊഴിച്ചത്. വെടിവെപ്പില്‍ അധ്യാപകന്റെ കാറില്‍ തീ പടര്‍ന്നുപിടിക്കുകയും വാഹനം പാടെ കത്തിനശിക്കുകയും ചെയ്തിരുന്നു. വെന്തുമരിച്ച നിലയിലാണ് അധ്യാപകന്റെ മൃതദേഹം കാറിനകത്ത് കണ്ടെത്തിയത്.
സമീപപ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സൗദി യുവാവ് നടത്തിയ വെടിവെപ്പാണ് അധ്യാപകന്റെ മരണത്തിനും കാറില്‍ തീ പടര്‍ന്നുപിടിക്കാനും ഇടയാക്കിയതെന്ന് കണ്ടെത്തിയത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ബാഹ പോലീസ് അറിയിച്ചു.
സൗദി അധ്യാപകന്‍ സഈദ് അലി ഹുസൈന്‍ ആണ് കൊല്ലപ്പെട്ടത്. അല്‍മഖ്‌വായിലെ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് എലമെന്ററി, ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ അധ്യാപകനായിരുന്നു. അച്ചടക്കത്തിലും സല്‍സ്വഭാവത്തിലും മറ്റുള്ളവര്‍ക്ക് പിന്‍പറ്റാവുന്ന മാതൃകയായിരുന്നു സഈദ് അലി ഹുസൈന്‍ എന്ന് അല്‍മഖ്‌വാ എജുക്കേഷനല്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗം മേധാവി നാസിര്‍ അല്‍അംരി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ 25 വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ഉടമയാണ് സഈദ് ഹുസൈന്‍ എന്നും നാസിര്‍ അല്‍അംരി പറഞ്ഞു.






