ന്യൂദല്‍ഹി- ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി 1991 ല്‍ നിര്‍മിച്ച നിയമത്തിലെ ചില വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ വീണ്ടും ഹരജി.
നിയമത്തിലെ സെക്ഷന്‍ 2, 3, 4 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അനില്‍ കബോത്രയുടെ ഹരജി. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെയും അവിഭാജ്യ ഘടകമായ മതേതരത്വത്തിന്റെയും നിയമവാഴ്ചയുടെയും തത്വങ്ങളെ ലംഘിക്കുന്നതാണ് ഈ വകുപ്പുകളെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
അഭിഭാഷകനായ അശ്വിനി ഉപാധ്യായ, വാരണാസി സ്വദേശി രുദ്ര വിക്ര, മതനേതാവ് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി, മഥുര നിവാസിയായ ദേവകിനന്ദന്‍ താക്കൂര്‍ ജി, ഒരു മതഗുരു എന്നിവര്‍ 1991ലെ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിട്ടുണ്ട്. നിയമത്തിന്റെ 2, 3, 4 വകുപ്പുകള്‍ കോടതിയെ സമീപിക്കാനുള്ള അവകാശം എടുത്തുകളഞ്ഞുവെന്നും അതിനാല്‍ ജുഡീഷ്യല്‍ പ്രതിവിധിയ്ക്കുള്ള അവകാശം ഇല്ലാതായെന്നും ഹരജികളില്‍ ചൂണ്ടിക്കാണിക്കുന്നു.
ആരാധനാലയങ്ങളുടെ സ്ഥിതി മാറ്റുന്നത് തടയുന്നതാണ് നിയമത്തിലെ സെക്ഷന്‍ മൂന്ന്. 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുനനതിനായി കേസ് ഫയല്‍ ചെയ്യുന്നതോ നിയമനടപടികള്‍ ആരംഭിക്കുന്നതോ സെക്ഷന്‍ നാല് വിലക്കുന്നു.
ആരാധനാലയ നിയമം 1991 പല കാരണങ്ങളാല്‍ അസാധുവാണെന്ന് ഹരജികളില്‍ വാദിക്കുന്നു. ഹിന്ദു, ജൈന, ബുദ്ധ, സിഖു മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും, വിശ്വസിക്കാനും, ആചരിക്കാനും, മതം പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും ഹരജിയില്‍ പറയുന്നു.
നിയമം അധിനിവേശക്കാരുടെ പ്രാകൃത പ്രവൃത്തികളെ നിയമവിധേയമാക്കുന്നുവെന്നും അന്യര്‍ വര്‍ഷങ്ങളോളം അനുഭവിച്ചാലും ക്ഷേത്ര സ്വത്ത് ഒരിക്കലും നഷ്ടപ്പെടില്ലെന്നും രാജാവിന് പോലും സ്വത്ത് അപഹരിക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ പറയുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21, 25, 26, 29 എന്നിവയുടെ ലംഘനമായതിനാല്‍ 1991 ലെ ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിലെ സെക്ഷന്‍ 2, 3, 4 എന്നിവ അസാധുവാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം.






