മസാജ് വാഗ്ദാനം ചെയ്ത് ഗോവയില്‍ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍

പനാജി-ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപം ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. പുരുഷ പങ്കാളിക്ക് മുന്നില്‍ വെച്ചാണ് മസാജ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തത്. പ്രദേശവാസിയായ വിന്‍സെന്റ് ഡിസൂസ (32)യാണ് അറസ്റ്റിലായത്.
അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള നോര്‍ത്ത് ഗോവ ജില്ലയിലെ അരംബോള്‍ ബീച്ചിന് സമീപം അനധികൃതമായി മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംഘത്തിന്റെ ഭാഗമായിരുന്നു പ്രതി.
തിങ്കളാഴ്ചയാണ് പെര്‍നേം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി മുമ്പ് സ്‌കൂള്‍ ലൈബ്രേറിയനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ലൈബ്രേറിയനായി ജോലി ചെയ്യുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബീച്ചിനോട് ചേര്‍ന്നുള്ള സ്വീറ്റ് വാട്ടര്‍ തടാകത്തിന് സമീപം കിടക്കുമ്പോള്‍ മസാജ് നല്‍കാനെന്ന വ്യാജേന പ്രതി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് ഗോവ യാത്രയ്‌ക്കെത്തിയ മധ്യവയസ്‌ക പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ജൂണ്‍ രണ്ടിനാണ് സംഭവം നടന്നതെങ്കിലും യുകെയിലുള്ള കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചും ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയില്‍ നിന്ന് സഹായം തേടിയുമാണ് യുവതി പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇന്‍സ്‌പെക്ടര്‍ വിക്രം നായിക്കിന്റെ നേതൃത്വത്തില്‍ പെര്‍നേം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

 

Latest News