ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യുന്നില്ല, വരുമാനമില്ലാതെ ശമ്പളം നല്‍കാനാവില്ല- കെ.എസ്.ആര്‍.ടി.സി

കൊച്ചി- വരുമാനം ഉണ്ടായെങ്കില്‍ മാത്രമേ ശമ്പളം കൃത്യമായി നല്‍കാനാകൂയെന്നും  സമരത്തിലൂടെയല്ല പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.  പ്രഥമ പരിഗണന പൊതുഗതാഗത സേവനത്തിനാണെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കൃത്യമായി സര്‍വീസ് നടത്തിയാലേ ശമ്പളം നല്‍കാനാകൂ.  അടിക്കടിയുണ്ടാകുന്ന സമരങ്ങള്‍ ജനങ്ങളെ കെഎസ്ആര്‍ടിസിയില്‍ നിന്ന് അകറ്റുകയാണ് ചെയ്യുക. സര്‍ക്കാര്‍ സഹായത്താലാണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കില്‍പ്പോലും നിത്യ ചെലവിനുള്ള പണം പോലും കെഎസ്ആര്‍ടിസിക്ക് തികയുന്നില്ല.
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് മാനേജ്‌മെന്റ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഞ്ചാം തീയതി ശമ്പളം നല്‍കണമെങ്കില്‍, അതിനുള്ള കൃത്യമായ വരുമാനം കെഎസ്ആര്‍ടിസിക്കില്ല. ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദനക്ഷമത കുറയാന്‍ കാരണമെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.

600 ഓളം ബസുകള്‍ കട്ടപ്പുറത്തുണ്ട്. ഇവ നിരത്തിലിറക്കുന്നതിന് വേണ്ടി 12 മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കൂടി മാനേജ്‌മെന്റ് മുന്നോട്ടുവെക്കുന്നു. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനായി മാനേജ്‌മെന്റും സര്‍ക്കാരും ശ്രമങ്ങള്‍ നടത്തുകയാണ്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനേജ്‌മെന്റ് പറയുന്നു.  മാനേജ്‌മെന്റ് കൊണ്ടു വരുന്ന പരിഷ്‌കാരങ്ങളെ ജീവനക്കാര്‍ എതിര്‍ക്കുന്നതായും സത്യവാങ്മൂലത്തില്‍ വിമര്‍ശനമുണ്ട്.

പരിഷ്‌കാരങ്ങള്‍ നടപ്പിലായാല്‍ ഒക്ടോബര്‍ മാസത്തോടെ പ്രതിമാസം 200 കോടി രൂപ ടിക്കറ്റ് വരുമാനത്തില്‍ മാത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ പറയുന്നു. പരിഷ്‌കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയാല്‍ ഒന്നുരണ്ടു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയുടെ നില മെച്ചപ്പെടുത്താനാകുമെന്നും ജീവനക്കാരുടെ പരാതിക്ക് പരിഹാരം കാണാനും കഴിയുമെന്നും പ്രതീക്ഷയുണ്ടെന്നും കെഎസ്ആര്‍ടിസി വിശദീകരിച്ചു.
ജീവനക്കാരുടെ സമരത്തില്‍ കേരളത്തിലെ പല വ്യവസായങ്ങളും നശിച്ചിട്ടുണ്ട്. മാര്‍ച്ച് 28,29, മെയ് 6 തീയതികളില്‍ ജീവനക്കാര്‍ നടത്തിയ സമരത്തില്‍ 25 കോടി രൂപ നഷ്ടപ്പെട്ടു. ജീവനക്കാരുടെ കാര്യക്ഷമത കൂട്ടിയാല്‍ വരുമാനം കൂട്ടാന്‍ സാധിക്കുമെന്നും കെഎസ്ആര്‍ടിസി  കോടതിയെ അറിയിച്ചു.

 

Latest News