ലഭിച്ചത് മൂന്ന് കോടി ഫേസ്ബുക്ക് ഡാറ്റ മാത്രം; മുഴുവന്‍ നീക്കിയെന്നും അനലിറ്റിക്ക 

ലണ്ടന്‍- ഗവേഷണ സ്ഥാപനമായ ജിഎസ്ആറില്‍നിന്ന് മൂന്ന് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് വിവാദത്തിലായ ബ്രട്ടീഷ് കമ്പനി കേംബ്രഡ്ജ് അനലിറ്റിക്ക. 
8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ വളഞ്ഞ വഴിയിലൂടെ ജിഎസ്ആര്‍ ചോര്‍ത്തിയിരിക്കാമെന്ന് ഫേസ്ബുക്ക് സമ്മതിച്ച പശ്ചാത്തലത്തിലാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വിശദീകരണം. മൂന്ന് കോടി ആളുകളുടെ ഡാറ്റകള്‍ക്കാണ് ജിഎസ്ആറുമായി കരാറുണ്ടാക്കിയതെന്നും അതില്‍ കൂടുതല്‍ ഡാറ്റ ലഭിച്ചിട്ടില്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2016 ല്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു വേണ്ടി നടത്തിയ ജോലിയില്‍ ജിഎസ്ആര്‍ ഡാറ്റ ഉപയോഗിച്ചിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. നിയമവിധേയമായി നേടിയതായിരിക്കണം എല്ലാ ഡാറ്റകളുമെന്ന് ജിഎസ്ആറുമായുള്ള കരാറില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയതാണ്. ഈ കരാര്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. കരാര്‍ ലംഘിച്ചതായി ബോധ്യപ്പെട്ട ഉടന്‍ ജിഎസ്ആറിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുമുണ്ട്. 
നിയമവിരുദ്ധമായാണ് ഡാറ്റ ചോര്‍ത്തിയതെന്ന് ഫേസ്ബുക്ക് അറിയിച്ചപ്പോള്‍ തന്നെ ഫയല്‍ സെര്‍വറില്‍നിന്ന്  അവ നീക്കം ചെയ്തിരുന്നു. ഫേസ്ബുക്ക് വീണ്ടും ഉറപ്പ് ആവശ്യപ്പെട്ടപ്പോള്‍ ആഭ്യന്തര പരിശോധന നടത്തി എല്ലാ ബാക്കപ്പുകളും നീക്കം ചെയ്ത് ഫേസ്ബുക്കിന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമുണ്ടായി. 
ജിഎസ്ആര്‍ നല്‍കിയ ഡാറ്റകള്‍ സെര്‍വറില്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മൂന്നാം കക്ഷി ഇപ്പോള്‍ പരിശോധന നടത്തുകയാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.  

Latest News