കുവൈത്ത് സിറ്റി - ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദാ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് കുവൈത്തിലെ ചില പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തി. റാക്കുകളില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നീക്കം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ യൂറോന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്തു.
ഇന്ത്യയില്‍ ഭരണകക്ഷി നേതാക്കള്‍ നടത്തുന്ന പ്രവാചക നിന്ദകളിലും മുസ്‌ലിം വിദ്വേഷ പ്രചാരണത്തിലും പ്രതിഷേധിച്ച് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് കുവൈത്തിലെ അല്‍ആരിദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അടക്കമുള്ള പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്തത്.
നൂറു കണക്കിന് ഇന്ത്യന്‍ അരി ചാക്കുകളും മറ്റു ഉല്‍പന്നങ്ങളും പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് മറക്കുകയും എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ റാക്കുകളില്‍ എടുത്തുനീക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തിയതായി വ്യക്തമാക്കുന്ന നോട്ടീസും സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് മുസ്‌ലിംകളുടെ നിര്‍ബന്ധ കടമയാണെന്ന് കുവൈത്തി പൗരന്മാര്‍ അഭിപ്രായപ്പെട്ടു.