റിയാദ്- ബി.ജെ.പി ദേശീയ വക്താവ് നടത്തിയ പ്രവാചക നിന്ദയെ സൗദി ഉന്നത പണ്ഡിത സഭ അപലപിച്ചു. പ്രവാചകനെയും പ്രവാചക ചരിത്രവും പ്രവാചകന് നല്കിയ അനശ്വര സന്ദേശവും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തണമെന്ന് ലോക മുസ്ലിംകളോട് ഉന്നത പണ്ഡിതസഭ ആവശ്യപ്പെട്ടു. ഇങ്ങിനെ ചെയ്യുന്നതാണ് പ്രവാചക നിന്ദ നടത്തുന്നവര്‍ക്കുള്ള ഏറ്റവും വലിയ മറുപടിയെന്നും ഉന്നത പണ്ഡിതസഭ പറഞ്ഞു.
പ്രവാചക നിന്ദാ പ്രസ്താവനകളെയും മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെയും സൗദി ഹറംകാര്യ വകുപ്പ് അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികള്‍ മതങ്ങളോടുള്ള അവമതിയാണ് വ്യക്തമാക്കുന്നത്. ഇങ്ങിനെ ചെയ്യുന്നവര്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ചരിത്രം വായിക്കാത്തവരാണ്. വ്യത്യസ്ത മതങ്ങളെയും വിശ്വാസസംഹിതകളെയും മാനിക്കണമന്നതും എല്ലാവര്‍ക്കുമിടയില്‍ സമാധാനം പ്രചരിപ്പിക്കണമെന്നതും ഇസ്ലാമിക മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല എന്നതുമാണ് സൗദി അറേബ്യയുടെ നിലപാട് എന്ന് ഹറംകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ വക്താവ് നടത്തിയ പ്രവാചക നിന്ദാ പ്രസ്താവനകളെ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ) അപലപിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്നതുള്‍പ്പെടെ സമൂഹത്തില്‍ വിദ്വേഷം ഇളക്കിവിടുന്ന ശൈലികളില്‍ അടങ്ങിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ റാബിത്വ സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ മുന്നറിയിപ്പ് നല്കി. ദേശീയ വക്താവിനെ ബി.ജി.പി സസ്പെന്റ് ചെയ്തതിനെയും മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിച്ചതിനെയും സ്വാഗതം ചെയ്യുന്നു. ഇത്തരം അസംബന്ധ പ്രവണതകള്‍ക്ക് അവസരം നല്‍കരുത്. ഇത്തരം പ്രവാചക നിന്ദകള്‍ ലോക മുസ്ലിംകളുടെ വിശ്വാസവും മൂല്യങ്ങളിലുള്ള സ്ഥിരതയും പ്രവാചകനു വേണ്ടിയുള്ള പ്രതിരോധവും വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും റാബിത്വ സെക്രട്ടറി ജനറല്‍ പറഞ്ഞു.
നൂപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദയെ ഈജിപ്തിലെ അല്‍അസ്ഹറും രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ലോകത്തെ മുഴുവന്‍ മാരകമായ പ്രതിസന്ധികളിലേക്കും യുദ്ധങ്ങളിലേക്കും തള്ളിവിടാന്‍ കഴിയുന്ന ഇത്തരം ചെയ്തികളാണ് യഥാര്‍ഥ ഭീകരതയെന്ന് അല്‍അസ്ഹര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന അകടങ്ങള്‍ അന്താരാഷ്ട്ര സമൂഹം ധീരമായും ശക്തമായും നേരിടണം. തെരഞ്ഞെടുപ്പുകളില്‍ വോട്ട് നേടുന്നതിനായി ചില രാഷ്ട്രീയ നേതാക്കള്‍ ഇസ്ലാമിനെയും പ്രവാചകനെയും അപമാനിക്കുന്നത് തീവ്രവാദത്തിലേക്കുള്ള വ്യക്തമായ ആഹ്വാനവും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും കലഹവും വിതക്കലുമാണെന്നും അല്‍അസ്ഹര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്തും ഖത്തറും ഒമാനും അടക്കമുള്ള രാജ്യങ്ങള്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയും ഇന്ത്യന്‍ സ്ഥാനപതിമാരെ പ്രതിഷേധം രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാവ് നടത്തിയ പ്രവാചക നിന്ദയെ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും ശക്തമായി അപലപിച്ചിട്ടുണ്ട്. ട്വിറ്ററില്‍ ഹാഷ്ടാഗ് ആരംഭിച്ചും മറ്റും സാമൂഹികമാധ്യമ ഉപയോക്താക്കളും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ചിലര്‍ ഉയര്‍ത്തുന്നു.






