ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് യു.ഡി.എഫിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന വട്ടിയൂർകാവും കോന്നിയും പാലയുമെല്ലാം ഇടതുമുന്നണി പിടിച്ചെടുത്തിരുന്നു. അതേ ആത്മവിശ്വാസത്തിൽ തന്നെയാണ് രണ്ടാം പിണറായി സർക്കാർ തൃക്കാക്കര പിടിക്കാനിറങ്ങിയത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ നിഴൽ മാത്രമായി രണ്ടാം പിണറായി സർക്കാർ മാറിയിട്ടുണ്ടെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നുമാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകുന്ന സന്ദേശം. ഇത് ഉൾക്കൊണ്ടുകൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുകയെന്നത് മാത്രമാണ് ഒരു മികച്ച ഭരണാധികാരിയെന്ന നിലയിൽ പിണറായി വിജയന് ചെയ്യാനുള്ളത്.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉൾപ്പെടെ കാടടച്ച് പ്രചാരണം നടത്തിയിട്ടും സർക്കാർ സംവിധാനങ്ങളെല്ലാം മുഴുവനായും ഉപയോഗപ്പെടുത്തിയിട്ടും തൃക്കാക്കരയിൽ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് സി.പി.എമ്മിനെയും ഇടതുമുന്നണിയെയും വളരെയധികം ഇരുത്തി ചിന്തിപ്പിക്കേണ്ട കാര്യമാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണ രീതികൾക്ക് കാര്യമായ മാറ്റം ജനങ്ങൾ ആവശ്യപ്പെടുന്നുവെന്നതിന്റെ ശക്തമായ സൂചനയായി ഇതിനെ കാണേണ്ടതുണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രമല്ല, സി.പി.എമ്മിന്റെ രാഷ്ട്രീയ രീതികളിലും മാറ്റങ്ങൾ വേണമെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. സഹതാപ തരംഗം വലിയ രീതിയിൽ ആഞ്ഞുവീശിയെന്നും അതാണ് പരാജയ കാരണമെന്നും പറഞ്ഞ് സി.പി.എമ്മിന് പിടിച്ചു നിൽക്കാൻ കഴിയില്ല. കാരണം, കേരളത്തിൽ ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നുമില്ലാത്ത രീതിയിലുള്ള പ്രചാരണ സംവിധാനമാണ് ഇടതുമുന്നണി ഇവിടെ ഒരുക്കിയത്. പാർട്ടി ലോക്കൽ യോഗത്തിലും കുടുംബ യോഗത്തിലും വരെ പങ്കെടുത്തുകൊണ്ട് പിണറായി വിജയനും മറ്റു മന്ത്രിമാരും വരെ പ്രചാരണത്തിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അതിന്റെ ചെറിയൊരു ഗുണം പോലും ലഭിച്ചില്ലെന്നാണ് വോട്ട് കണക്കുകൾ സൂചിപ്പിക്കുന്നത്.
ചരിത്രത്തിലില്ലാത്ത വിധം 99 സീറ്റിന്റെ വലിയ ഭൂരിപക്ഷവുമായി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അതിനെ ഇടതു രാഷ്ട്രീയത്തിന്റെ വലിയ വിജയമായി കണ്ടുകൊണ്ട് മുന്നോട്ട് പോയതാണ് ഇടതുമുന്നണിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. യഥാർത്ഥത്തിൽ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് കോവിഡ് പിടിമുറുക്കിയപ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കാൻ സർക്കാരിന് കഴിഞ്ഞതുകൊണ്ട് മാത്രമാണ് അത്രയും വലിയ വിജയം പിണറായി വിജയനും ഇടതുമുന്നിക്കും നേടാനായത്. പ്രതിസന്ധി ഘട്ടത്തിൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പെൻഷനും സൗജന്യ റേഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി സാധാരണ ജനങ്ങൾക്കൊപ്പം സർക്കാർ നിന്നതിനുള്ള ഒരു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ തയാറായതാണ് രണ്ടാം പിണറായി സർക്കാരിന്റെ പിറവിയിലേക്ക് നയിച്ചത്. അത് താൽക്കാലികമായ ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. അത് എക്കാലവും വോട്ടായി മാറുമെന്ന് സി.പി.എമ്മും ഇടതുമുന്നണിയും കരുതിയതാണ് തൃക്കാക്കരയിൽ പറ്റിയ ഏറ്റവും വലിയ തെറ്റ്. കോവിഡ് കാലത്തെ പ്രതിസന്ധിയും സാഹചര്യവുമെല്ലാം കഴിഞ്ഞുപോയി. ആ സമയത്ത് സർക്കാർ ജനങ്ങളുടെ താൽപര്യത്തിനനുസരിച്ച് നിലകൊള്ളുകയും ചെയ്തു. അതിന്റെ നന്ദി എക്കാലവുമുണ്ടാകുമെന്ന് ഒരു രാഷ്ട്രീയ വ്യവസ്ഥിതിയിൽ പ്രതീക്ഷിക്കാൻ പാടില്ല.
തൃക്കാക്കരയിൽ കൃത്യമായ ഒരു രാഷ്ട്രീയ മത്സരം നടത്തേണ്ടതിന് പകരം മതങ്ങളെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പ് യുദ്ധത്തിനാണ് സി.പി.എം കളമൊരുക്കിയത്. സാധാരണ യു.ഡി.എഫാണ് ഇത്തരത്തിൽ മതപ്രീണനം നടത്താറുള്ളത്. എന്നാൽ ഇത്തവണ ഇടതുമുന്നണിയാണ് അതിന് പരസ്യമായി തന്നെ തയാറായത്. മതരാഷ്ട്രീയത്തെയും വർഗീയ രാഷ്ട്രീയത്തെയും ശക്തമായി എതിർക്കുമെന്ന് സി.പി.എം പറയുമ്പോഴും ക്രിസത്യൻ പ്രീണനം ലക്ഷ്യമിട്ടുകൊണ്ടാണ് സി.പി.എം സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. മാത്രമല്ല ക്രിസ്ത്യൻ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വെച്ച് കൊണ്ട് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുകയും ചെയ്തു. സി.പി.എമ്മിന്റെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കാര്യമാണിത്.
പ്രാദേശികമായി സ്വാധീനമുള്ള പാർട്ടി നേതാവിനെയോ പ്രവർത്തകനെയോ സ്ഥാനാർത്ഥിയാക്കേണ്ടതിന് പകരം ക്രിസ്ത്യൻ വോട്ടുകൾ പെട്ടിയിൽ വീഴ്ത്താമെന്ന വ്യാമോഹത്തിലാണ് ഇവിടെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ക്രിസ്ത്യൻ സഭാ വോട്ടുകൾ എന്ന ഒരൊറ്റ അജണ്ടയിൽ മാത്രമാണ് ഇവിടെ സി.പി.എം പ്രചാരണം നടത്തിയത്. ആദ്യം നിർണയിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി ചുമരെഴുത്തുകൾ പോലും നടത്തിയിട്ടും പിന്നീട് സ്ഥാനാർത്ഥിയെ മാറ്റിയത് ഈ അജണ്ട കൊണ്ട് മാത്രമാണ്. പച്ചയായി സഭയുടെ മേൽവിലാസത്തിൽ സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതോടെ സഭയ്ക്കുള്ളിൽ നിന്ന് തന്നെ എതിർപ്പ് വന്നതോടെയാണ് അക്കിടി പറ്റിയ കാര്യം സി.പി.എമ്മിന് ബോധ്യമായത്. ഒരു വശത്ത് രാഷ്ട്രീയത്തിൽ മതങ്ങളും ജാതിയും ഇടപെടുന്നതിനെ തള്ളിപ്പറയുമ്പോൾ മറുവശത്ത് അതിനെ മാറോട് ചേർക്കുന്നതാണ് തൃക്കാക്കരയിൽ കണ്ടത്. എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം ഇത് പയറ്റാറുണ്ടെങ്കിലും അതിന് ചില മറകളൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ തൃക്കാക്കരയിൽ ഒരു മറയുമില്ലാതെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള മത പ്രീണനമാണ് ഇടതുമുന്നണി നടത്തിയത്. പ്രചാരണത്തിനിറങ്ങിയ മന്ത്രിമാരെ അവരുടെ സമുദായത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് സ്വന്തം സമുദായത്തിനിടയിലേക്ക് വോട്ട് തേടിക്കൊണ്ട് ഇറക്കിവിടുകയെന്ന കമ്യൂണിസ്റ്റ് ആദർശത്തിന് ഒട്ടും ചേരാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ വരെ ഇടതുമുന്നണി നടത്തുകയുണ്ടായി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ക്രിസ്ത്യൻ വോട്ടുകളിൽ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മുസ്ലിം വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങളും സി.പി.എം പയറ്റി. മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജിന്റെ ജാമ്യം കോടതിയിൽ പോയി റദ്ദാക്കി രായ്ക്കുരാമാനം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മുസ്ലിം വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ടാണ്. അതും വേണ്ട രീതിയിൽ ഫലം ചെയ്തില്ല. പ്രതീക്ഷിച്ച രീതിയിൽ ക്രിസത്യൻ, മുസ്ലിം വോട്ടുകൾ കിട്ടാതിരുന്നതാണ് ഇടതുമുന്നണിക്ക് തൃക്കാക്കരയിൽ എറ്റവും വലിയ തിരിച്ചടിയായത്. ഇവിടെ പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ എക്കാലവും യു.ഡി.എഫ് പെട്ടിയിലാണ് വീഴാറുള്ളത്.
പി.ടി.തോമസുമായി ക്രിസ്ത്യൻ സഭയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നല്ലൊരു ശതമാനം ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ടിരുന്നു. ഈ വോട്ടുകളാണ് ഇടതുമുന്നണി പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ പി.ടി തോമസിനോടുള്ള വിരോധം ഉമ തോമസിനോട് സഭാനേതൃത്വം കാണിച്ചില്ലെന്നാണ് ഉമയുടെ റെേക്കാർഡ് ഭൂരിപക്ഷം തെളിയിക്കുന്നത്. ബി.ജെ.പിയിലെ ഒരു വിഭാഗം വോട്ടുകൾ കൂടി നേടാൻ ഉമക്ക് സാധിച്ചുവെന്ന് വോട്ട് കണക്കുകൾ വ്യക്തമാക്കുന്നു. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയിട്ട് പോലും കഴിഞ്ഞ തവണത്തേക്കാൾ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞുവെന്നത് കാണേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്ത്യൻ, മുസ്ലിം വോട്ടുകളിൽ വലിയൊരു ശതമാനവും ഹിന്ദു വോട്ടുകളിൽ ഒരു ഭാഗവും കൈക്കലാക്കിക്കൊണ്ടുള്ള സമഗ്ര വിജയമാണ് ഉമ തോമസ് നടത്തിയത്.
കെ-റെയിലിന്റെ ഉരക്കല്ലായിരുന്നു തൃക്കാക്കര തെരഞ്ഞെടുപ്പ്. കെ-റെയിലിന് വേണ്ടിയുള്ള കല്ലിടലിലെ തുടർന്നുള്ള പ്രതിഷേധത്തിൽ കേരളം യുദ്ധഭൂമിയായി മാറിയപ്പോൾ ജനമനസ്സ് അളക്കാതെയാണ് സി.പി.എം തൃക്കാക്കരയിലേക്ക് പോയത്. പദ്ധതിക്ക് വേണ്ടി ഭൂമി നഷ്ടപ്പെടുന്നവരും സർക്കാരും തമ്മിലുള്ള യുദ്ധത്തിൽ തൃക്കാക്കരയിലെ വോട്ടർമാർ ഇക്കാര്യത്തിൽ ജനപക്ഷത്താണ് നിന്നതെന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓർമപ്പെടുത്തുണ്ട്. വികസനത്തിന്റെ അളവുകോലെന്താണെന്ന് ഭരണപക്ഷത്തെ മനസ്സിലാക്കിക്കുകയെന്ന ദൗത്യം കൂടി തൃക്കാക്കരയിലെ ജനങ്ങൾ ഏറ്റെടുത്തുവെന്നു വേണം കരുതാൻ.
തൃക്കാക്കര പണ്ട് മുതലേ തന്നെ യു.ഡി.എഫ് മണ്ഡലമാണെന്നും ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും പറഞ്ഞ് ഒഴിയാൻ ഇടതുമുന്നണിക്ക് കഴിയില്ല. കാരണം, ഇടതു രാഷ്ട്രീയത്തെ അലോസരപ്പെടുത്തുന്ന, അല്ലെങ്കിൽ ഇടതു രാഷ്ട്രീയം തിരുത്തേണ്ടതായ ചില വ്യക്തമായ സന്ദേശങ്ങൾ തൃക്കാക്കരയിലെ ജനങ്ങൾ സി.പി.എമ്മിനും ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്കും ഭരണത്തിന് നേതൃത്വം നൽകുന്ന പിണറായി വിജയനുമെല്ലാം നൽകുന്നുണ്ട്. അത് കാണാതെ, തിരുത്തൽ വരുത്താതെ പോയാൽ രണ്ട് വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായിരിക്കും ഇടതുമുന്നണിക്കുണ്ടാകുക. മാത്രമല്ല, കേരളത്തിൽ ഇനിയും തുടർഭരണമുണ്ടാകുമെന്ന പിണറായിയുടെയും കോടിയേരിയുടെയുമെല്ലാം സ്വപ്നങ്ങൾ ഇപ്പോൾ തന്നെ കെട്ടിപ്പൂട്ടേണ്ടി വരും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് യു.ഡി.എഫിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന വട്ടിയൂർകാവും കോന്നിയും പാലയുമെല്ലാം ഇടതുമുന്നണി പിടിച്ചെടുത്തിരുന്നു. അതേ ആത്മവിശ്വാസത്തിൽ തന്നെയാണ് രണ്ടാം പിണറായി സർക്കാർ തൃക്കാക്കര പിടിക്കാനിറങ്ങിയത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ നിഴൽ മാത്രമായി രണ്ടാം പിണറായി സർക്കാർ മാറിയിട്ടുണ്ടെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നുമാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകുന്ന സന്ദേശം. ഇത് ഉൾക്കൊണ്ടുകൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുകയെന്നത് മാത്രമാണ് ഒരു മികച്ച ഭരണാധികാരിയെന്ന നിലയിൽ പിണറായി വിജയന് ചെയ്യാനുള്ളത്.






