നാട്ടിൽ പാലും തേനുമൊഴുക്കും എന്ന മോഹന വാഗ്ദാനം നൽകുന്നവരിൽ നിന്ന് വേറിട്ട വഴിയിൽ സഞ്ചരിച്ച് കേരളത്തിൽ ധവള വിപഌവം നടപ്പാക്കാൻ പ്രയാറിന് സാധിച്ചു. 1980 കളിലാണ് പ്രയാർ കേരളമാകെ സഞ്ചരിച്ച് ഗുജറാത്തിലെ ആനന്ദ് മാതൃകയിൽ കേരളത്തിലും സംരംഭമാകാമെന്ന് തെളിയിച്ചത്.
'കേരളം കണി കണ്ടുണരുന്ന നന്മ' എന്ന വരികളിലൂടെയും പാൽ രുചിയായും നാട്ടിലെങ്ങും നിറഞ്ഞു നിൽക്കുന്ന മിൽമയുടെ എല്ലാമെല്ലാമായിരുന്നു ശനിയാഴ്ച അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ. നാട്ടിൽ പാലും തേനുമൊഴുക്കും എന്ന മോഹന വാഗ്ദാനം നൽകുന്നവരിൽ നിന്ന് വേറിട്ട വഴിയിൽ സഞ്ചരിച്ച് കേരളത്തിൽ ധവള വിപഌവം നടപ്പാക്കാൻ പ്രയാറിന് സാധിച്ചു. 1980 കളിലാണ് പ്രയാർ കേരളമാകെ സഞ്ചരിച്ച് ഗുജറാത്തിലെ ആനന്ദ് മാതൃകയിൽ കേരളത്തിലും സംരംഭമാകാമെന്ന് തെളിയിച്ചത്. ഇതിനായി പലവട്ടം ഗുജറാത്തിൽ പോയി കുര്യനുമായി സംഭാഷണം നടത്തിയിരുന്നു. നാഷനൽ ഡയറി ഡെവലപ്മെന്റ് ബോർഡിൽ നിന്നെടുത്ത 27 കോടി രൂപയായിരുന്നു 1983 ൽ ആരംഭം കുറിച്ച മിൽമയുടെ മുടക്കുമുതൽ. തൃശൂർ വരെയുള്ള തെക്കൻ ജില്ലകളായിരുന്നു അന്ന് മിൽമയുടെ പരിധി. 1986 - 87 കാലഘട്ടത്തിൽ അതിവേഗം തന്നെ മലബാർ ജില്ലയിലേക്കും മിൽമ യുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രയാറിന് തന്റെ പ്രവർത്തന മികവിനാൽ സാധിച്ചു. കൗതുകകരമായ വിവരം കേരളം കണി കണ്ടുണരുന്ന നന്മ എന്ന മനസ്സിൽ തറച്ചു നിൽക്കുന്ന പരസ്യ വാചകം സംഭാവന ചെയ്തതും പ്രയാർ ആണെന്നതാണ്. പരന്ന വായന വഴി ഭാഷാ നവീകരണം നടത്തിയതിന്റെ ഫലം. മിൽമ യുടെ വളർച്ചക്കായി എണ്ണമറ്റ സംഭാവനകൾ അദ്ദേഹം നൽകി. 1999 വരെയുള്ള കാലത്ത് 14 കൊല്ലമാണ് അദ്ദേഹം മിൽമ യുടെ ചെയർമാനായത് .കേരളമാകെ പ്രയാർ പത്ര സമ്മേളനങ്ങൾ നടത്തി മിൽമയുടെ പുത്തൻ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി.
പത്രസമ്മേളനങ്ങളിൽ നടത്തിയ ഭാഷാ പ്രയോഗങ്ങളിലൂടെയും വിതരണം ചെയ്ത പാലുൽപന്നങ്ങളുടെ രുചിയിലൂടെയും പഴയ തലമുറ പത്രപ്രവർത്തകരുടെ നാവിലും മനസ്സിലും ഇപ്പോഴുമുണ്ടാകും ആ പ്രയാർ ഓർമ. മിൽമയുടെ പത്രസമ്മേളനത്തിന് ഞാൻ പോകാം എന്ന് ജഗതി അവതരിപ്പിച്ച ഒരു കഥാപാത്രം സിനിമയിൽ പറയുന്നുണ്ട് -പത്ര തൊഴിലിടത്തിലെ ആ കാലത്തെ ചെറിയ തരം തരികിടകളെ കളിയാക്കാൻ മിൽമ പത്രസമ്മേളനം കടന്നുവരാൻ കാരണം പ്രയാറും മിൽമയും അത്ര കണ്ട് അക്കാലത്ത് പത്രസമ്മേളനങ്ങൾ വഴിയും സജീവമായതാകാം. കോൺഗ്രസിന്റെ സ്വന്തമായിരുന്ന മിൽമ സൊസൈറ്റി അടുത്ത കാലത്താണ് സി.പി.എമ്മിന്റെ കൈകളിലെത്തിയത് - അങ്ങനെ ഒരവസ്ഥ വരുത്താൻ പ്രയാറിന്റെ പിൻമുറക്കാരായ കോൺഗ്രസുകാർ വല്ലാതെ അധ്വാനിച്ചു കാണും. പശു വളർത്തലും പാൽ വിൽപനയും ജീവിത മാർഗമാക്കിയ പിതാവ് ആർ. കൃഷ്ണൻ നായരുടെ വഴി തന്നെ കൂടുതൽ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിയ പ്രയാറിന് തന്റെ സഞ്ചാര വഴിയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല.
കോൺഗ്രസിലെ സൗമ്യ മുഖമായിരുന്ന പ്രയാർ ആന്റണി പക്ഷക്കാരനായിരുന്നു. 1992 ൽ എ, ഐ ഗ്രൂപ്പുകൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഐ ഗ്രൂപ്പിലെ കെ.സി. രാജനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 2001 ലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രയാറിന്റെ കഴിവ് പ്രകടമായത്. സി.പി.ഐയുടെ പൊന്നാപുരം കോട്ടയായ ചടയമംഗലത്ത് നിന്ന് അന്ന് പ്രയാർ എം.എൽ.എയായി. 2006 ൽ തോറ്റു. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ശരിയാംവണ്ണം മനസ്സിലാക്കി പ്രവർത്തിച്ച നേതാവായിരുന്നു പ്രയാർ. മത ശത്രു പാർട്ടികൾ കൂടുതൽ സജീവമായ കേരളത്തിൽ കമ്യൂണിസ്റ്റു കാരേക്കാൾ മുന്തിയ കമ്യൂണിസ്റ്റായ ആളാകൻ പ്രയാറിനെ കിട്ടുമായിരുന്നില്ല. ഹിന്ദുമത വിശ്വാസികളുമായി ബന്ധപ്പെട്ട ശബരിമല പ്രശ്നം വന്നപ്പോൾ പ്രയാർ അടിയുറച്ച നിലയിൽ വിശ്വാസികളുടെ പക്ഷത്തായിരുന്നു. എടുത്ത നിലപാടുകളിൽ ശക്തമായി ഉറച്ചു നിൽക്കാൻ പ്രയാറിനു സാധിച്ചു. 2017 ൽ പ്രയാർ ഗോപാല കൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കേ ശബരിമല അവലോകന യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമൊത്തിയിരുന്നു. മുഖ്യമന്ത്രി അതിശക്തനായ കാലം എന്ന് പ്രത്യേകം പറയേണ്ടതില്ല. മകരവിളക്ക് കാലത്ത് ശബരിമലയിലെ തിരക്ക് കുറക്കാൻ ക്ഷേത്രനട എല്ലാ ദിവസവും തുറക്കണമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ടു വെച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ പ്രയാർ എഴുന്നേറ്റു- നിർദേശമൊക്കെ കൊള്ളാം. പക്ഷേ അത് ശബരിമലയിൽ നടക്കില്ല. പ്രയാറിന്റെ നിലപാടിനെ അവിടെ എതിർക്കാൻ മുഖ്യമന്ത്രി അശക്തനായത് സ്വാഭാവികം. അന്ന് ക്ഷോഭം മനസ്സിലൊതുക്കിയ മുഖ്യമന്ത്രി ദേവസ്വം ബോർഡിന്റെ കാലാവധി രണ്ട് വർഷമായി ചുരുക്കി ഓർഡിനൻസ് ഇറക്കിയതോടെ പ്രയാറിന് ഒഴിഞ്ഞു പോകേണ്ടി വന്നു.
ഹിന്ദുമത വിശ്വാസി എന്ന നിലക്കുള്ള നിലപാടുകൾ കണ്ടിട്ടാകണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ചടയമംഗലം സീറ്റ് കിട്ടിയില്ലെങ്കിൽ പ്രയാർ ബി.ജെ.പിയിലേക്ക് പോകും എന്ന് ചില മാധ്യമങ്ങൾ പ്രചാരണം അഴിച്ചുവിട്ടു. അതിനദ്ദേഹം 2021 മാർച്ചിൽ എഴുതിയ കുറിപ്പിൽ അങ്ങനെ പറഞ്ഞവരുടെ മുഖത്തടിച്ചു. രൂക്ഷമായ പ്രതികരണം ഇങ്ങനെയായിരുന്നു ''ഒരാളെ മാത്രമേ ഞാൻ അച്ഛനെന്ന് വിളിച്ചിട്ടുള്ളൂ. കണ്ണിൽ കണ്ടവരെയൊക്കെ കാര്യസാധ്യത്തിനായി അച്ഛാ എന്ന് വിളിക്കാൻ ഞാനില്ല. പദവിക്ക് വേണ്ടി പ്രസ്ഥാനത്തെ വഞ്ചിക്കുന്നവരുണ്ടാകാം. ഞാൻ മരണം വരെ ഉറച്ച കോൺഗ്രസുകാരനായിരിക്കും.''
വിശ്വസിച്ച പ്രസ്ഥാനത്തിന് കേരളത്തിൽ പുതുജീവൻ വെച്ചു തുടങ്ങുന്ന കാലത്താണ് 74 ാമത്തെ വയസ്സിൽ അദ്ദേഹം വിട വാങ്ങിയത്. കോൺഗ്രസിനും കൂടെ നിൽക്കുന്നവർക്കും ഇതൊരു വലിയ നഷ്ടമാണ്.






