ദുബായ്- പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചതില്‍ അറബ് ലോകത്ത് ഉയര്‍ന്ന പ്രതിഷേധവും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അറബ് ലോകത്ത് ഇന്ത്യാ വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടത്. പ്രവാചക അധിക്ഷേപത്തിനെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സംഘര്‍ഷത്തിനു കാരണമായിരുന്നു.
ബി.ജെ.പിയുടെ ഔദ്യോഗിക വക്താക്കളായ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രവാചക അധിക്ഷേപം അറബ് നാടുകളില്‍ വലിയ പ്രതിഷേധത്തിനാണ് കാരണമായത്. യാ മോഡി, ദൈവത്തിന്റെ പ്രവാചകനെയെങ്കിലും ഒഴിവാക്കൂ എന്ന ഹാഷ് ടാഗ് പ്രചരിപ്പിച്ചാണ് അറബ് പൗരന്മാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും വ്യാപകമായി ആഹ്വാനം ഉയര്‍ന്നു.
ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ വന്ന പ്രസ്താവനകളെ ഔദ്യോഗികമായി അപലപിക്കുന്ന കത്താണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന് കൈമാറിയത്. ഉപരാഷ്ട്രപതിയും സംഘവും ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സമയത്താണ് ഈ സംഭവം.
പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയടുത്തതിനെ സ്വാഗതം ചെയ്ത ഖത്തര്‍ ലോക മുസ്‌ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു.
ഇന്ത്യന്‍ അംബാസഡറുമായി വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ മതപരമായ വ്യക്തിത്വത്തെ അവഹേളിക്കുന്ന ഇന്ത്യയിലെ വ്യക്തികളുടെ ചില ആക്ഷേപകരമായ ട്വീറ്റുകള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നു. ട്വീറ്റുകള്‍ ഒരു തരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അംബാസിഡര്‍ വിശദീകരിച്ചു.
ഇന്ത്യയില്‍ ഇസ്ലാം ഭീതിയും വിദ്വേഷ പ്രചാരണവും മുമ്പൊന്നുമില്ലാത്ത വിധം വ്യാപകമായതിനിടെയാണ് ബി.ജെ.പി വക്താക്കള്‍ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രവാചകനേയും പത്‌നി ആയിശയയേും ചേര്‍ത്തുകൊണ്ടുള്ളതായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
ജൂണ്‍ ഒന്നിന് ദല്‍ഹി ബി.ജെ.പി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നല്‍കിയ ട്വീറ്റ് ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ രോഷം ഉണര്‍ത്തുന്നതായിരുന്നു. രോഷം പ്രകടിപ്പിച്ച നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു.
ഇന്ത്യയില്‍ ഭരണം നടത്തുന്ന തീവ്രവാദ പാര്‍ട്ടിയുടെ വകതാവാണ് പ്രവാചക നിന്ദ നടത്തിയിരിക്കുന്നതെന്നും ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമുള്ള ഓരോ മുസ്ലിമും ഇതില്‍ പ്രതിഷേധിക്കേണ്ടതുണ്ടെന്നും മുസ്ലിംകള്‍ ഒറ്റക്കെട്ടായി നിന്ന് ഇത്തരം നീക്കങ്ങള്‍ ചെറുക്കേണ്ടതുണ്ടെന്നും ഒമാനിലെ ഗ്രാന്‍ഡ് മുഫ്തി അഹമ്മദ് അല്‍ ഖലീലി ട്വീറ്റ് ചെയ്തു.
പ്രവാചകന്റെ എല്ലാ ശത്രുക്കളും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് പോയെന്നും മുഹമ്മദിന്റെ ജീവചരിത്രവും മുഹമ്മദിന്റെ മതവും മുഹമ്മദ് കൊണ്ടുവന്ന ഖുര്‍ആനുമാണ് അവശേഷിച്ചതെന്നും സൗദി എഴുത്തുകാരന്‍ അലി അല്‍ ഉമരി ട്വീറ്റ് ചെയ്തു. മറ്റു ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍നിന്നും ധാരാളം പേര്‍ ബി.ജെ.പി വക്താക്കളുടെ പ്രവാചക നിന്ദക്കെതിരെ രംഗത്തുവന്നു.






