മുംബൈ- ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും നടി കത്രീന കൈഫിനും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കത്രീനക്ക് രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്. 2021 ഏപ്രിലിൽ താൻ പോസിറ്റീവ് ആണെന്ന് അവർ അറിയിച്ചിരുന്നു.
ഭർത്താവ് വിക്കി കൗശലിന് പുരസ്കാരം സമ്മാനിച്ച ഐ.എഫ്.എ ചടങ്ങിൽ ശനിയാഴ്ച കത്രീന പങ്കെടുത്തിരുന്നില്ല. സർദാർ ഉദം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കത്രീനയുടെ ഭർത്താവ് വിക്കി കൗശലിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മെയ് 25 ന് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ ജന്മദിന പാർട്ടിയിൽ കത്രീനയും വിക്കിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. മുംബൈയിലെ യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ നടന്ന താരങ്ങളുടെ ഒത്തു ചേരലിൽ ഭാര്യ ഗൗരി ഖാനൊപ്പം ഷാരൂഖ് പങ്കെടുത്തു.
ഷാരൂഖ് ഖാന് കോവിഡ് സ്ഥിരീകരിച്ച കാര്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു. ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാൻ കോവിഡ് പോസിറ്റീവ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും സൂപ്പർതാരം വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കൂ എന്നുമായിരുന്നു മമതയുടെ ട്വീറ്റ്. ഷാരൂഖ് സുഖം പ്രാപിക്കുക! എത്രയും വേഗം മടങ്ങിവരൂ!
കത്രീന തന്റെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയാതായാണ് റിപ്പോർട്ട്. ഐഐഎഫ്എ അവാർഡിനായി അബുദാബിയിലെത്തിയപ്പോൾ കത്രീന ഒപ്പമില്ലാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ഞാനും മിസ് ചെയ്യുന്നുവെന്നായിരുന്നു വിക്കി കൌശലിന്റെ മറുപടി.
അതിനിടെ, പുതിയ ചിത്രമായ ജവാന്റെ ആദ്യ പോസ്റ്റർ ശനിയാഴ്ച ഷാരൂഖ് പുറത്തിറക്കി. നടൻ കാർത്തിക് ആര്യന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാരൂഖിനും കത്രീനയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. നടൻ ആദിത്യ റോയ് കപൂറിനും കോവിഡ് -19 പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുണ്ട്.