Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പ് ലാറ്റിനമേരിക്കയിലേക്കോ?

ലോകകപ്പിൽ യൂറോപ്പിന്റെ അനിഷേധ്യമായ പടയോട്ടം തുടങ്ങിയിട്ട് 16 വർഷമായി. 2006 ൽ ഇറ്റലി, 2010 ൽ സ്‌പെയിൻ, 2014 ൽ ജർമനി, 2018 ൽ ഫ്രാൻസ്. ഇത്തവണ ലാറ്റിനമേരിക്ക പ്രതാപം തിരിച്ചുപിടിക്കുമോ? 20 വർഷം മുമ്പാണ് ലാറ്റിനമേരിക്കയുടെ അവസാന ജയം -ഏഷ്യയിലെ ആദ്യ ലോകകപ്പിൽ ബ്രസീൽ ചാമ്പ്യന്മാരായി. ഏഷ്യയിൽ ലോകകപ്പ് തിരിച്ചെത്തുമ്പോൾ അവർ വീണ്ടും പ്രതീക്ഷയിലാണ്. ബ്രസീലും അർജന്റീനയും തകർപ്പൻ ഫോമിലുമാണ്. ലോകകപ്പിലേക്കുള്ള പ്രയാണം സന്നാഹ മത്സരങ്ങളോടെ ഇരു ടീമുകളും തുടങ്ങി. ഫൈനലിസിമയിൽ അർജന്റീന 3-0 ന് ഇറ്റലിയെ തുരത്തി. ബ്രസീൽ 5-1 ന് തെക്കൻ കൊറിയയെ കീഴടക്കി. 
അർജന്റീനക്കെതിരെ 0-3 തോൽവിയുമായി രക്ഷപ്പെട്ടത് ഇറ്റലിയുടെ ഭാഗ്യമെന്നു പറയാം. കഴിഞ്ഞ ലോകകപ്പിനു ശേഷം അർജന്റീനയുടെ പുരോഗതി വിളിച്ചോതുന്നതായി ഈ കളി. 32 മത്സരങ്ങൾക്കു മുമ്പാണ് അവർ അവസാന തോൽവി വഴങ്ങിയത്. 
ഇറ്റലിക്കെതിരെ ലിയാന്ദ്രൊ പരേദേസിന്റെ അഭാവം തുടക്കത്തിൽ മധ്യനിരയിൽ അവർക്ക് പ്രശ്‌നങ്ങളുണ്ടാക്കി. പകരം വന്ന ഗയ്‌ഡൊ റോഡ്രിഗസ് കൂടുതൽ ഡിഫൻസിവായി കളിക്കുന്നയാളായിരുന്നു. എന്നാൽ പാസിംഗ് ശരിയായതോടെ അർജന്റീനയെ പിടിച്ചാൽ കിട്ടാതായി. ജിയോവാനി ലോസെൽസോയെയും റോഡ്രിഗൊ ദെ പോളിനെയും നിയന്ത്രണത്തിൽ നിർത്താൻ ഇറ്റലിക്കു സാധിച്ചില്ല. അതോടെ ലിയണൽ മെസ്സിക്ക് അപകട മേഖലയിൽ നിരന്തരം പന്തെത്തി. ലൗതാരൊ മാർടിനേസും മെസ്സിയും തമ്മിലുള്ള കണ്ണിമുറിയാത്ത ബന്ധമാണ് കഴിഞ്ഞ മൂന്നു വർഷമായി അർജന്റീനയുടെ ശക്തി. എയിംഗൽ ഡി മരിയ ഗോൾമുഖത്ത് ആ കൂട്ടുകെട്ടിന് കരുത്തു പകരുന്നു. മെസ്സിയെ കൊണ്ട് ഗോളടിപ്പിക്കാൻ അർജന്റീനാ താരങ്ങൾ ശ്രമിച്ചില്ലായിരുന്നുവെങ്കിൽ കൂടുതൽ വലിയ വിജയം അവർക്ക് നേടാമായിരുന്നു. മെസ്സിക്കു ചുറ്റും കോച്ച് ലിയണൽ സ്‌കാലോണി ലഭ്യമായ മികച്ച പിന്തുണ ഒരുക്കി വെച്ചിട്ടുണ്ട്. 
പ്രതിരോധത്തിലാണ് പ്രധാന ദൗർബല്യം. ഗോൾമുഖത്ത് എമിലിയാനൊ മാർടിനേസും ഡിഫൻസിൽ ക്രിസ്റ്റ്യൻ റോമിരോയും വേറിട്ടു നിൽക്കുന്നു. എന്നാൽ റോമിറോയുടെ പാർട്ണർ നിക്കൊളാസ് ഓടാമെണ്ടിയുടെ നല്ലകാലം കഴിഞ്ഞു. ആക്രമണത്തിന് മെസ്സിയിലൂടെയല്ലാതെ പല വഴികൾ കണ്ടെത്താൻ കഴിയുന്നു എന്നതാണ് ഈ അർജന്റീനാ ടീമിന്റെ ഏറ്റവും വലിയ ശക്തി. 
ബ്രസീലും നെയ്മാറിനെ ഇപ്പോൾ അമിതമായി ആശ്രയിക്കുന്നില്ല. വിനിസിയൂസ് ജൂനിയർ ലോകോത്തര നിലവാരമാർജിച്ചു കഴിഞ്ഞു. തെക്കൻ കൊറിയക്കെതിരായ വിജയം അവരുടെ വൈവിധ്യം വിളിച്ചോതുന്നു. കഴിഞ്ഞ മാസങ്ങളിൽ ബ്രസീൽ പരീക്ഷിച്ച ആക്രമണ ശൈലികളൊക്കെ തെക്കൻ കൊറിയക്കെതിരെ അവർ പുറത്തെടുത്തു. വലതു വിംഗിൽ റഫീഞ്ഞയെയും വലതു വിംഗിൽ ലുക്കാസ് പക്വീറ്റയെയും കോച്ച് പരീക്ഷിച്ചു. ഡാനി ആൽവേസാണ് ബ്രസീൽ ടീമിലെ ദുർബല കണ്ണി. എന്നാൽ ഫ്രെഡ് പലപ്പോഴും ഓടിയെത്തി പഴുതടച്ചു. ഫെലിപ്പെ കൗടിഞ്ഞോയും ഗബ്രിയേൽ ജെസൂസും ഗോളടിച്ചുവെന്നത് കോച്ച് ടിറ്റെക്ക് വലിയ ആശ്വാസം പകരും. ഇരുവരെയും കളിപ്പിക്കുന്നതിനെതിരെ കനത്ത വിമർശനമുയരുന്നുണ്ട്. 
2014 ലെ ലോകകപ്പ് സെമിയിൽ ജർമനിയോട് 1-7  ന് നാണം കെട്ടശേഷം ബ്രസീലിന്റെ നൂറാമത്തെ മത്സരമായിരുന്നു ഇത്. ഓരോ ജയവും ആ വേദനിപ്പിക്കുന്ന ഓർമകളിൽ നിന്നുള്ള ദൂരം വർധിപ്പിക്കുകയാണ്. ഖത്തർ കാത്തിരിക്കുകയാണ്. 
 

Latest News