യൂറോപ്പിൽ മൂന്ന് മത്സരങ്ങൾ, മൂന്നിലും ദേശീയ റെക്കോർഡ്. 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി എന്ന പെൺകുട്ടി വേഗക്കുതിപ്പിന്റെ ട്രാക്കിലാണ്. 16 ദിവസത്തിനിടെ ഇരുപത്തിരണ്ടുകാരി മൂന്നു തവണയാണ് ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചത്. അവസാനത്തെ സമയം 13.04 സെക്കന്റ്. നെതർലാന്റ്‌സിലെ ഹാരി ഷുൾടിംഗ് ഗെയിംസിലായിരുന്നു ഈ കുതിപ്പ്. ഫെബ്രുവരിയിൽ തേഞ്ഞിപ്പലത്ത് നടന്ന അഖിലേന്ത്യാ അന്തർസർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ ഓടിയ 13.98 സെക്കന്റിൽ നിന്ന് ഏതാണ്ട് ഒരു സെക്കന്റാണ് ഈ ചെറിയ സമയത്തിനുള്ളിൽ ജ്യോതി വെട്ടിക്കുറച്ചത്. അവിശ്വസനീയമാണ് ഈ നേട്ടം.
റെക്കോർഡുകൾ തകർക്കുന്നത് ജ്യോതിക്ക് പുതുമയല്ല. അനുരാധാ ബിസ്വാളിന്റെ പേരിൽ 20 വർഷമായി നിലനിൽക്കുന്ന റെക്കോർഡ് മുമ്പ് രണ്ടു തവണ ജ്യോതി മറികടന്നിരുന്നു. 13.38 ആയിരുന്നു അനുരാധയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ്. ഇതിനെക്കാൾ വേഗത്തിൽ അഞ്ചു തവണ ജ്യോതി ഓടിക്കഴിഞ്ഞു. ആദ്യ രണ്ടെണ്ണം പല കാരണങ്ങളാൽ അംഗീകരിക്കപ്പെട്ടില്ല.
മറ്റനേകം യുവ കായികതാരങ്ങളെപ്പോലെ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്നാണ് ജ്യോതിയും വരുന്നത്. അച്ഛൻ സെക്യൂരിറ്റി ഗാർഡാണ്. അമ്മ വിശാഖപട്ടണത്തെ ഒരു ആശുപത്രിയിൽ പാർട് ടൈം ക്ലീനറും. ഗുണ്ടൂറിലെ ആചാര്യ നാഗാർജുന യൂനിവേഴ്‌സിറ്റിയിൽ ബി.എ ഡിഗ്രിക്ക് പഠിക്കുകയാണ് ഈ താരം. 2019 ലെ ഇന്റർ സ്റ്റെയ്റ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് ജ്യോതി യാരാജി എന്ന പേര് ആദ്യം കേൾക്കുന്നത്. ജ്യോതിയുടെ പ്രഥമ സീനിയർ ദേശീയ മത്സരമായിരുന്നു അത്.
2015 ൽ ആന്ധ്രാപ്രദേശിലെ സ്‌പോർട്‌സ് അതോറിറ്റി എക്‌സലൻസ് സെന്ററിൽ ചേർന്ന ശേഷമാണ് ജ്യോതിയുടെ കുതിപ്പ് ആരംഭിച്ചത്. ഒഡിഷ അത്‌ലറ്റിക്‌സ് ഹൈ പെർമോൻസ് സെന്ററിൽ ജെയിംസ് ഹിലിയർക്കു കീഴിലാണ് ജ്യോതിയുടെ പരിശീലനം.
2020 ൽ കർണാടകയിലെ മൂഡബിദ്രിയിൽ നടന്ന അഖിലേന്ത്യാ ഇന്റർ യൂനിവേഴ്‌സിറ്റി അത്‌ലറ്റിക്‌സ് മീറ്റിലാണ് ജ്യോതി ആദ്യം ദേശീയ റെക്കോർഡ് മറികടന്നത്. 13.03 സെക്കന്റിൽ ഫിനിഷ് ചെയ്‌തെങ്കിലും രണ്ടു കാരണങ്ങളാൽ ആ റെക്കോർഡ് അംഗീകരിക്കപ്പെട്ടില്ല. ആ ചാമ്പ്യൻഷിപ്പിൽ ദേശീയ ഉത്തേജക നിർമാർജന ഏജൻസിയുടെ പ്രതിനിധികളുണ്ടായിരുന്നില്ല. അതിനാൽ മത്സരശേഷം അവർ പരിശോധനക്ക് വിധേയയായിട്ടില്ല. രണ്ട്, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും വന്നിരുന്നില്ല. ഈ വേഗം മറികടക്കാൻ പിന്നീട് ജ്യോതിക്ക് സാധിച്ചിട്ടില്ല.
തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷൻ കപ്പിൽ 13.09 സെക്കന്റിൽ ഓടിയെങ്കിലും കാറ്റിന്റെ വേഗം മതിയായ പരിധിക്കു മുകളിലാണെന്നതിനാൽ ഇത്തവണയും റെക്കോർഡ് നിഷേധിക്കപ്പെട്ടു. തന്റേതല്ലാത്ത കാരണത്താൽ രണ്ടാം തവണയും റെക്കോർഡ് കൈവിട്ടത് ജ്യോതിക്ക് വലിയ സങ്കടമായി. കണ്ണീരോടെയാണ് ഈ പെൺകുട്ടി ട്രാക്ക് വിട്ടത്. പക്ഷെ അത് അവരുടെ നിശ്ചയദാർഢ്യം വർധിപ്പിച്ചതേയുള്ളൂ.
മെയ് ആദ്യം സൈപ്രസ് ഇന്റർനാഷനൽ മീറ്റിലാണ് ഒടുവിൽ ജ്യോതിയുടെ പേരിൽ റെക്കോർഡ് ചേർക്കപ്പെട്ടത്. 13.23 സെക്കന്റ്. പത്തു ദിവസത്തിനു ശേഷം ലഫ്ബറൊ ഇന്റർനാഷനൽ മീറ്റിൽ 13.11 സെക്കന്റിലോടി ആ റെക്കോർഡ് മെച്ചപ്പെടുത്തി. ഹാരി ഷുൾട്‌സ് ഗെയിംസിൽ 13.04 സെക്കന്റായി അതും തിരുത്തി.
അടുത്ത മാസം 22 ന് ബേമിംഗ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ജ്യോതി യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ ജൂലൈ 15 ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനായിട്ടില്ല. അതിന് 12.84 സെക്കന്റിൽ ഓടണം.
സൂുപ്പർ സ്പ്രിന്റർ ഉസൈൻ ബോൾടിന്റെയും ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്രയുടെയും ആരാധികയാണ് ഇരുപത്തിരണ്ടുകാരി. ദേശീയ ക്യാമ്പിലായിരിക്കെ പലതവണ നീരജിന്റെ ഉപദേശം തേടിയിരുന്നു.