Sorry, you need to enable JavaScript to visit this website.

ചരിത്രപാതയിൽ ഗോകുലം 

ഇന്ത്യൻ ഫുട്‌ബോളിൽ ചരിത്രം രചിക്കുകയാണ് ഗോകുലം കേരളാ എഫ്.സി. തുടർച്ചയായ രണ്ടാം വർഷവും ഐ-ലീഗ് കിരീടവും ഇന്ത്യൻ വനിതാ ലീഗ് കിരീടവും നേടിയിരിക്കുകയാണ് ഈ കോഴിക്കോടൻ ക്ലബ്ബ്. 15 വർഷത്തിനിടയിലാദ്യമായാണ് ഒരു ക്ലബ്ബ് ഐ-ലീഗ് കിരീടം നിലനിർത്തുന്നത്. ഡ്യൂറന്റ് കപ്പ് നേടുന്ന ആദ്യ കേരളാ ടീമായി മാറി 2019 ൽ മലബാറിയൻസ്. ഐ-ലീഗിലും മറ്റൊരു കേരളാ ക്ലബ്ബിന് കിരീടം തൊടാനായിട്ടില്ല. കഴിഞ്ഞ വർഷം ആരംഭിച്ച ഏഷ്യൻ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഗോകുലമായിരുന്നു. ഇത്തവണ പുരുഷ ടീം എ.എഫ്.സി കപ്പിൽ ഇന്ത്യക്കു വേണ്ടി ഇറങ്ങി. 
ഗോകുലത്തിന്റെ പുരുഷ ടീമിനെ അതുല്യ വിജയങ്ങളിലേക്ക് നയിച്ച കോച്ച് വിഞ്ചെൻസൊ ആൽബർടൊ അന്നീസ് വിടവാങ്ങുന്നുവെന്നതാണ് ഇപ്പോൾ ടീം നേരിടുന്ന പ്രതിസന്ധി. പുതിയ വെല്ലുവിളികൾ തേടി ഐ.എസ്.എല്ലിലേക്ക് പോവുകയാണ് ഇറ്റലിക്കാരൻ. മറ്റൊരു കോച്ചിന് കീഴിൽ വിജയം നിലനിർത്താൻ സാധിക്കുമോയെന്നതാണ് ഗോകുലം നേരിടുന്ന വെല്ലുവിളി. 
എ.എഫ്.സി കപ്പിൽ ഐ.എസ്.എൽ ക്ലബ്ബായ എ.ടി.കെ മോഹൻ ബഗാനെ തോൽപിച്ചത് ഗോകുലത്തെ സംബന്ധിച്ചിടത്തോളം മാത്രമല്ല ഐ-ലീഗ് ക്ലബ്ബുകളുടെ മൊത്തം വിജയമായി. ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗാണ് ഐ.എസ്.എൽ എന്ന നിലപാടിലാണ് എ.ഐ.എഫ്.എഫ്.
അമ്പരപ്പിക്കുന്നതാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗോകുലം നടത്തിയ കുതിപ്പ്. രണ്ടാം ഡിവിഷൻ ഐ-ലീഗിൽ ചാമ്പ്യന്മാരായായിരുന്നു തുടക്കം. 
ഈ സീസണിലും കഴിഞ്ഞ സീസണിലുമായി ഗോകുലം തുടർച്ചയായ 21 മത്സരങ്ങളിൽ അജയ്യരായി. ഈ സീസണിൽ 44 ഗോളടിച്ചു. 12 വ്യത്യസ്ത കളിക്കാരാണ് ഗോളുകൾ നേടിയതെന്നത് കൂടുതൽ സന്തോഷത്തിന് വഴിവെക്കുന്നു. ബംഗാളിൽ ബംഗാൾ ടീമിനെ തോൽപിച്ച് കിരീടം നേടാൻ അധികം ക്ലബ്ബുകൾക്കൊന്നും സാധിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഫുട്‌ബോൾ വീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടുമെന്ന് മുൻ ഇന്ത്യൻ നായകൻ ഐ.എം വിജയൻ ചൂണ്ടിക്കാട്ടി.  
ആഭ്യന്തര കളിക്കാരെ വളർത്തിയെടുത്തതും തങ്ങളുടെ ചെറിയ ബജറ്റിന് ഇണങ്ങുന്ന വിദേശ കളിക്കാരെ കണ്ടെത്തിയതുമാണ് ഗോകുലത്തിന്റെ വിജയത്തിന് കാരണമെന്ന് സ്ഥാനമൊഴിയുന്ന കോച്ച് കരുതുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് ദീർഘകാലം ഒന്നിച്ചു കഴിയേണ്ടി വന്നത് ടീമിനെ ഒറ്റക്കെട്ടാക്കിയെന്നും അന്നസി പറഞ്ഞു. 
ഇന്ത്യൻ ഫുട്‌ബോളിന് ഒരു മാതൃകയാണ് തങ്ങൾ സൃഷ്ടിച്ചതെന്ന് അന്നസി ചൂണ്ടിക്കാട്ടി. ഒരു കളി ശൈലി ഞങ്ങൾ വളർത്തിയെടുത്തു. വർഷങ്ങളായി ഇന്ത്യ ദർശിച്ചിട്ടില്ലാത്തതരം ആക്രമണ ഫുട്‌ബോൾ. അഹങ്കരിക്കുകയല്ല, എതിരാളികളുടെ ഗോൾമുഖത്ത് ആക്രമണമെത്തിക്കുന്ന വ്യത്യസ്തമായ ശൈലിയായിരുന്നു ഗോകുലത്തിന്റേത് -അദ്ദേഹം പറഞ്ഞു. 
ഗോകുലം പുരുഷ ടീമിന് ഒരു റിസർവ് ടീം ഉണ്ട്. ഭാവിയിലേക്ക് കളിക്കാരെ വളർത്തിയെടുക്കുന്ന അക്ഷയഖനിയാണ് ഇത്. ഗോകുലത്തിന്റെ ആദ്യ ടീമിൽ കേരളത്തിൽ ജനിച്ചു വളർന്ന 13 കളിക്കാരുണ്ട്. മൊത്തം സ്‌ക്വാഡിന്റെ പകുതി. കഴിഞ്ഞ സീസണിൽ ഇത് വെറും മൂന്നായിരുന്നു. 
ഐ.എസ്.എൽ ടീമുകൾക്ക് പോലും ഇപ്പോൾ വനിതാ ടീമില്ല. വനിതാ ഫുട്‌ബോൾ അധികം വൈകാതെ ഇന്ത്യൻ ജനതയുടെ മനസ്സ് പിടിച്ചടക്കുമെന്നും കൂടുതൽ ക്ലബ്ബുകൾ വനിതാ ടീമുമായി രംഗത്തു വരുമെന്നും ഗോകുലം പ്രതിനിധി പ്രവീൺ പറഞ്ഞു. ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലത്തിന്റെ തേർവാഴ്ചയായിരുന്നു. 66 ഗോളടിച്ച ടീം മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. ഗോകുലത്തിന് മാത്രമേ വനിതാ ലീഗിൽ രണ്ട് വിദേശ കളിക്കാരുള്ളൂ. സേതു എഫ്.സിക്കും സിർവോദം ക്ലബ്ബിനും ഓരോ വിദേശ താരങ്ങളുണ്ട്. വനിതാ ഫുട്‌ബോളിന്റെ വളർച്ചക്കായി എ.ഐ.എഫ്.എഫ് മുൻകൈയെടുക്കണമെന്ന് പ്രവീൺ ആവശ്യപ്പെടുന്നു. 
ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നേടുന്ന ആദ്യ ഐ-ലീഗ് ടീമാവുകയാണ് ലക്ഷ്യമെന്നും ഐ.എസ്.എല്ലിന്റെ വാതിലുകൾ ഐ-ലീഗിനായി തുറന്നിടുന്ന കാലം വിദൂരമല്ലെന്നും പ്രവീൺ കരുതുന്നു. 

Latest News