പിഴുതെറിയണം, വിദ്വേഷ രാഷ്ട്രീയത്തിന്റെ വേരുകൾ

ആലപ്പുഴയിൽ പത്തു വയസ്സിൽ താഴെയുള്ള കുട്ടിയെ മുൻനിർത്തിയാണ് വെറുപ്പ് പടർത്തുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയതെങ്കിൽ ആർ.എസ്.എസിന്റെ പല നേതാക്കളിലൂടെയും നാം അത് കേട്ടിട്ടുണ്ട്, കേൾക്കുന്നുമുണ്ട്. വിഷം വമിപ്പിക്കുന്ന അത്തരം വാക്കുകളും മുദ്രാവാക്യങ്ങളും പ്രായഭേദമെന്യേ ആരിൽ നിന്നുണ്ടായാലും കടുത്ത നടപടികളുണ്ടാകണം. പ്രബുദ്ധ കേരളത്തിന്റെ മണ്ണിൽ വെറുപ്പിന്റെ രാഷ്ട്രീയം ഉൽപാദിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം. സർക്കാർ മാത്രം വിചാരിച്ചാൽ നടക്കാത്ത ഇക്കാര്യത്തിൽ മതേതര മനസ്സുള്ള എല്ലാവരുടേയും കരുത്തുറ്റ കൂട്ടായ്മയാണ് അനിവാര്യം. നിസ്സംഗത വെടിഞ്ഞാൽ വർഗീയ ശക്തികളെ തുരത്തിയോടിക്കാൻ കേരളത്തിന് സാധിക്കും.  

 

ക്യാച്ച് ദം യംഗ് അഥവാ ചെറുപ്പത്തിലേ പിടികൂടുകയെന്നത് ഫാസിസത്തിന്റെയും വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെയും രീതിശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമാണ്. മതവിദ്വേഷത്തിന്റെയും വർണ വെറിയുടെയും പ്രചാരകരും പടയാളികളുമാക്കുന്നതിന് ചെറുപ്രായത്തിൽ ആകർഷിക്കുകയും പരിശീലനം നൽകി വളർത്തിയെടുക്കുകയും ചെയ്യുകയെന്ന അതേ രീതിയാണ് ഇന്ത്യയിൽ പല പേരുകളിൽ പ്രവർത്തിക്കുന്ന ഫാസിസ്റ്റ്  തീവ്രവാദ സംഘടനകൾ അവലംബിച്ചു വരുന്നത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ മുദ്രാവാക്യം വിളിച്ചുനീങ്ങിയ കുട്ടി അതിന്റെ തെളിവുകളിലൊന്നാണ്. ദുർഗാവാഹിനിയുടെ പേരിൽ വാൾ വീശി പ്രകടനം നടത്തുന്ന യുവതികളും ഈ നാണയത്തിന്റെ മറുപുറമാണ്.
ആലപ്പുഴയിലെ കുട്ടിയെ, നന്നേ ചെറുപ്രായത്തിൽ അവന്റെ ശരീരത്തിനോ വശത്താക്കിയ ഭാഷയ്‌ക്കോ താങ്ങാവുന്നതിലപ്പുറം കനത്തതും വെറുപ്പും പ്രകോപനം നിറഞ്ഞതുമായ മുദ്രാവാക്യങ്ങളാണ്, മുതിർന്നവർ പഠിപ്പിച്ച പ്രകോപനപരമായ മുദ്രാവാക്യം കുട്ടി വിളിച്ചുകൊടുത്തത് നാം കേട്ടത്.


നിരവധിയാളുകൾ അത് ഏറ്റുവിളിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ വളരെ ആസൂത്രിതമായിരുന്നു ആ കുട്ടിയുടെ പങ്കാളിത്തവും മുദ്രാവാക്യം വിളികളുമെന്ന് വ്യക്തമാണ്.  സംഭവം വിവാദമാവുകയും നിയമ നടപടികളിലേക്ക് നീളുകയും ചെയ്തപ്പോൾ സംഘടന നിശ്ചയിച്ച മുദ്രാവാക്യമല്ല കുട്ടി വിളിച്ചു കൊടുത്തതും മറ്റുള്ളവർ ഏറ്റുവിളിച്ചതുമെന്നാണ് വിശദീകരണമുണ്ടായത്. അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നില്ല. കാരണം ഒന്നോ രണ്ടോ വരികളല്ല, വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന കുറെയധികം വരികളാണ് ആ കുട്ടി വിളിച്ചുകൊടുക്കുന്നത്. അതിലുപയോഗിച്ച പല വാക്കുകളുടെയും അർത്ഥം പോലുമറിയാത്ത പത്തിൽ താഴെയാണ് അവന്റെ പ്രായമെന്നാണ് മനസ്സിലാക്കാവുന്നത്. അതുകൊണ്ടു തന്നെ മുദ്രാവാക്യം തയാറാക്കി നൽകിയും കാണാപ്പാഠം പഠിപ്പിച്ചുമാണ് കുട്ടിയെ പ്രകടനത്തിനെത്തിച്ചതെന്ന് ഉറപ്പാണ്. സ്വന്തം സങ്കേതങ്ങളിൽ ഉപയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയാണ് അതെന്നാണ് മറ്റുള്ളവർ അതേറ്റു വിളിക്കുന്നതിൽ നിന്നും വ്യക്തമാവുന്നത്. ദുർഗാവാഹിനി യാത്രയിലെ വടിവാൾ വീശി പ്രകടനമാകട്ടെ, ഡമ്മി അഥവാ പ്രതീകാത്മകം എന്നാണ് ന്യായീകരണം. രണ്ടിലും അപരമത വിദ്വേഷത്തിന്റെ ലാഞ്ചനയത്രയും പ്രകടമാണെന്ന് പറയാതെ വയ്യ.

ഭൂരിപക്ഷ വർഗീയതയ്ക്കുള്ള മറുമരുന്ന് ന്യൂനപക്ഷ വർഗീയതയും വലതു തീവ്രവാദത്തിനുള്ള എതിർപ്പ് അതേ നാണയത്തിലുള്ള തീവ്രവാദവുമാണെന്ന് വിശ്വസിക്കുന്ന എല്ലാ സംഘടനകളും ഒരേ രീതിയാണ് സ്വീകരിക്കുന്നതെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ഇടതു ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങൾ ആശയപരമായാണ് അണികളെ സജ്ജരാക്കുന്നത്. സേവന  സന്നദ്ധ പ്രവർത്തനങ്ങളും സഹജീവി സ്‌നേഹവുമായാണ് ജനങ്ങളെ ആകർഷിക്കുന്നത്. എന്നാൽ ആർ.എസ്.സെിന്റേയും എസ്.ഡി.പി.ഐയുടേയും നേതാക്കളും അണികളും വെറുപ്പ് സൃഷ്ടിച്ചും പ്രതിരോധമെന്ന പേരിൽ സായുധമായ തരത്തിലുള്ള
ചെറുത്തുനിൽക്കാനുള്ള പരിശീലനം നൽകിയും കുറ്റകൃത്യങ്ങളെ ന്യായീകരിച്ചുമാണ് അണികളെ ആകർഷിക്കുന്നത്. സമ്പത്തും മറ്റ് പ്രലോഭനങ്ങളും നൽകി ആകർഷിക്കുന്ന രീതിയും ഇവർ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് പല അരാജക  വിധ്വംസക പ്രവർത്തനങ്ങളുടെയും കണ്ണികൾ ഇത്തരം സംഘടനകളിലെ ചില പ്രവർത്തകരിലേയ്‌ക്കെങ്കിലും നീണ്ടെത്തുന്നത്. കള്ളക്കടത്ത്, കള്ളനോട്ടടി, മാഫിയാ പ്രവർത്തനം തുടങ്ങിയ കുറ്റകൃത്യങ്ങളിലും അവരുടെ സാന്നിധ്യമുണ്ടാകുന്നുണ്ട്.


കേരളം പോലൊരു സംസ്ഥാനത്ത് ഭൂരിപക്ഷ,  ന്യൂനപക്ഷ വർഗീയതയെ നമുക്ക് തടുത്തുനിർത്താനാകുന്നത് പ്രബുദ്ധവും മതേതരവും സാംസ്‌കാരികവുമായി ഉന്നതമായൊരു സമൂഹമാണ് എന്നതുകൊണ്ടാണ്. പല മതങ്ങളുടെ പേരിലാണെങ്കിലും പ്രവർത്തനത്തിലും നിലപാടുകളിലും പരിപാടികളിലും ഒരേരീതി പിന്തുടരുന്നവർ യഥാർത്ഥത്തിൽ ആ മതങ്ങളുടെ ആശയങ്ങളെയല്ല ശക്തിപ്പെടുത്തുന്നത്. പകരം അവരവരുടെ ആമാശയത്തിന്റെ നിലനിൽപിനായി വിദ്വേഷം വിതറുകയും പരസ്പരം ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സ്വയം ന്യായീകരിക്കുവാൻ മറ്റുള്ളവർ ചെയ്തതിനെ ഉദാഹരിക്കുമ്പോൾ ആ പരസ്പര സഹായ സഹകരണമാണ് പ്രകടമാകുന്നത്. ഫലത്തിൽ അത് എതിരാളികളുടെ രീതികളെയും അംഗീകരിക്കുന്നതിന് തുല്യമാകുന്നു. പോപ്പുലർ ഫ്രണ്ടായാലും ആർഎസ്എസായാലും മറ്റു മതങ്ങളിലെ പ്രതിലോമ  തീവ്രവാദ സംഘടനകളായാലും സമൂഹത്തിനുണ്ടാക്കുന്ന പരിക്കുകൾക്ക് വ്യത്യാസമില്ല. കുറ്റവാളികളെയും വെറുപ്പും ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായാണ് അവ പ്രവർത്തിക്കുന്നത്.


ഈ കേസുണ്ടായ അതേ ദിവസമാണ് വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ വിവാദ നായകനായ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതെന്നത് യാദൃഛികമാവാം. 70 വയസ്സു കഴിഞ്ഞതിനാൽ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയുണ്ടായി. പി.സി. ജോർജിന്റെ വിദ്വേഷ വാക്കുകൾ എപ്പോഴെല്ലാം നാം കേട്ടിട്ടുണ്ടോ അപ്പോഴെല്ലാം അത് ആശയപരമായ നിലപാടിന്റെയല്ല സ്ഥാനമാനങ്ങൾക്കായുള്ള നിലനിൽപിന്റെ പ്രശ്‌നമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ആലപ്പുഴയിൽ പത്തു വയസ്സിൽ താഴെയുള്ള കുട്ടിയെ മുൻനിർത്തിയാണ് വെറുപ്പ് പടർത്തുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയതെങ്കിൽ ആർ.എസ്.എസിന്റെ പല നേതാക്കളിലൂടെയും നാം അത് കേട്ടിട്ടുണ്ട്, കേൾക്കുന്നുമുണ്ട്. വിഷം വമിപ്പിക്കുന്ന അത്തരം വാക്കുകളും മുദ്രാവാക്യങ്ങളും പ്രായഭേദമെന്യേ ആരിൽ നിന്നുണ്ടായാലും കടുത്ത നടപടികളുണ്ടാകണം. പ്രബുദ്ധ കേരളത്തിന്റെ മണ്ണിൽ വെറുപ്പിന്റെ രാഷ്ട്രീയം ഉൽപാദിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം. സർക്കാർ മാത്രം വിചാരിച്ചാൽ നടക്കാത്ത ഇക്കാര്യത്തിൽ മതേതര മനസ്സുള്ള എല്ലാവരുടെയും കരുത്തുറ്റ കൂട്ടായ്മയാണ് അനിവാര്യം. നിസ്സംഗത വെടിഞ്ഞാൽ വർഗീയ ശക്തികളെ തുരത്തിയോടിക്കാൻ കേരളത്തിന് സാധിക്കും.  

 

Latest News