വിജയ് ബാബുവിന് എല്ലാ സഹായവും  ചെയ്തു  കൊടുത്ത നടനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി- നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന് സഹായം ചെയ്തു കൊടുത്ത നടനെ ഉടന്‍ ചോദ്യം ചെയ്യും. സംഭവദിവസം വിജയ്ബാബുവിനെയും പരാതിക്കാരിയെയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരുമിച്ചു കണ്ട മുന്‍നിര ഗായകന്റേയും മൊഴി പോലീസ് രേഖപ്പെടുത്തും.കേസുമായി ബന്ധപ്പെട്ട് 30 പേരുടെ സാക്ഷിമൊഴികളാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പ്രതി പുതുമുഖ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന സാക്ഷിമൊഴികളാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്.
ദുബായില്‍ ഒളിവിലായിരുന്നപ്പോള്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയത് നടനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമാലൊക്കേഷനില്‍ വിജയ് ബാബുവിന്റെ അടുത്ത ബന്ധു എത്തിച്ച കാര്‍ഡുകള്‍, നടന്‍ നെടുമ്പാശ്ശേരി വഴി ദുബായില്‍ നേരിട്ടെത്തിയാണ് കൈമാറിയത്.ഒളിവിലായിരുന്ന വിജയ്ബാബുവിനെ മറ്റു ചിലരും സഹായിച്ചു. ഇവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. വിജയ് ബാബുവിന്റെ രണ്ട് ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോണ്‍വിളികളും നടിയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളും അന്വേഷണസംഘം പരിശോധിക്കും.
 

Latest News