മാസ്‌ക് ധരിക്കാത്തവരെ വിമാനത്തില്‍നിന്ന് ഇറക്കി വിടണമെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി- കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വിമാന യാത്രക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. വിമാനത്തിന് ഉള്ളിലും വിമാനത്താവളങ്ങളിലും മാസ്‌കുകള്‍ ധരിക്കാതെയും കോവിഡ് നിയമങ്ങള്‍ പാലിക്കാതെയും ഇരിക്കുന്ന യാത്രക്കാരെ വിമാനയാത്രയില്‍ നിന്ന് വിലക്കുകയും വിമാനത്തില്‍നിന്ന് ഇറക്കി വിടുകയും ഉയര്‍ന്ന പിഴ ഈടാക്കുകയും ഉള്‍പടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ദല്‍ഹി ഹൈക്കോടതി അഡീഷണല്‍ ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി വ്യക്തമാക്കി. കോവിഡ് കേസുകള്‍ നേരിയ തോതില്‍ കുറയുമ്പോള്‍ കോവിഡ് നിയമങ്ങള്‍ പാലിക്കുന്നതിലെ ഗൗരവവും കുറയുന്നു. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്നാരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.

കോവിഡ് രോഗവ്യാപനം ഒഴിവാക്കുന്നതിനാണ് മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്ന സമയങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ നില്‍ക്കുമ്പോള്‍ മാസ്‌ക് ധരിക്കണം. വിമാന യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്ന നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഇത് നടപ്പാക്കുന്നതിന് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് വിമാനക്കമ്പനികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം.

എയര്‍പോര്‍ട്ട് സ്റ്റാഫുകള്‍, എയര്‍ ഹോസ്റ്റസുമാര്‍, പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ അംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പടെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുകയും യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. രോഗവ്യാപന സമയത്ത് ആഭ്യന്തര വിമാനത്തില്‍ യാത്ര ചെയ്ത ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ രജിസ്റ്റര്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

 

Latest News